CPM | മുഖം മാറാൻ സിപിഎം; തെറ്റുതിരുത്തൽ അവലോകനത്തിനായി ആദ്യ മേഖലായോഗം ജൂലൈ 2ന് കണ്ണൂരിൽ


ജൂലൈ മൂന്നിന് കോഴിക്കോട്, എറണാകുളം മേഖല യോഗങ്ങളും നാലാം തീയതി കൊല്ലം മേഖലായോഗവും നടക്കും
കണ്ണൂർ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ അവലോകനം ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റി വിളിച്ചു ചേർത്ത മേഖലാതല അവലോകന യോഗം ജുലായ് രണ്ടിന് കണ്ണൂരിൽ തുടങ്ങും. ജില്ലാ കമ്മിറ്റി, ഏരിയാ ലോക്കൽ കമ്മിറ്റിയംഗങ്ങളാണ് അവലോകന യോഗത്തിൽ പങ്കെടുക്കുക.
തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ കീഴ്ഘടകങ്ങളിൽ നിന്നും കേൾക്കുന്നതിനായി കേന്ദ്ര കമ്മിറ്റിയംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ജൂലൈ മൂന്നിന് കോഴിക്കോട്, എറണാകുളം മേഖല യോഗങ്ങളും നാലാം തീയതി കൊല്ലം മേഖലായോഗവും നടക്കും.
ഇതിനു ശേഷമാണ് തെറ്റു തിരുത്തൽ മാർഗരേഖ അന്തിമമാക്കുക. കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ വിവാദം, മുഖ്യമന്ത്രിയുടെ ശൈലീ മാറ്റം, സംസ്ഥാന സർക്കാരിൻ്റെ ഭരന്ന പരാജയം എന്നിവ തെറ്റുതിരുത്തൽ അവലോകനയോഗങ്ങളിൽ ചർച്ചയായേക്കും.
പ്രധാന ജനവിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ പാർട്ടിക്ക് നഷ്ടമായതായി സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. കോൺഗ്രസുമായുള്ള ദേശീയ സഖ്യം കേരളത്തിലെ പാർട്ടിയെ പ്രതികൂലമായി ബാധിച്ചുവെന്ന് സംസ്ഥാന ഘടകത്തിൽ നിന്ന് വാദങ്ങൾ ഉയർന്നുവെങ്കിലും ഭൂരിപക്ഷം കേന്ദ്രകമ്മിറ്റി അംഗങ്ങളും ഈ അഭിപ്രായം തള്ളിക്കളഞ്ഞു.