Rajeev | ‘18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു, ബിജെപി പ്രവർത്തകനായി തുടരും’, പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു
തിരുവനന്തപുരം: (KVARTHA) 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പാണ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മോദി സർക്കാരിൽ ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, നൈപുണ്യ വികസനം വകുപ്പുകളുടെ സഹമന്ത്രിയായിരുന്ന ചന്ദ്രശേഖർ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. 16,077 വോട്ടുകൾക്കാണ് തരൂർ വിജയിച്ചത്.
‘18 വർഷം നീണ്ട പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഇതിനിടയിൽ മൂന്നു വർഷം രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഒരു അംഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഒരു സ്ഥാനാർഥി എന്ന നിലയിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തന്നെ ചെയ്യാൻ നിർബന്ധിതനാവുകയാണ്.
ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും നന്ദി പറയുന്നു. ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ഇനിയും പാർട്ടി പ്രവർത്തനം നടത്തും’, അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിൽ കുറിച്ചു.