Biography | ആരാണ് ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ ശ്രീലേഖ?

 
R Sreelekha joining BJP
R Sreelekha joining BJP

Photo Credit: Facebook/ BJP Keralam

● പൊലീസിനെതിരായ ആരോപണങ്ങൾക്കിടയിലാണ് ഈ നീക്കം.
● കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു.
● വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു.

തിരുവനന്തപുരം: (KVARTHA) മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയായിരിക്കുകയാണ്.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിൽ നേരിട്ടെത്തിയാണ് അംഗത്വം നൽകിയത്. പൊലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീലേഖയുടെ ബിജെപി പ്രവേശനമെന്നതാണ് പ്രത്യേകത. 

ആരാണ് ആർ ശ്രീലേഖ? 

കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. 1961-ലെ ഒരു ക്രിസ്മസ് ദിനത്തിൽ പ്രൊഫ. എൻ വേലായുധൻ നായർ - ബി രാധമ്മയുടെയും മകളായി ജനിച്ച ആർ ശ്രീലേഖ, തിരുവനന്തപുരത്തെ സർക്കാർ മോഡൽ സ്കൂളിലും കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കേരള സർവകലാശാല കാമ്പസിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 

1983-85 കാലഘട്ടത്തിൽ വിദ്യാധിരാജ പി.ജി കോളജിൽ അദ്ധ്യാപികയായിരുന്നു. മെച്ചപ്പെട്ട സംഭാവനകൾ അർപ്പിക്കാനുള്ള ആഗ്രഹത്തോടെ 1985-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ് ബി ആയി ചേർന്നു. പിന്നീട്, കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി പൊലീസ് സേവനത്തിൽ പ്രവേശിച്ചു. ചേർത്തല എഎസ്‌പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൃശൂരിലും എഎസ്‌പിയായി പ്രവർത്തിച്ചു.

തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പൊലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ച അവർ, പൊലീസ് ആസ്ഥാനത്ത് അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസായും എറണാകുളം വിജിലൻസിൽ സൂപ്രണ്ടായും കേരളത്തിലെയും ഡൽഹിയിലെയും സിബിഐയിൽ ഉന്നത പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം റേഞ്ചിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസായും വിജിലൻസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ച ശ്രീലേഖയ്ക്ക് 2005ൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസായി സ്ഥാനക്കയറ്റം ലഭിച്ചു. 

പിന്നീട് കൊച്ചിയിലെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായി നിയമിതയായി. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ എംഡിയായും പ്രവർത്തിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി, വിജിലൻസ്, ഇൻറലിജൻസ് എഡിജിപി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി പദവികളിലും പ്രവർത്തിച്ചു. പൊലീസ് സേനയിലെ  33 വർഷത്തെ സേവനത്തിന് ശേഷം 2020 ഡിസംബർ അവസാനം വിരമിച്ചു. 

2005-ൽ ഇഗ്നോയിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനജ്മെൻ്റിൽ എംബിഎ ബിരുദം നേടിയ അവർ, മലയാളത്തിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒരു വനിതാ പൊലീസ് ഓഫീസർ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വിവിധ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങളും എഴുതിയിട്ടുണ്ട്.

#RSreelekha #BJP #KeralaPolitics #IndiaPolitics #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia