LS Election | തമിഴ്‌നാട്ടില്‍ പച്ചതൊടുമോ ബിജെപി? യാഗാശ്വമായി ഡിഎംകെയും ഇന്‍ഡ്യ മുന്നണിയും
നവോദിത്ത് ബാബു
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ ഇന്‍ഡ്യ സഖ്യം ഡി.എം.കെയുടെ കരുത്തില്‍ കുതിക്കുമെന്ന് ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ ഫലം. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്‍ഡ്യാ സഖ്യം 36 മുതല്‍ 39 വരെ സീറ്റുകള്‍ നേടുമെന്നാണ് ദേശീയ മാധ്യമത്തിന്റെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ പ്രചാരണത്തിനെത്തിയ തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം ഇക്കുറിയും പച്ചതൊടാന്‍ സാധ്യതയില്ലെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്.
നേരത്തെ പൊന്‍ രാധാകൃഷ്ണനിലൂടെ തമിഴ്‌നാട്ടില്‍ സാന്നിധ്യമറിയിച്ച ബി.ജെ.പി ഇക്കുറി താമരക്കൊടി തമിഴ്‌നാട്ടില്‍ പാറിക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കിയിരുന്നു. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ ഫലമാണ് ബി.ജെ.പിക്ക് ആശ്വാസം നല്‍കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.
പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് രണ്ടു സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ് എക്‌സിറ്റ് പോള്‍ ഫലം മുന്നോട്ടുവക്കുന്നത്. ഒ പനീര്‍ ശെല്‍വം, എടപ്പാളി പളനിസ്വാമി വിഭാഗങ്ങള്‍ ഇക്കുറി ബി.ജെ.പിയുമായി സഖ്യമില്ലാത്തത് തമിഴ്‌നാട്ടില്‍ ഡി.എം.കെ വിരുദ്ധ വോട്ടുകള്‍ ഛിന്നഭിന്നമാകാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ദക്ഷിണേന്ത്യയിലെ ഉരുക്കുകോട്ടങ്ങളിലൊന്നാണ് തമിഴ്‌നാട്.
ദേശീയതയിലൂന്നിയ പ്രചാരണമാണ് തമിഴ് നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. എന്നാല്‍ ഡി.എം.കെ ഉയര്‍ത്തിപ്പിടിക്കുന്ന ദ്രാവിഡ രാഷ്ട്രീയവും തമിഴ് പ്രാദേശികതയും ഇതിനെക്കാള്‍ ജനവികാരം ആകര്‍ഷിക്കുന്നതാണ് എന്‍.ഡി.എയ്ക്കു തിരിച്ചടിയാകുന്നത്. കോയമ്പത്തൂരില്‍ പോലും അണ്ണാമലൈയുടെ നില അത്രഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്‍ മണ്ണ്, എന്‍ മക്കള്‍ എന്ന പേരില്‍, ഡി.എം.കെയുടേത് അഴിമതി ഭരണമെന്നാരോപിച്ച് സംസ്ഥാന ജാഥ നടത്തി അണ്ണാമലൈയ്ക്കു ജനക്കൂട്ടത്തെ ഇളക്കി മറിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും അതൊന്നും വോട്ടായി മാറില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.