Conspiracy | ഇ പിയെ ആത്മകഥയുടെ പേരിൽ കുരുക്കിയ വിവാദങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗിയത, കണ്ണൂരിലെ കരുത്തന് കാലിലിടറുന്നുവോ?

 
EP Jayarajan
EP Jayarajan

Photo Credit: Facebook/ E.P Jayarajan

● ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
● ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി.
● സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപണം

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) പാർട്ടിയിൽ വീണ്ടും സജീവമായി വരുന്ന കാലത്ത് ഇപിക്ക് വീണ്ടും വാരിക്കുഴി ഒരുക്കാൻ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ പടനീക്കം. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗത്തിൽ പങ്കെടുത്ത് തിരിച്ചുവരവിൻ്റെ വ്യക്തമായ സൂചന നൽകിയ ഇ പി ജയരാജനെ വീഴ്ത്താനുള്ള വ്യക്തമായ ഒളിയമ്പാണ് ആത്മകഥാ വിവാദത്തിലൂടെ പുറത്തുവന്നത്. കണ്ണൂരിൽ നടന്ന ചില ഏരിയാ സമ്മേളനങ്ങളിലും ഇപി ജയരാജൻ പങ്കെടുത്തിരുന്നു. 

എൽ.ഡി.എഫ് കൺവീനർ പദവിയിൽ നിന്നും നീക്കം ചെയ്തതിനു ശേഷം കണ്ണൂർ ജില്ലയിൽ ഒതുങ്ങി വീട്ടിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ഇ പി ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെയും കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയുടെയും നിരന്തര ഇടപെടൽ കാരണമാണ് തിരിച്ചു വരാൻ തുടങ്ങിയത്. ഇതിനിടെയാണ് ആത്മകഥാ വിവാ​ദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നിൽ കണ്ണൂർ  സിപിഎമ്മിലെ വിഭാഗീയതയാണെന്ന ആരോപണമാണ് ശക്തമാകുന്നത്. 

ഇ പി എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ എഡിറ്റ് ചെയ്യാത്ത ഭാഗങ്ങൾ പുറത്തുവിട്ടതിൽ സ്വന്തം പാർട്ടിയിൽ ഇ പിയെ എതിർക്കുന്ന ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. ഡി.സി ബുക്സിന് അയച്ചു കൊടുത്ത കയ്യെഴുത്തു പ്രതിയിലെ ടൈപ്പ് ചെയ്ത അൺ എഡിറ്റഡ് ഭാഗങ്ങളാണ് ചോർന്നത്. ഇതേ തുടർന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്. 

ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളുമായാണ് ഇപി ജയരാജൻ്റെ ആത്മകഥയുടെ പ്രസക്തഭാഗങ്ങളെന്ന പേരിൽ പിഡിഎഫ് പേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

ചേലക്കര, വയനാട് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസത്തിൽ പുറത്തുന്ന ആത്മകഥയുടെ ഭാഗങ്ങൾ ഏറെ വിവാദമാവുകയും ചെയ്തു. കട്ടൻ ചായയും പരിപ്പുവടയുമെന്ന പുസ്തകത്തിൻ്റെ കവർ പേജ് തന്നെ പരിഹസിക്കുന്നതാണ്. ആരെങ്കിലും ഇങ്ങനെയൊരു പേര് പുസ്തകത്തിനിടുമോ? പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളൊന്നും തൻ്റെതല്ല. 

ഡി സിയിൽ ഈ കാര്യം അന്വേഷിച്ചപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞത്. തൻ്റെ പുസ്തകത്തിൻ്റെ പ്രകാശനമെങ്കിലും താൻ അറിയേണ്ടെയെന്നും ഇപി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നിൽ വൻ ആസൂത്രിത ഗുഡാലോചനയുണ്ട്. ഇതേ കുറിച്ചു അന്വേഷിക്കണമെന്നും ഇപിനൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

#EPJayarajan #CPM #KeralaPolitics #AutobiographyControversy #LeakedDocuments #DigitalForgery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia