Attack | 'ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യംവെച്ച് ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ഡ്രോണ്‍ ആക്രമണം'; ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷിതന്‍, ആര്‍ക്കും ആളപായമില്ലെന്ന് സൈന്യം


● സംഭവസമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല
● ലെബനനില്‍ നിന്ന് സിസേറിയ ലക്ഷ്യമിട്ട് എത്തിയത് മൂന്ന് മിസൈലുകള്‍
● രണ്ട് ഡ്രോണുകള്‍ വ്യോമ പ്രതിരോധം തകര്‍ത്ത് തെല്‍അവീവ് ഭാഗത്ത് വീണ് സ്‌ഫോടനമുണ്ടായി
ടെല്‍ അവീവ്: (KVARTHA) ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനില്‍ നിന്നും വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇസ്രാഈലിലെ വടക്കന്‍ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെയായിരുന്നു ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ രാജ്യത്തേക്ക് കടന്നതായി ഇസ്രാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. സംഭവസമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഇവര്‍ സുരക്ഷിതരാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
Hezbollah's drone teases Israeli helicopter pic.twitter.com/HkGlzmGoIQ
— Iran Military (@IRIran_Military) October 19, 2024
ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ഡ്രോണ്‍ ആക്രമണം. ലെബനനില്‍ നിന്ന് മൂന്ന് മിസൈലുകള്‍ സിസേറിയ ലക്ഷ്യമിട്ട് എത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലെബനനില്‍ നിന്ന് വിക്ഷേപിച്ച മറ്റു രണ്ട് ഡ്രോണുകള്‍ വ്യോമ പ്രതിരോധം തകര്‍ത്ത് തെല്‍അവീവ് ഭാഗത്ത് വീണ് സ്‌ഫോടനമുണ്ടായി.
പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി സഊദി മാധ്യമം അല്‍ ഹദത്ത് റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിസേറിയയിലെ കെട്ടിടത്തിലാണ് ഡ്രോണ്‍ പറന്നിടിച്ചതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലും ഗ്ലിലോട്ടിലേയും വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി.
സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസേറിയ പട്ടണത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തില്‍ ആര്‍ക്കും പരുക്കുകളില്ല. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു.
ഹമാസിന്റെ തലവന്‍ യഹിയ സിന്‍വാറെ ഇസ്രാഈല്‍ വധിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഗാസയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈനിക നടപടിക്കിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിന്‍വാര്‍.
ബയ്‌റുത്തിന്റെ തെക്കുഭാഗത്ത് ഹിസ്ബുല്ല കേന്ദ്രത്തിലും തെക്കന്‍ ലെബനനിലെ നബതിയേഹിലുമാണ് ഇസ്രാഈല്‍ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ നബതിയേഹില്‍ മേയറുള്‍പ്പെടെ ആറുപേര്‍ മരിക്കുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രാഈല്‍-ഹിസ്ബുല്ല ഏറ്റുമുട്ടലില്‍ 1356 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
#Israel #DroneAttack #Netanyahu #Hezbollah #Lebanon #MiddleEast