SWISS-TOWER 24/07/2023

കോൺഗ്രസ് ഓർക്കേണ്ടതും എന്നാൽ മറന്നതുമായ പേര്; ഉൾപ്പാർട്ടി വിമർശനത്തിലൂടെ ജനാധിപത്യം ഉയർത്തിപ്പിടിച്ച ഫിറോസ് ഗാന്ധിയുടെ ചരമദിനം

 
A black and white portrait of Feroze Gandhi, a prominent Indian politician.
A black and white portrait of Feroze Gandhi, a prominent Indian politician.

Photo Credit: Facebook/ Gaikhangam

● ഇന്ത്യയിലെ ആദ്യത്തെ വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമാണ്.
● നെഹ്‌റുവിൻ്റെ വിശ്വസ്തനായ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു.
● ഇന്ദിരയുടെ ഫാസിസ്റ്റ് നിലപാടുകളെ ശക്തമായി വിമർശിച്ചു.
● രാഷ്ട്രീയത്തിലുണ്ടായ അപചയങ്ങൾക്കെതിരെ പോരാടി.
● 'ജയന്റ് കില്ലർ' എന്നറിയപ്പെട്ടിരുന്നു.

ഭാമനാവത്ത്

(KVARTHA) തിരുത്തൽവാദം രാഷ്ട്രീയ ശൈലിയാക്കിയ നേതാവ് എന്ന നിലയിൽ സ്വതന്ത്ര്യാനന്തര കാലഘട്ടത്തിൽ കോൺഗ്രസ് നേരിട്ട ജനാധിപത്യ അപചയത്തിനെതിരെ പലരും ഓർത്തെടുത്ത പേരാണ് ഫിറോസ് ഗാന്ധിയുടേത്. ഉൾപ്പാർട്ടി വിമർശനത്തിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച ഫിറോസ് ഗാന്ധി വിടവാങ്ങിയിട്ട് ഇന്നേക്ക് (സെപ്റ്റംബർ 08) 65 വർഷം തികയുകയാണ്.

Aster mims 04/11/2022

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ മുൻനിര പ്രവർത്തകനും മഹാത്മാഗാന്ധിയുടെ ഉറച്ച അനുയായിയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ പ്രതിപക്ഷ നേതാവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുമായിരുന്നു ഫിറോസ് ജഹാംഗീർ ഗാന്ധി. ഇന്ദിര പ്രിയദർശിനിയുടെ ഭർത്താവും രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പിതാവുമാണ് അദ്ദേഹം.

മുംബൈയിലെ സമ്പന്ന പാർസി കുടുംബത്തിൽ 1912 സെപ്റ്റംബർ 12നാണ് ഫിറോസ് ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ പിതാവ് മരിച്ചതിനെ തുടർന്ന് അമ്മയും സഹോദരങ്ങളും അലഹബാദിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. 

അദ്ദേഹത്തിന്റെ ചെറുപ്പവും തുടർപഠനവും അലഹബാദിലായിരുന്നു. അഞ്ചു മക്കളിൽ ഫിറോസിന്റെ നാല് മൂത്ത സഹോദരങ്ങളും ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഇളയവനായ ഫിറോസ് സ്വാതന്ത്ര്യസമരത്തിന്റെ പാത തിരഞ്ഞെടുത്തു.

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായ ഫിറോസ് തന്റെ ശക്തമായ നിലപാടുകളിലൂടെ മഹാത്മാഗാന്ധിയുടെ വിശ്വാസം നേടി. മകനെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിറോസിന്റെ അമ്മ ഗാന്ധിജിയെ സമീപിച്ചപ്പോൾ, 'ഫിറോസ് ഈ പ്രായത്തിലെ കരുത്തുറ്റ പോരാളിയാണ്. 

പ്രായത്തിന്റെ പക്വതയില്ലായ്മ മറികടന്ന പോരാളി. അത്തരം പത്തുപേരെ ലഭിക്കുകയാണെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം വിദൂര സ്വപ്നമാവില്ല. അതിനാൽ ഫിറോസിനെ വഴിമുടക്കാൻ എന്നെ നിർബന്ധിക്കരുത്', എന്ന് മഹാത്മാഗാന്ധി പറഞ്ഞു. ഈ വാക്കുകൾക്ക് മറുപടി പറയാൻ ആ അമ്മയ്ക്ക് കഴിഞ്ഞില്ല.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന വാനരസേനയുടെ ഒരു പരിപാടി അലഹബാദിൽ നടക്കുകയുണ്ടായി. ഇന്ദിരയുടെ അമ്മ കമലാ നെഹ്‌റുവായിരുന്നു പരിപാടിയുടെ ഉദ്ഘാടക. 

പരിപാടിക്കിടെ കുഴഞ്ഞുവീണ കമലയെ ശുശ്രൂഷിക്കാൻ മുന്നോട്ടുവന്ന ഫിറോസ് അതുവഴി നെഹ്‌റു കുടുംബത്തിന്റെ ആനന്ദഭവനിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം നേടി. അമ്മയോടും കുടുംബത്തോടുമുള്ള ഫിറോസിന്റെ കരുതൽ ഇന്ദിരയിൽ അദ്ദേഹത്തോട് ഇഷ്ടം ജനിപ്പിച്ചു.

കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ഇന്ദിരയും പാർസി വിഭാഗത്തിൽപ്പെട്ട ഫിറോസും തമ്മിലുള്ള ഈ ബന്ധം അക്കാലത്ത് വലിയ വിവാദങ്ങൾ ഉണ്ടാക്കി. ആദ്യഘട്ടത്തിൽ നെഹ്‌റുവും കമലയും ഈ ബന്ധത്തെ ശക്തമായി എതിർത്തു. എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പരിഹാരം തേടി ഗാന്ധിജിയെ സമീപിച്ചിരുന്ന നെഹ്‌റു ഇവിടെയും അദ്ദേഹത്തെ സമീപിച്ചു. 

ഗാന്ധിജി നെഹ്‌റുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഈ പ്രണയബന്ധത്തെ അനുകൂലിക്കുകയാണുണ്ടായത്. തുടർന്ന്, 1942-ൽ ക്വിറ്റ് ഇന്ത്യ സമരം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾ മുൻപ് ഇന്ദിരയും ഫിറോസും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. 

തന്റെ പ്രിയപ്പെട്ടവന്റെ 'ഗണ്ഡി' എന്ന പേര് മാറ്റി 'ഗാന്ധി' എന്ന പേര് നൽകിയാണ് ഗാന്ധിജി ഇരുവരെയും സ്വാഗതം ചെയ്തത്. ഇതിന്റെ തുടർച്ചയായിട്ടാണ് നെഹ്‌റു കുടുംബം ഇപ്പോഴും ഗാന്ധി കുടുംബം എന്ന പേരിൽ അറിയപ്പെടുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനകം തന്നെ ഇരുവരുടെയും കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അമ്മയുടെ മരണശേഷം അച്ഛനായ നെഹ്‌റുവിന്റെ കാര്യങ്ങൾ നോക്കുന്നതിനായി ഇന്ദിരാഗാന്ധി തീൻമൂർത്തി ഭവനിലേക്ക് താമസം മാറ്റി. കോൺഗ്രസുകാരനായി തുടരുമ്പോഴും അധികാരത്തിൽ നിന്ന് അകന്നാണ് ഫിറോസ് എപ്പോഴും നിലകൊണ്ടത്. 

കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു. നെഹ്‌റുവിനെ പോലും വെല്ലുവിളിച്ചപ്പോൾ തികച്ചും ജനാധിപത്യവാദിയായിരുന്ന നെഹ്‌റു യാതൊരു വിരോധവും കൂടാതെ ഫിറോസിന്റെ പ്രസംഗങ്ങൾ ക്ഷമയോടെ കേട്ടു. ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ പോലും അദ്ദേഹം തയ്യാറായി.

പാർലമെന്റിലെ ഫിറോസിന്റെ ശക്തമായ പ്രകടനം എപ്പോഴും സർക്കാരിനെതിരെ വിരലുയർത്തി. ഭരണപക്ഷത്തിലെ പ്രതിപക്ഷ ധർമ്മമാണ് ഫിറോസ് ഉയർത്തിപ്പിടിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് ഫിറോസാണ്. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലയിലുണ്ടായ അഴിമതി പുറത്തുകൊണ്ടുവന്ന് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകിയതിലൂടെ അദ്ദേഹം 'ജയന്റ് കില്ലർ' എന്നറിയപ്പെട്ടു. 

ഇന്നത്തെ എൽ.ഐ.സി.യുടെ രൂപീകരണത്തിന് മുഖ്യപങ്കുവഹിച്ച അദ്ദേഹം തന്നെയാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതും. നെഹ്‌റുവിന്റെ വിശ്വസ്തനായ മന്ത്രി ടി.ടി. കൃഷ്ണമാചാരിക്ക് അഴിമതി ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നതും ഫിറോസിന്റെ ഇടപെടൽ മൂലമാണ്.

ജനാധിപത്യവാദിയായ നെഹ്‌റു പാർട്ടിയിലുണ്ടായ സ്വയം വിമർശനങ്ങളെ പോസിറ്റീവായി സ്വീകരിച്ചപ്പോൾ, നെഹ്‌റുവിന്റെ പിൻഗാമിയായി അധികാരകേന്ദ്രങ്ങളിലെത്തിയ ഇന്ദിര, ഫിറോസിന്റെ വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് നേരിട്ടത്. 

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയെ നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും പിരിച്ചുവിടാൻ ഇന്ദിര ശുപാർശ ചെയ്തപ്പോൾ, 'ഇന്ദു, നീ ഒരു ഫാസിസ്റ്റാണ്' എന്ന് പാർട്ടിക്കുള്ളിൽ ഇന്ദിരയുടെ മുഖത്തുനോക്കി പറഞ്ഞ വ്യക്തിയാണ് ഫിറോസ്.

ഉൾപ്പാർട്ടി വിമർശനം ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സത്തയാണെന്ന് തെളിയിച്ച് ജനാധിപത്യ പ്രക്രിയയിലെ തിളക്കമുള്ള നക്ഷത്രമായി മാറിയ ഫിറോസ് ഗാന്ധി തന്റെ 48-ാം വയസ്സിൽ ഹൃദ്രോഗബാധിതനായി 1960 സെപ്റ്റംബർ 8-ന് ഈ ലോകത്തോട് വിട പറഞ്ഞു.

ഫിറോസ് ഗാന്ധിയെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ, നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തൂ.

Article Summary: 65th death anniversary of Feroze Gandhi, a symbol of political reform.

#FerozeGandhi #IndianPolitics #History #Congress #IndiraGandhi #Democracy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia