Visit | അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സമാപന സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മലേഷ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്
● നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അദ്ദേഹം മലേഷ്യയില്‍ എത്തിയത്.
● പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ഉദ് ഘാടനം ചെയ്യുന്ന സംഗമത്തില്‍ മലേഷ്യന്‍ സര്‍ക്കാരിലെ ഉന്നതരും സ്വദേശി-വിദേശി പണ്ഡിതരും മതവിദ്യാര്‍ഥികളും സംബന്ധിക്കും.
● സമാപന ചടങ്ങില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രഭാഷണവും ഇജാസത്ത് കൈമാറ്റവും നടക്കും.
ക്വാലാലംപൂര്‍: (KVARTHA) അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സമാപന സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്.
നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അദ്ദേഹം മലേഷ്യയില്‍ എത്തിയത്. മലേഷ്യന്‍ പ്രധാനമന്ത്രി ഓഫീസിലെ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അജീബ് ബിന്‍ ഇസ്മാഈലിന്റെയും ഡോ. ബശീര്‍ മുഹമ്മദ് അസ്ഹരിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘമാണ് ഗ്രാന്‍ഡ് മുഫ്തിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.
മതകാര്യ വകുപ്പിന്റെ കീഴില്‍ ഈ മാസം പത്തുമുതല്‍ പുത്രജയയിലെ മസ്ജിദ് പുത്രയില്‍ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സദസിന്റെ സമാപന സംഗമത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായാണ് ഗ്രാന്‍ഡ് മുഫ്തി മലേഷ്യയില്‍ എത്തിയത്. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം ഉദ് ഘാടനം ചെയ്യുന്ന സംഗമത്തില്‍ മലേഷ്യന്‍ സര്‍ക്കാരിലെ ഉന്നതരും സ്വദേശി-വിദേശി പണ്ഡിതരും മതവിദ്യാര്‍ഥികളും സംബന്ധിക്കും.
പരിശുദ്ധ ഖുര്‍ആന് ശേഷം ഏറ്റവും പ്രബല ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലൂടെ ഇസ്ലാമിക പൈതൃകവും പാരമ്പര്യവും വളര്‍ത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യ മദനി നയത്തിന് കീഴില്‍ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് കീഴിലുള്ള മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നത്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുത്ര മസ്ജിദില്‍ വാര്‍ഷിക ബുഖാരി സംഗമങ്ങള്‍ ആരംഭിച്ചത്. മതപണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅല്‍ ഹിജ്റ പുരസ്‌കാരം നേടിയതിന് പിറകെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയാണ് പ്രസ്തുത സംഗമത്തിന് തുടക്കമിട്ടത്.
സ്വഹീഹുല്‍ ബുഖാരി പൂര്‍ണമായും പാരായണം ചെയ്യുന്ന 12 ദിവസം നീണ്ടു നില്‍ക്കുന്ന സദസില്‍ തിരഞ്ഞെടുക്കപ്പെട്ട 750 പേരാണ് ശ്രോതാക്കള്‍. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താറിന്റെ മേല്‍നോട്ടത്തിലാണ് ദര്‍സ് നടക്കുന്നത്. സമാപന ചടങ്ങില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സിന് പുറമെ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രഭാഷണവും ഇജാസത്ത് കൈമാറ്റവും നടക്കും.
കൂടാതെ സ്വഹീഹുല്‍ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചര്‍ചകളും ആസ്പദമാക്കി വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ച് 20 വാല്യങ്ങളിലായി തയാറാക്കിയ കാന്തപുരം ഉസ്താദിന്റെ 'തദ്കീറുല്‍ ഖാരി' വ്യാഖ്യാന കൃതിയുടെ ആദ്യഘട്ട പ്രകാശനവും പദ്ധതി പ്രഖ്യാപനവും വേദിയില്‍ നടക്കും. 23 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ വിവിധ സാംസ്‌കാരിക-വൈജ്ഞാനിക പരിപാടികളിലും ഗ്രാന്‍ഡ് മുഫ്തി സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
#GrandMufti #MalaysiaVisit #IslamicHeritage #SahiBukhari #CulturalDiplomacy #TadhkirulQari