Criticism | ഭക്ഷ്യവിലക്കയറ്റം രൂക്ഷം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യാജവോട്ട്, ട്രോളിബാഗ്, ഇപിയുടെ ആത്മകഥ; സാധാരണക്കാരന്റെ തീന്‍മേശയില്‍ നിന്ന് പലതും അപ്രത്യക്ഷം
 

 
 Food Prices Soar as Politicians Play Blame Game
 Food Prices Soar as Politicians Play Blame Game

Representational Image Generated by Meta AI

● തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില അതിവേഗം ഉയർന്നു.
● ഇടത്തരക്കാർക്ക് ഭക്ഷണ വസ്തുക്കൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നു.
● സർക്കാർ വിപണിയിൽ ഇടപെടാൻ തയ്യാറല്ല

ആദിത്യൻ ആറന്മുള 

(KVARTHA) രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ ഭക്ഷ്യവിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരുകളോ അതില്‍ ഇടപെടാന്‍ താല്‍പര്യം കാണിക്കുന്നില്ല. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ വിഷയം ചര്‍ച്ച ചെയ്യാതെ കുഴല്‍പ്പണം, ട്രോളി ബാഗ്, റെയ്ഡ്, ആത്മകഥ തുടങ്ങിയ ആരോപണങ്ങളും വിവാദങ്ങളും ഉന്നയിച്ച് പരസ്‌പരം വിഴുപ്പലക്കുകയാണ് എല്ലാ പാര്‍ട്ടികളും ചെയ്തത്. ഇന്ത്യയിലെ മഹാഭൂരിപക്ഷവും ദിവസവും ഉപയോഗിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുതിക്കുകയാണ്. 

ഇടത്തരക്കാരുടെ തീന്‍മേശകളില്‍ നിന്ന് ഇവ ഏതാണ്ട് അപ്രത്യക്ഷമായി. 161.3, 64.9, 51.8 രൂപയാണ് ഈ മൂന്ന് സാധനങ്ങളുടെയും വില. പച്ചക്കറികളുടെ വില സെപ്റ്റംബറിലേക്കാള്‍ 49 ശതമാനമാണ് ഉയര്‍ന്നത്. വിപണിയില്‍ അടിയന്തരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. സാമ്പത്തിക നയങ്ങളിലെ ദിശാമാറ്റത്തിനും മോഡി സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ വിലക്കയറ്റം അനിയന്ത്രിതമായി തുടരുകയും സാമൂഹിക അസ്വസ്ഥതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു.

വിലക്കയറ്റം പാവപ്പെട്ടവരും ഇടത്തരക്കാരുടെയും കുടുംബബജറ്റ് തരിപ്പണമാക്കിയിരിക്കുകയാണ്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ പ്രധാനമന്ത്രി നരേന്ദ്രമോദി ടോപ് (ടൊമാറ്റോ, ഒനിയന്‍, പൊട്ടറ്റോ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇവയുടെ വിലക്കയറ്റം ഒഴിവാക്കുമെന്നും അവ എല്ലാ കുടുംബങ്ങള്‍ക്കും എല്ലായ്‌പ്പോഴും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്നു. അത് പാലിച്ചില്ലെന്നാണ് നിലവിലെ വിലക്കയറ്റം വ്യക്തമാക്കുന്നത്.  പഴം, പച്ചക്കറി വിപണി ശൃംഘലയുടെ നിയന്ത്രണം അദാനിയും അംബാനിയും പോലുള്ള കുത്തകള്‍ക്കും ഇടത്തരക്കാര്‍ക്കും തീറെഴുതി കൊടുത്തിരിക്കുകയാണ് എന്നാണ് ആക്ഷേപം.

പ്രധാനമന്ത്രിയുടെ തോഴന്മാരായ കോര്‍പ്പറേറ്റ് മുതലാളിമാരുടെ  കീശവീര്‍പ്പിക്കാന്‍ രാജ്യത്തെ കാര്‍ഷികമേഖലയെയും കര്‍ഷകരെയും മോദി ഗവണ്‍മെന്റ് അടിയറവ് വച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് വിമർശിക്കുന്നു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ നിയന്ത്രിക്കുന്നതിന് യാതൊരുനടപടിയും സ്വീകരിക്കുന്നില്ല.  വേഗത്തില്‍ കേടുവരുന്ന പച്ചക്കറി ഉല്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള ശീതീകൃത സംഭരണികള്‍ക്കായി കുറഞ്ഞ പലിശയ്ക്ക്, വന്‍ സബ്‌സിഡിയോടെ നല്‍കിവരുന്ന വായ്പകള്‍ ഭൂരിപക്ഷവും ചെന്നെത്തുന്നത് വന്‍കിട കുത്തകകള്‍ക്കാണ്. 

കൃഷി പ്രോത്സാഹിപ്പിക്കുകയോ കര്‍ഷകരെ സംരക്ഷിക്കുകയോ അല്ല സര്‍ക്കാരിന്റെ കാര്‍ഷിക നയം. കൃഷി കോര്‍പ്പറേറ്റ് വല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. കര്‍ഷകരും ബഹുഭൂരിപക്ഷംവരുന്ന ഉപഭോക്താക്കളും ഇതിന്റെ ഇരയായി മാറുന്നു. ഉല്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില നിശ്ചയിച്ച്, സര്‍ക്കാര്‍ നേരിട്ടോ സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടത്തിലോ സംഭരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറല്ല. അതിനുവേണ്ടി കര്‍ഷകര്‍ പ്രക്ഷോഭത്തിന് മുതിര്‍ന്നാല്‍ അവരെ ദേശവിരുദ്ധ ശക്തികളും ഖലിസ്ഥാന്‍വാദികളും നഗര നക്‌സലുകളും മറ്റുമായി മുദ്രകുത്തി അടിച്ചമര്‍ത്തുന്നുവെന്നാണ് വിമർശനം.

ഭക്ഷ്യവിളകള്‍ കൃത്യസമയത്ത് സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല, മാത്രമല്ല, സംഭരണം ഓണ്‍ലൈനായി മാറ്റി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത, ഭൂരിപക്ഷം കര്‍ഷകരെയും ദ്രോഹിക്കുന്ന നിലപാടാണിത്. സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക, സാമ്പത്തിക നയങ്ങളുടെ ഫലമായാണ് വിലക്കയറ്റം ഉണ്ടാകുന്നത്. ആഗോളതാപനത്തിന്റെ ഫലമായി  കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും കൃഷിക്കും കാര്‍ഷികോല്പാദനത്തിനും തിരിച്ചടിയാവുകയും ചെയ്തു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാലാവസ്ഥാവ്യതിയാനം മുന്‍കൂട്ടിക്കണ്ടുള്ള കൃഷി, കാര്‍ഷികോല്പാദനം, ഉല്പന്നങ്ങളുടെ സംഭരണം, ദീര്‍ഘകാലത്തേക്കുള്ള സൂക്ഷിപ്പ്, വിപണി ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള വിതരണം, വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഉചിതമായ വിപണി ഇടപെടല്‍, ഇക്കാര്യങ്ങളില്‍ ആവശ്യമായ ആസൂത്രണം തുടങ്ങിയവയില്‍ മോഡി സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ആക്ഷേപം.

അതാണ് ഭക്ഷ്യ വിലക്കയറ്റം സൃഷ്ടിച്ചതും ജനജീവിതത്തിന് തിരിച്ചടിയായിരിക്കുന്നതും. ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഇടത്തട്ടുകാരുടെ ക്രയശേഷിയെ വലിയതോതില്‍ സ്വാധീനിക്കുന്നത് സ്വാഭാവിക സാമ്പത്തിക പ്രക്രിയയാണ്. ഭക്ഷണത്തിനുവേണ്ടി വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കേണ്ടിവരുന്ന ഇടത്തരക്കാരാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഉപഭോഗവസ്തുക്കളുടെ പ്രധാന ഉപഭോക്താക്കള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയും ഇടത്തരക്കാരാണ്. ഇവരുടെ പോക്കറ്റ് കാലിയാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാല്‍ ഉപഭോഗ ഉല്പന്നങ്ങളുടെ വിപണി മന്ദഗതിയിലോ, ഒരുപടി കടന്ന് സ്തംഭനാവസ്ഥയോ നേരിടുന്നതായാണ് പ്രമുഖ ഉല്പാദകരും സാമ്പത്തിക സ്ഥാപനങ്ങളും നല്‍കുന്ന മുന്നറിയിപ്പ്.

ഭക്ഷ്യോല്പന്നങ്ങളുടെ മൊത്തവിലയിലും ചില്ലറവിലയിലും പ്രകടമായ കുതിപ്പ് പൊതു സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണകള്‍ എന്നിവയുടെ വിലയും കുത്തനെ കൂടി. ഇ്രതോടെ മറ്റെല്ലാ ചെലവുകളും മാറ്റിവയ്ക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതമാകുന്നു. ഇത് നല്ലയളവില്‍ വിറ്റഴിഞ്ഞിരുന്ന ഉപഭോക്തൃ ഉല്പന്നങ്ങളുടെയും വാഹനങ്ങളടക്കം വ്യാവസായിക ഉല്പന്നങ്ങളുടെയും വില്പനയെ പ്രതികൂലമായി ബാധിക്കും. അങ്ങനെ സമ്പദ്ഘടനയുടെ വളര്‍ച്ച മാന്ദ്യത്തിലേക്ക്  നീങ്ങുകയാണെന്ന ആശങ്ക സാമ്പത്തികവൃത്തങ്ങളില്‍ ശക്തമാണ്.

ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യംവച്ചുള്ള വ്യാവസായികോല്പന്നങ്ങളുടെ വിപണിയും സ്തംഭനം നേരിടുന്നു. സാധരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് നിര്‍മ്മിച്ച ഏഴ് ലക്ഷത്തില്പരം കാറുകള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതായി കാര്‍നിര്‍മ്മാണ വ്യവസായ വൃത്തങ്ങള്‍ പറയുന്നു. കോവിഡിനെത്തുടര്‍ന്ന് തെല്ല് അനക്കംവച്ച ഇരുചക്രവാഹന വിപണിയും മന്ദഗതിയിലായി. ഇതെല്ലം വ്യാപകമായ തൊഴിലില്ലായ്മയിലേക്കാണ് രാജ്യത്തെ തള്ളിനീക്കുക. 

നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെ നേരിടുന്ന രാജ്യത്തെ യുവാക്കളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ഭാവിയാണ് മുന്നിലുള്ളത്. വിലക്കയറ്റം സമ്പദ്ഘടനയെ കാത്തിരിക്കുന്ന സാമ്പത്തികമാന്ദ്യം എന്ന ഗുരുതര രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണ്. അതിനെ മറികടക്കാന്‍ സാമ്പത്തികനയങ്ങളില്‍ അടിമുടി അഴിച്ചുപണി കൂടിയേതീരൂ. മോദി സര്‍ക്കാരാകട്ടെ അതിന് തയ്യാറാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നാണ് പ്രധാന വിമർശനം. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. വിപണിയില്‍ ഇടപെടാന്‍ അവരും തയ്യാറല്ല.

#KeralaFoodCrisis #Inflation #PriceHike #KeralaPolitics #Economy #Agriculture

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia