Budget | തുടർച്ചയായി ഏഴാം തവണയും ബജറ്റ് അവതരണം; റെക്കോർഡ് കുറിച്ച് നിർമല സീതാരാമൻ; പിന്നിലാക്കിയത് മൊറാർജി ദേശായിയെ 

 
Budget
Budget

Image Credit: X / Nirmala Sitharaman Office

2020 ഫെബ്രുവരി ഒന്നിന് സീതാരാമൻ രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം നടത്തിയിട്ടുണ്ട് 

ന്യൂഡെൽഹി: (KVARTHA) ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഏഴാം തവണയാണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏഴ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡും അവർ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിലെ ആദ്യ സമ്പൂർണ ബജറ്റാണ് ഇത്. ആറ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡാണ് നിർമല സീതാരാമൻ തകർത്തത്.

60 വർഷത്തിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്ന സർക്കാർ മൂന്നാം ഇന്നിംഗ്സിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്ന് തിങ്കളാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അമൃതകലിലെ സുപ്രധാന ബജറ്റാണിത്. 2047ൽ വികസിത ഇന്ത്യയെന്ന നമ്മുടെ സ്വപ്നത്തിന് ഈ ബജറ്റ് അടിത്തറ പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ബജറ്റുകൾ 

1860-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് സ്കോട്ടിഷ് സാമ്പത്തികവിദഗ്ദ്ധനായ ജെയിംസ് വിൽസൺ ആയിരുന്നു. എന്നാൽ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രിയും ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച വ്യക്തിയും ആർകെ ഷൺമുഖം ചെട്ടിയായിരുന്നു. 1947 നവംബർ 26 ന് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന പ്രസംഗം നടത്തി.

അതിനുശേഷം ഇന്ത്യ 70-ലധികം കേന്ദ്ര ബജറ്റുകൾ കണ്ടു, ഓരോന്നും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിലും ലക്ഷ്യങ്ങളിലും പ്രധാനപ്പെട്ട നാഴികക്കല്ലുകളായി അടയാളപ്പെടുത്തി. ഓരോ ധനമന്ത്രിയും അവരുടേതായ കാഴ്ചപ്പാടും ദീർഘകാല ദർശനവും രാജ്യത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിനായി അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലെ ധനമന്ത്രി നിർമല സീതാരാമൻ 2019 ജൂലൈ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിച്ചു. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുക എന്നതായിരുന്നുഅവരുടെ ആദ്യത്തെ പ്രധാന സാമ്പത്തിക പരിഷ്കാരം.  1959 നും 1964 നും ഇടയിൽ തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് മൊറാർജി ദേശായി അവതരിപ്പിച്ചിരുന്നത്.

കൂടുതൽ ബജറ്റുകൾ 

ഏറ്റവും കൂടുതൽ ബജറ്റ് അവതരണങ്ങളുടെ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്, പത്ത് ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി പി ചിദംബരം ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രണബ് മുഖർജി ധനമന്ത്രിയായിരുന്ന കാലത്ത് എട്ട് തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 1991 നും 1995 നും ഇടയിൽ പി വി നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ തുടർച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചു.

2020 ഫെബ്രുവരി ഒന്നിന് സീതാരാമൻ രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം നടത്തി. ഹിരുഭായ് മുൽജിഭായ് പട്ടേലിൻ്റെ 1977-ലെ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെ 800 വാക്കുകൾ മാത്രം ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ പ്രസംഗം. പരമ്പരാഗതമായി ഫെബ്രുവരിയിലെ അവസാന തീയതി വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്, എന്നാൽ, 1999-ൽ സമയം മാറ്റി, അടൽ ബിഹാരി വാജ്‌പേയി സർക്കാരിലെ അന്നത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിംഗ് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു. അന്നുമുതൽ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia