Allegation | ജിഎന്‍ സായിബാബയുടെ ജീവിതം കവര്‍ന്നെടുത്തത് ഭരണകൂടഭീകരതയോ?


● പോളിയോ ബാധിച്ച് ഭിന്നശേഷിയുള്ള വ്യക്തിയായിരുന്നു
● മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
● മാവോയിസ്റ്റ് ബന്ധമെന്ന ആരോപണത്തിലാണ് ജയിലിലിടച്ചത്
ആദിത്യൻ ആറന്മുള
(KVARTHA) പോളിയോ കാലുകള്‍ തളര്‍ത്തിയെങ്കിലും ജീവിതത്തിലും പോരാട്ടത്തിലും തളരാത്ത മനുഷ്യസ്‌നേഹിയായിരുന്നു അന്തരിച്ച, ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബ. മരണശേഷം തന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുത്ത് മരണത്തില്‍ പോലും അദ്ദേഹം ഉദാത്ത മാതൃകയായി. അക്കാദമിഷ്യന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ആദിവാസികളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അസാധാരണ പോരാളി അങ്ങനെ പല മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
എന്നാല്‍ സ്വേച്ഛാധിപത്യവും മതതീവ്രവാദവും കൊണ്ട് ദുഷിച്ച ലോകത്ത്, ഭരണകൂടം അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി. സ്ഥാപനവല്‍ക്കരിച്ച നുണ അദ്ദേഹത്തെ രക്തസാക്ഷിയാക്കി. അദ്ദേഹത്തിന്റെ ദാരുണമായ മരണവും അതിന് മുമ്പുള്ള നിയമവിരുദ്ധമായ ജയില്‍ശിക്ഷയും മനുഷ്യസ്‌നേഹികളെ ആകെ സങ്കടപ്പെടുത്തിയിരുന്നു. 90 ശതമാനം ഭിന്നശേഷിയുള്ള ഒരു മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ക്രൂരതയെ ഊട്ടിഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മരണം.
ആന്ധ്രയിലാണ് സായിബാബ ജനിച്ചത്. ഏതൊരു ചെറുകിട കര്‍ഷകനെയും പോലെ, അദ്ദേഹത്തിന്റെ കുടുംബവും ഭൂമി നഷ്ടപ്പെട്ട് ഈസ്റ്റ് ഗോദാവരി ജില്ലയിലെ അമലപുരം എന്ന പട്ടണത്തിലേക്ക് കുടിയേറി. പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയുന്ന ഒരേയൊരു സ്വപ്‌നം കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. അതിന് അവര്‍ ഒരു സ്‌കൂളിനോട് ചേര്‍ന്ന് ഒരു വീട് വാടകയ്ക്കെടുത്തു. അമ്മ സൂര്യവതമ്മ തന്റെ ഭിന്നശേഷിക്കാരനായ കുഞ്ഞു സായിബാബയെ സ്‌കൂളിലേക്ക് കൊണ്ടുപോകും.
മകന് കോളേജില്‍ പോകാനും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടാനും ആ അമ്മ എല്ലാ നല്ല കാര്യങ്ങളും ചെയ്തു. കള്ളക്കേസില്‍ കുടുക്കി മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ടപ്പോള്‍ അവരുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു. കാന്‍സര്‍ ബാധിച്ച് മരിക്കുന്നതിന് മുമ്പ് അവസാനമായി മകനെ കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ നീതിന്യായ വ്യവസ്ഥ നിഷ്‌കരുണമായാണ് അതിനോട് പ്രതികരിച്ചത്. ജയില്‍ മോചിതനായ ശേഷം, അമ്മയെ അവസാനമായി കാണാന്‍ കഴിയാത്തതിനെ കുറിച്ച് വളരെ സങ്കടത്തോടെ പറഞ്ഞിരുന്നു.
'ഭിന്നശേഷിയുള്ള കുട്ടിയായതിനാല്‍ എന്റെ അമ്മ എന്നെ കൈപിടിച്ചാണ് സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത്, അതിലൂടെ തന്റെ കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന് അമ്മ കരുതി. എന്നാല്‍ മരിക്കുന്നതിന് മുമ്പ് അമ്മയെ കാണാന്‍ എന്നെ അനുവദിച്ചില്ല, എനിക്ക് പരോള്‍ നിഷേധിച്ചു. അമ്മയുടെ മരണശേഷം, ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും പരോള്‍ നിഷേധിക്കപ്പെട്ടു', ജയില്‍ മോചിതനായ ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സങ്കടത്തോടെ പറഞ്ഞിരുന്നു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി നോക്കവെ സായിബാബ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ അതൃപ്തിക്ക് ഇടയാക്കി. മാവോയിസ്റ്റ് സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് 2014ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2017-ല്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ( UAPA) പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 2022-ല്‍, ബോംബെ ഹൈക്കോടതി പരസ്യമായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. യുഎപിഎ ചുമത്തി സായിബാബയെ തടവിലാക്കാനുള്ള തെളിവുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അദ്ദേഹത്തെയും മറ്റ് അഞ്ച് പേരെയും വീണ്ടും കുറ്റവിമുക്തരാക്കുന്നതുവരെ ആദ്യത്തെ കുറ്റവിമുക്തമാക്കല്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
സായിബാബയും കുടുംബവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മതിയായ ചികിത്സയോ, പരോളോ അനുവദിക്കണമെന്ന് ജുഡീഷ്യല്‍ അധികാരികളോട് പലപ്പോഴും അപേക്ഷിച്ചു. അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ, 'ഒന്നിന് പുറകെ ഒന്നായി, എന്റെ അവയവങ്ങള്‍ നശിച്ചുതുടങ്ങി. ശക്തമായ നിയമവ്യവസ്ഥ ഉണ്ടായിട്ടും കോടതികളും ജയില്‍ അധികൃതരും സഹകരിച്ചില്ല.
ഭാര്യയോടും മകളോടുമുള്ള കൂടിക്കാഴ്ചകളില്‍ മാതൃഭാഷയായ തെലുങ്ക് ഉപയോഗിക്കുന്നത് പോലും നിഷേധിക്കപ്പെട്ടു. ഭരണകൂടം അത്ര സംശയത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. 'ഇത്തരം കേസുകളില്‍ കുറ്റവിമുക്തനാക്കുമ്പോഴേക്കും കുറ്റാരോപിതന്റെ ജീവിതത്തിലെ നിര്‍ണായക വര്‍ഷങ്ങള്‍ നഷ്ടപ്പെടും. ഒരു പ്രത്യേക സാഹചര്യത്തില്‍, അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുറ്റാരോപിതന്റെ അവകാശങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കാം, അതുകൊണ്ടിത് നഷ്ടപരിഹാരത്തിനായുള്ള അവകാശത്തിന് ഇടവരുത്താം', ഈയിടെ ഒരു വിധിന്യായത്തില്‍, സുപ്രീം കോടതി ഉറപ്പിച്ചു പറഞ്ഞു.
ഒക്ടോബര്‍ 12-നാണ് സായിബാബ മരണപ്പെട്ടത്. വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ട ഒരു മനുഷ്യന് ഭരണകൂടം മതിയായ എന്ത് നഷ്ടപരിഹാരം നല്‍കും? അദ്ദേഹത്തെ കള്ളക്കേസുകള്‍ ചുമത്തി 10 വര്‍ഷം തടവിലാക്കിയ രാഷ്ട്രീയ, നിയമ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങള്‍ക്ക് പറ്റിയ വീഴ്ചകളെ കുറിച്ച് ചിന്തിക്കുമോ? ഇനിയും ഇത്തരം കാര്യങ്ങള്‍ അവര്‍ ആവര്‍ത്തിക്കുമോ?
ജയിലില്‍ കിടന്നിരുന്ന കാലത്ത് സായിബാബ ഉറുദു പഠിച്ചു. ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത തെലുങ്കിലേക്ക് മൊഴിമാറ്റാന്‍ വേണ്ടിയായിരുന്നു അത്. തന്റെ പ്രധാന ഗവേഷണ മേഖലയായ ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ച് അദ്ദേഹം തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് മകള്‍ മഞ്ജീരയ്ക്ക് വിശദമായ കത്തുകള്‍ എഴുതി. ഇംഗ്ലീഷില്‍ അദ്ദേഹം എഴുതിയ നിരവധി കവിതകള്‍ തമസിയാതെ പ്രസിദ്ധീകരിക്കും.
ഫൈസ് അഹമ്മദ് ഫൈസ് എന്ന കവി അടിച്ചമര്‍ത്തലും അക്രമവും നേരിട്ടിരുന്നു, സായിബാബ മറ്റൊരു തരത്തിലുള്ള അനീതിയാണ് നേരിട്ടത്. നിയമവും നീതിന്യായ വ്യവസ്ഥയും തെറ്റായി കൈകാര്യം ചെയ്തതിന്റെ ഇരയാണ് അദ്ദേഹം.
#GNSaibaba #HumanRights #JusticeForSaibaba #India #StateRepression