Politics | ഒടുവിൽ വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും? പൊലീസ് നയം അമ്പേ പരാജയമെന്ന് സിപിഎം സംസ്ഥാന നേതൃയോഗം

 
CPM


ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും ചില നേതാക്കൾ മറയില്ലാതെ കുറ്റപ്പെടുത്തിയെന്നാണ് വിവരം 

കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത് സർക്കാരിൻ്റെ മുൻപോട്ടു പോകലിനെ പ്രതിസന്ധിയിലാക്കുന്നു. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്ന വിമർശനം പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് പ്രതിസന്ധിയിലാക്കുന്നത്. പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ ഇംഗിതത്തിനപ്പുറം സ്വയം ഭരണാധികാര ശക്തിയായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതിൻ്റെ ദുരന്തഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയെന്ന വിമർശനമാണ് കണ്ണൂരിലെ നേതാക്കൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ പൊലീസില്‍ നിന്നുണ്ടായെന്ന വിമർശനം പാർട്ടിയിൽ നിന്നും ഇതുവരെ ഉയർന്നിരുന്നില്ല. ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും ചില നേതാക്കൾ മറയില്ലാതെ കുറ്റപ്പെടുത്തി. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞു മാറിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്‌തു. മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പൊലീസിനെ നിയന്ത്രിക്കുന്നുണ്ടെന്നും വിമർശനമുയർന്നിരുന്നു. 

ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് എതിരായ പൊലീസ് നടപടിയും തിരിച്ചടിയായി. മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ഇതുലച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിക്ക് വേണ്ടിയെന്നും പൊലീസിന് ഗുണ്ടാ ബന്ധവും പലിശ, പണമിടപാടുണ്ടെന്നും വിമര്‍ശനമുയര്‍ന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇടുക്കി, എറണകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ജില്ലാ കമ്മിറ്റികളില്‍ അടക്കം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അവഗണിക്കരുതെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നുവെന്നാണ് റിപ്പോർട്ട്. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ടേമിൽ എത്തിയിരിക്കെ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ പരിഗണിച്ചതിനു ശേഷം തിരുത്തൽ പ്രക്രിയയിലുടെ മാത്രമേ ഇനി മുൻപോട്ടു പോകാനാവുവെന്ന വിലയിരുത്തലുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia