Controversies | ഇ പി ജയരാജൻ സൃഷ്ടിച്ച 6 വലിയ വിവാദങ്ങൾ; വൈരുധ്യങ്ങളിലൂടെ വ്യത്യസ്തനായ നേതാവ്
പലപ്പോഴും പാർട്ടിയിൽ നിന്നും പുറത്തുനിന്നും ജയരാജനെതിരെ ശക്തമായ വിമർശനം ഉയർന്നു
തിരുവനന്തപുരം: (KVARTHA) ഇ പി ജയരാജന്റെ രാഷ്ട്രീയ ജീവിതം വിവാദങ്ങളുടെ കൂടെ ചരിത്രമായിരുന്നു. വൈരുധ്യങ്ങളാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കുന്നതും. ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തമായ നേതാവായിരുന്ന ജയരാജൻ, ഒടുവിൽ പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന നിലയിലെത്തി. പിണറായി വിജയന്റെ അടുത്ത സഹായി എന്ന നിലയിൽ വളരെ കാലം പാർട്ടിയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ജയരാജനെ, ഒടുവിൽ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് തന്നെ പാർട്ടി തന്നെ നീക്കുന്ന അവസ്ഥയിലെത്തി.
* ജാവദേക്കറുമായുള്ള കൂടിക്കാഴ്ച
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ജയരാജനെ വലിയ വിവാദത്തിലാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന ഈ വിവരം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും ജയരാജനെതിരെ ശക്തമായ വിമർശനം ഉയർന്നു.
* വൈദേകം റിസോർട്ട് വിവാദം
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും വലിയ വിവാദമായിരുന്നു. സിപിഎമ്മും ബിജെപിയും രഹസ്യ ധാരണയിലാണെന്ന ആരോപണത്തിന് ഈ ബിസിനസ് ഡീൽ ശക്തി പകർന്നു.
* ലോട്ടറി രാജാവ് വിവാദം
ഇ പി ജയരാജൻ ദേശാഭിമാനി ജനറൽ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്ന കാലത്തായിരുന്നു ഈ വിവാദം പുറത്തുവന്നത്.
* ഫാരിസ് അബൂബക്കർ വിവാദം:
നായനാർ ഫുട്ബോൾ സംഘാടക സമിതി, വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറിൽ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയത് വലിയ വിവാദമായിരുന്നു. ഈ പണമിടപാടും കോളിളക്കം സൃഷ്ടിച്ചു.
* ചാക്ക് രാധാകൃഷ്ണൻ വിവാദം:
പാലക്കാട് പാർട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വ്യവസായിയായ ചാക്ക് രാധാകൃഷ്ണന്റെ (വി എം.രാധാകൃഷ്ണൻ) ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പരസ്യം സ്വീകരിച്ചതും വലിയ വിവാദമായിരുന്നു.
* ബന്ധു നിയമന വിവാദം:
ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ധുവും കേന്ദ്രകമ്മറ്റിയംഗവുമായ പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്ഐഇയുടെ എംഡിയായി നിയമിച്ചത് വിവാദമായി. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തിയിരുന്നു.
കട്ടൻചായയും പരിപ്പുവടയും കഴിച്ചുള്ള പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന പരാമർശം നടത്തിയതടക്കം വേറെയും നിരവധി വിവാദങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. കെഎസ്എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം, പഠനകാലം മുതൽ സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടു. 1980-ൽ ഡിവൈഎഫ്ഐയുടെ സ്ഥാപക പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വർഷങ്ങളോളം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ, നിരവധി ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 1995-ൽ 15-ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ട്രെയിനിൽ വച്ച് വാടകക്കൊലയാളികളുടെ വെടിയേറ്റു. വളരെയധികം വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടും ജയരാജനെ പാർട്ടി നേതൃത്വം നീണ്ട കാലം സംരക്ഷിച്ചു പോന്നു. എന്നാൽ ഒടുവിൽ പാർട്ടിക്ക് തന്നെ ഭാരമായി മാറിയതോടെ ജയരാജനെ പാർട്ടി നേതൃത്വം പുറത്താക്കുകയായിരുന്നു.
#EPJayarajan, #PoliticalControversies, #CPI(M), #KeralaPolitics, #BJPControversy, #BusinessScandal