Damages | കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന നിര്‍മിതികള്‍ മഴയില്‍ തകര്‍ന്നടിയുന്നു; ജനത്തിന്റെ പണത്തിനും സുരക്ഷയ്ക്കും ആര് സമാധാനം പറയും?


ദക്ഷാ മനു
(KVARTHA) ഒന്നും രണ്ടും മോദി സര്‍ക്കാരുകളുടെ കാലത്തെ സ്വപ്‌ന നിര്‍മിതികള്‍ കാലവര്‍ഷത്തില്‍ തകര്‍ന്നു വീഴുന്നത് രാജ്യം ആശങ്കയോടെയാണ് കാണുന്നത്. ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് ആധുനിക ഇന്ത്യ കെട്ടിപ്പൊക്കിയത്. അവരുടെ കാലത്ത് പോലും ഇത്രയും ഭീതിജനകമായ അവസ്ഥ ഉണ്ടായിട്ടില്ല. അഴിമതിയും കമ്മീഷന്‍ വാങ്ങലും അന്നും നടന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യവും മറച്ചുവയ്ക്കുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയാണ് ആദ്യം തകര്‍ന്നത്. പിന്നാലെ ജബല്‍പൂരിലേയും ഗുജറാത്തിലെ രാജ്‌കോട് വിമാനത്താവളത്തിലെയും മേല്‍ക്കൂരകളും തവിടുപൊടിയായി.
ഡല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം ഒരൊറ്റ മഴയില്‍ വെളളത്തിനടിയിലാകുന്നു. രാവിലെ എണീറ്റപ്പോള്‍ ഡല്‍ഹിയിലെ വീട്ടില്‍ വെള്ളംകയറിയത് കണ്ട ശശി തരൂര്‍ എം.പി പാര്‍ലമെന്റിലേക്ക് പോകാന്‍ ബോട്ട് ആവശ്യപ്പെട്ടു. ഏതായാലും പത്ത് മണിക്ക് മുമ്പ് നഗരസഭാ അധികൃതര്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചത് കൊണ്ട് രക്ഷപെട്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മോദിയുടെ കാലത്തെ നഗരാസൂത്രണം എങ്ങനെയാണെന്ന് വിവരിക്കാന്‍ ഇതില്‍ കൂടുതലെന്ത് വേണമെന്നാണ് ചോദ്യം. ഖരമാലിന്യ സംസ്‌ക്കരണം, ജലവിതരണം എന്നിവയിലെല്ലാം കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വലിയ പരാജയമാണെന്നാണ് വിമർശനം. ഡല്‍ഹി ജനത കുടിവെള്ളക്ഷാമം നേരിട്ടതോടെ മന്ത്രി അതിഷിക്ക് നിരാഹാരം കിടക്കേണ്ടിവന്നു.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊട്ടിഘോഷിച്ച് മോദി ഉദ്ഘാടനം ചെയ്ത, രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍സേതുവിലേക്കുള്ള റോഡില്‍ കഴിഞ്ഞയാഴ്ച വിള്ളലുണ്ടായി. ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസമേ ആയുള്ളൂ എന്നോര്‍ക്കണം. അത്രയും പോലും പിന്നിട്ടിട്ടില്ലാത്ത അയോധ്യയിലെ രാമപാതയുടെ നടുവില്‍ വലിയ ഗര്‍ത്തമുണ്ടായി. ബിഹാറില്‍ 12 ദിവസത്തിനിടെ അഞ്ച് 'പഞ്ചവടി പാല'ങ്ങളാണുണ്ടായത്. അതിലൊന്ന് കാലപ്പഴക്കമുള്ളതും ബാക്കിയുള്ളവ ഉദ്ഘാടനം ചെയ്തതോ, നിര്‍മാണത്തിലിരിക്കുന്നതോ ആയിരുന്നു. അറാറിയ ജില്ലയില്‍ 12 കോടിയിലധികം മുടക്കി നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നുവീണു. ഝാര്‍ഖണ്ഡിലെ ഗിരിധിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. അതിന് പിന്നാലെ മണിപ്പൂരില്‍ പാലം തകര്‍ന്ന വാര്‍ത്തയും പുറത്തുവന്നു.
ഇതെല്ലാം നിര്‍മാണത്തിലെ കെടുകാര്യസ്ഥത, നിലവാരം എന്നിവ മാത്രമല്ല ഉയര്‍ത്തുന്നത്. പൊതുഖജനാവിലെ പണംമുടക്കിയും വായ്പയെടുത്തും അടിസ്ഥാനസൗകര്യ വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇപ്പോഴും നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പലതും പൂര്‍ത്തിയായി. ഇതില്‍ പലതും തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്ന ആക്ഷേപം ഉണ്ടാകുന്നു. നിര്‍മാണങ്ങള്‍ക്ക് കമ്മീഷനും കോഴയും വാങ്ങുന്നതിലൂടെ അതിന്റെയൊക്കെ നിലവാരം മോശമാകുന്നു.
അധികാരത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന്റെ ആണിക്കല്ലെന്നാണ് ആരോപണം. വീഴ്ചകളുണ്ടായാലും ഭരണത്തിലിരിക്കുന്നവര്‍ കണ്ണടയ്ക്കുന്നു. പല പാലങ്ങളും മറ്റ് നിര്‍മിതികളും ഉദ്ഘാടനം ചെയ്ത് ആറുമാസം പൂര്‍ത്തിയാകും മുമ്പാണ് തകര്‍ന്നടിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ധാരാളം പാലങ്ങളും റോഡുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ തിരിച്ചടിയാണ് മണ്‍സൂണില്‍ കണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്.
എല്‍ ആന്‍ഡ് ടി, ടാറ്റാ ഗ്രൂപ്പ്, ഗുജറാത്ത് എച്ച് സി പി കമ്പനി എന്നിവ സംയുക്തമായി നിര്‍മിച്ച 20,000 കോടിയിലധികം മൂല്യമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി തകര്‍ച്ച, വെള്ളക്കെട്ട് എന്നീ ആക്ഷേപങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പാലങ്ങള്‍, കെട്ടിടങ്ങള്‍, മേല്‍ക്കുരകള്‍ എന്നിവ പൂര്‍ത്തിയായാല്‍ വിദഗ്ധരെ കൊണ്ട് സുരക്ഷാ പരിശോധന നടത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇവരുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനം നടത്താവൂ എന്നാണ് വ്യവസ്ഥ. സിമന്റ്, മണല്‍, ടാര്‍, ജല്ലി തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മിതികള്‍ പൂര്‍ത്തിയാക്കി നിശ്ചിത കാലയളവിന് ശേഷമേ ഉപയോഗിക്കാവൂ എന്ന സ്ഥിതിയുണ്ട്. ഉദ്ഘാടന മാമാങ്കത്തിനിടെ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
വിദേശങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് മേല്‍നോട്ടം വഹിക്കുന്ന എന്‍ജിനിയര്‍മാര്‍ക്കായി കൗണ്‍സിലുകള്‍ പോലുള്ള നിയന്ത്രണ സമിതികളുണ്ട്. ലൈസന്‍സുള്ള എന്‍ജിനിയര്‍മാര്‍ അത് നിലനിര്‍ത്തുന്നതിന് കാലത്തിനനുസരിച്ചുള്ള പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കണം. അല്ലാത്തവരുടെ നിര്‍മിതികള്‍ക്ക് പല രാജ്യങ്ങളും അനുമതി കൊടുക്കാറില്ല. അദാനിയും അംബാനിയും പോലുള്ളവര്‍ക്ക് വഴിവിട്ട് പല കരാറുകളും നല്‍കുന്നെന്ന ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ട്. ധാരാവി പുനരധിവാസ പദ്ധതി അദാനിക്ക് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
അടിസ്ഥാന സൗകര്യവികസനം പോലെ പ്രധാനമാണ് കാര്‍ഷിക മേഖല. ഈ മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാര്യമായതൊന്നും ബിജെപി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. വിള സംഭരണം ഓണ്‍ലൈന്‍ വഴിയാക്കിയത് കര്‍ഷകരെ വലയ്ക്കുകയാണ്. നിശ്ചിത സമയത്ത് മാത്രമേ ഓണ്‍ലൈന്‍ സംഭരണം ഉണ്ടാകൂ. ഈ സമയത്ത് ഇന്റര്‍നെറ്റ് സൗകര്യത്തിലെ അപര്യാപ്തതയും വൈദ്യുതി തടസവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വിളകള്‍ യഥാസമയം സര്‍ക്കാര്‍ സംഭരിക്കാത്തതിനാല്‍ അവ സംരക്ഷിക്കുന്നതിന് ദിവസവും നല്ലൊരു തുക കര്‍ഷകര്‍ക്ക് ചെലവഴിക്കേണ്ടിവരുന്നു. ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത കര്‍ഷകരാണുള്ളത്. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണ് മോദി സര്‍ക്കാരെന്നാണ് വിമർശനം. പകരം ലാഭമുണ്ടാക്കാവുന്ന നിര്‍മിതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ രാജ്യത്ത് 80 വിമാനത്താവളങ്ങള്‍ നിര്‍മിച്ചത് അതുകൊണ്ടാണ്. ഈ പത്ത് കൊല്ലത്തിനിടെ വിലക്കയറ്റവും തൊഴിലില്ലായ്മയും വാനോളമെത്തി.