Controversy | സ്വർണക്കടത്തും 'ഫത്‌വയും'; ജലീലിന്റെ പരാമർശത്തിൽ ചർച്ച കൊഴുത്തു; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ പ്രതികരണം


● സ്വർണക്കടത്തിനെതിരെ മതനേതാക്കൾ ഫത്‌വ പുറപ്പെടുവിക്കണമെന്ന് ആവശ്യം.
● സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായി.
● പലരും അദ്ദേഹത്തെ വിമർശിച്ചപ്പോൾ മറ്റുചിലർ പിന്തുണച്ചു.
മലപ്പുറം: (KVARTHA) സ്വർണക്കടത്ത്, മതം, സമൂഹം എന്നീ വിഷയങ്ങളിൽ വളരെ തുറന്ന പ്രസ്താവനകൾ നടത്തി കെ ടി ജലീൽ എംഎൽഎ ഫേസ്ബുക് പേജിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചു. പലരും അദ്ദേഹത്തെ വിമർശിച്ചപ്പോൾ മറ്റുചിലർ പിന്തുണച്ചും രംഗത്തെത്തി. സ്വർണക്കടത്ത് പോലുള്ള അനധികൃത പ്രവർത്തികൾ ഏത് സമുദായത്തിൽ നിന്നുള്ളവർ ചെയ്താലും അതിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ടത് അതത് സമുദായമായണെന്നാണ് ജലീൽ തന്റെ പോസ്റ്റിൽ പറയുന്നത്.
കരിപ്പൂർ എയർപോർട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണെന്നും അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ 'മലപ്പുറം പ്രേമികൾ' ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കടത്തിനെതിരെ പാണക്കാട് സ്വദിഖലി ശിഖാബ് തങ്ങൾ മതവിധി (ഫത്‌വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഇതിന് ശേഷമാണ് നിലപാട് ആവർത്തിച്ച് ജലീൽ രംഗത്തെത്തിയത്. സ്വർണക്കടത്ത് ഒരു മതപരമായ പ്രശ്നമല്ലെന്നും ഇത് ഒരു സാമൂഹിക പ്രശ്നമാണെന്നും ജലീൽ വാദിക്കുന്നു. മതനേതാക്കൾ സ്വർണക്കടത്തിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന് പറഞ്ഞാൽ അതിനെ 'ഇസ്ലാമോഫോബിയ' ആയി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു.
ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുർആൻ്റെ മറവിൽ സ്വർണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാൻ മാധ്യമപ്പടയും മുസ്ലിംലീഗും, കോൺഗ്രസും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ 'വേട്ട' നടന്നപ്പോൾ ഈ നവസമുദായ സ്നേഹികൾ ഏത് മാളത്തിലാണ് ഒളിച്ചിരുന്നതെന്നും അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയമെന്നും ജലീൽ ചോദിക്കുന്നു.
ജലീലിന്റെ പോസ്റ്റിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 'കെ ടി ജലീലിന്റെ പ്രസ്താവനക്ക് പിന്തുണ ഏറുന്നു. ഇന്നലെ കെ എസ് രാധാകൃഷ്ണൻ പിന്തുണച്ചു. ഇന്ന് ആർ വി ബാബുവും. കൂടുതൽ പിന്തുണകൾ തുടർന്ന് വരും. സ്വർണക്കടത്ത് ഒരു നികുതി വെട്ടിപ്പ് മാത്രമാണ്. കോഴിക്കോട് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സ്വർണകള്ളക്കടത്തിൽ കാക്കമാർക്ക് മുന്തൂക്കമുണ്ട് എന്നത് വസ്തുതയാണ്. എയർപോർട്ട് സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിൽ മുസ്ലിംകളാണ് ഭൂരിപക്ഷം. തിരുവനന്തപുരം എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സ്വർണകടത്തിന് സ്വപ്നയും ശിവശങ്കറും എല്ലാം അറസ്റ്റിലായി. അവർ മുസ്ലിംകളാണോ? അവരെ ഹിന്ദുസംഘടനകൾ മതത്തിൽ നിന്ന് പുറത്താക്കിയോ', എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു.
'സ്വർണക്കടത്തിൽ നിന്ന് ഈ രീതിയിൽ പണം സമ്പാദിക്കുന്ന കസ്റ്റംസിലും പൊലീസിലും അഞ്ചു ശതമാനത്തിൽ കൂടുതൽ മുസ്ലിംകളുണ്ടാവില്ല. ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനവും ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്. അവരെ മതത്തിൽ നിന്ന് പുറത്താക്കണ്ടേ? അവർക്കെതിരെ ഹിന്ദു/ക്രിസ്ത്യൻ ഫത്വ പുറപ്പെടുവിക്കണ്ടേ? സ്വർണക്കടത്തുക്കാരുടെ സ്വർണം പോലീസും കസ്റ്റംസും വീതിച്ചു എടുക്കുന്നതിൽ പ്രശ്നമില്ല എന്നാണെങ്കിൽ മദ്യത്തിന്റെ നികുതി വെട്ടിക്കുന്ന അബ്‌കാരികളുടെ വീട്ടിൽ മോഷണം നടന്നാൽ അതിനെയും നിങ്ങൾ പിന്തുണക്കുമോ', എന്നായിരുന്നു മറ്റൊരു പ്രതികരണം.
'സ്വർണം കടത്തുന്നത് നികുതി വെട്ടിപ്പ് ആണ്. കിട്ടുന്നത് ഇരുപതിനായിരം രൂപയും ടിക്കറ്റും. എന്നാൽ കൊണ്ട് വന്ന സ്വർണം മോഷ്ടിക്കുന്നതും നിരപരാധികളായ അനേകം പേരെ കള്ളക്കേസിൽ കുടുക്കുന്നതും അടിച്ച് കൊല്ലുന്നതും കൂട്ട ബലാൽസംഗം ചെയ്യുന്നതും നീ അടിമപ്പണി എടുക്കുന്ന അഭ്യന്തര വകുപ്പും ശശിയും ആണ്', മറ്റൊരു ഉപയോക്താവ് കുറിച്ചു.
'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് പറഞ്ഞതുപോലെ ആഭ്യന്തരവകുപ്പും സർക്കാരും ഇടപെടേണ്ടിടത്ത് മതത്തിനെന്തു കാര്യം. എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടുമോ. കള്ളുകുടി പോലെ കളവും വഞ്ചനയും കള്ളക്കടത്തുമെല്ലാം മതത്തിനെതിരാണ് എന്ന് ആർക്കാണ് അറിയാത്തത്. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് കുതിര കയറുന്നത് എന്തിനാണ് എപ്പോഴും', എന്ന് കമന്റും പോസ്റ്റിൽ കാണാം.
ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
'കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്!
തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടും. മതപരിഷ്കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ.
കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ 'മലപ്പുറം പ്രേമികൾ' ഉദ്ദേശിക്കുന്നത്? സ്വർണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങിനെയാണ് 'ഇസ്ലാമോഫോബിക്ക്' ആവുക? അവനവൻ്റെ കണ്ണിലെ കുന്തം കാണാതെ ആരാൻ്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.
ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാൻ മാധ്യമപ്പടയും മുസ്ലിംലീഗും, കോൺഗ്രസ്സും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ 'വേട്ട' നടന്നപ്പോൾ ഈ നവസമുദായ സ്നേഹികൾ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വർണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്തിനാണിത്ര ഹാലിളക്കം? ഞാൻ പറഞ്ഞത് ലീഗിൻ്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എൻ്റെകൂടി 'ഖാളി'യോടാണ്.
സ്വർണ്ണക്കടത്തുകാർ വഴിയും ഹവാലക്കാർ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം 'ഏതെങ്കിലുമാളുകൾ' നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആർക്കെങ്കിലുമുണ്ടോ? യു.എ.ഇ കോൺസുലേറ്റ് നൽകിയ റംസാൻ കിറ്റുകൾ വിതരണം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടൻ കൽതുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോൺഗ്രസ് നേതാവും എം.പിയുമായ ബന്നിബഹനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ 'തോറ്റ എം.എൽ.എ'യുടെ 'കറകളഞ്ഞ കാപട്യത്തിന്' എന്തൊരു മൊഞ്ചാണ്? എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിൻ്റെ 'ഗുട്ടൻസ്' ബുദ്ധിയുള്ളവർക്ക് തിരിയും! വാദിച്ച് വാദിച്ച് കേസ് തോൽക്കാൻ ആരും മുതിരാതിരുന്നാൽ അവർക്കു നന്നു. 'നിങ്ങൾ ചെയ്യാത്തത് മറ്റുള്ളവരോട് കൽപ്പിക്കരുത്. ദൈവത്തിൻ്റെ അടുക്കൽ കൊടിയ പാപമാണത്' (വിശുദ്ധ ഖുർആൻ).
#KTJaleel #goldsmuggling #fatwa #Kerala #controversy #Islam #socialmedia