Death Report | ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കൈ തകര്‍ന്ന നിലയില്‍; മറ്റ് വിവരങ്ങള്‍ ഇങ്ങനെ!


● മൃതദേഹം കാണപ്പെട്ടത് ചെറു മിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ചു പരുക്കേറ്റ നിലയില്‍
● ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണത്തിലെ ചീളുകള്‍ തറച്ച നിലയില്‍
ജറുസലം: (KVARTHA) റാഫയില്‍ നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രാഈല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫൊറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്‍ കുഗേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചെറു മിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹ്യയുടെ മൃതദേഹം. കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടെയിലായിരുന്നു തലയ്ക്ക് വെടിയേറ്റത് എന്നാണ് അനുമാനം. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണത്തിലെ ചീളുകള്‍ തറച്ച നിലയിലായിരുന്നു. മിസൈല്‍ ആക്രമണത്തില്‍ വലതു കൈത്തണ്ടയില്‍ പരുക്കേറ്റിരുന്നു. ഇടതു കാലില്‍ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു.
പരുക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെന്‍ കുഗേല്‍ വ്യക്തമാക്കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചത്. മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച വിരലില്‍ നിന്നാണ് സിന്‍വറിന്റെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയതെന്നും നേരത്തെ സിന്‍വര്‍ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയാണെന്ന് ഉറപ്പിച്ചതെന്നും ചെന്‍ കുഗേല്‍ പറഞ്ഞു.
സിന്‍വറിന്റെ വധം ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
#Hamas #YahyaSinwar #IsraelAttack #GazaWar #PostmortemReport #MiddleEastConflict