Controversy | ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: ആരോപണങ്ങളുടെ കരിനിഴലില്‍ സര്‍ക്കാരിന്റെ ഭാഗമായവരും; പൂച്ചയ്ക്കാര് മണികെട്ടുമെന്ന ചോദ്യം ഉയരുന്നു
ഏദൻ ജോൺ
കണ്ണൂര്‍: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചൂടേറിയ ചര്‍ച്ചയാവുമ്പോള്‍ വില്ലന്‍മാര്‍ സര്‍ക്കാരിനുളളിലോയെന്ന ചോദ്യമുയരുന്നു. മന്ത്രിയാകും മുന്‍പെ അതീവഗുരുതരമായ ആരോപണം നേരിട്ട ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കവെ സര്‍ക്കാര്‍ ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം പൂഴ്ത്തിവെച്ചതില്‍ അതിശയമില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. ചലച്ചിത്ര നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ അടിച്ചു മാറ്റിയെന്ന ആരോപണം നേരിട്ടയാളാണ് നടന്‍ കൂടിയായ കെ ബി ഗണേഷ് കുമാര്‍.
അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചന്‍ ഗണേഷിന്റെ പരസ്ത്രീബന്ധത്തെ കുറിച്ചു ഉന്നയിച്ച ആരോപണങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗണേഷിനെതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിച്ചിരുന്നത് പിതാവ് ആര്‍ ബാലകൃഷ്ണപിളളയുടെ കരുത്തിലാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ പ്രതിയെ കൊണ്ടു വ്യാജലൈംഗീകപീഡനക്കേസ് കൊടുപ്പിച്ചതിനു പിന്നില്‍ അണിയറ നീക്കം നടത്തിയെന്നു ആരോപണ വിധേയനായ രാഷ്ട്രീയ നേതാവാണ് കെ ബി ഗണേഷ് കുമാര്‍.
എണ്ണമറ്റ ആരോപണങ്ങളുടെ പുകമറയില്‍ നില്‍ക്കുന്ന അതേ ഗണേഷ് കുമാറിനെ തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം നല്‍കി ഉയര്‍ത്തിയത്. കൊല്ലം എംഎല്‍എയായ മുകേഷാണ് ചലച്ചിത്ര നടനെന്ന നിലയില്‍ ഹേമാകമ്മിറ്റിയില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മറ്റൊരാള്‍. ഇതുകൂടാതെ മറ്റു സൂപ്പര്‍സ്റ്റാറുകളും മുന്‍നിരതാരങ്ങളും സര്‍ക്കാരുമായി അടുപ്പത്തിലാണ്. സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളുടെയും പാര്‍ട്ടി പത്രവും ചാനലുകളും നടത്തുന്ന പല സംരഭങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
അതുകൊണ്ടു തന്നെ ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടുത്തോളം ഏറെ ദുഷ്‌കരമായേക്കും. മലയാള സിനിമയില്‍ നടമാടുന്ന മൂല്യച്യുതികള്‍ക്കെതിരെ ആരു നടപടിയെടുക്കുമെന്ന ചോദ്യം പൂച്ചയ്ക്കാര് മണികെട്ടുമെന്ന ചൊല്ലുപോലെയായി മാറിയിരിക്കുകയാണ്.