* സിപിഎം മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശക്തമായ സന്ദേശം കൂടിയാണ് നല്‍കിയിരിക്കുന്നത്
അർണവ് അനിത
(KVARTHA) ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പുറത്താകുമ്പോള്‍, രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തിയ അശ്രദ്ധകളും വീഴ്ചകളുമാണ് അതിലേക്ക് നയിച്ചതെന്ന് നിസംശയം പറയാം. അതിനൊപ്പം സിപിഎം മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശക്തമായ സന്ദേശം കൂടിയാണ് നല്‍കിയിരിക്കുന്നത്. മുന്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ആ സ്ഥാനത്തേക്ക് വരുന്നത്. അടിമുടി പാര്‍ട്ടിക്കാരനാണ് അദ്ദേഹം. ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ നിരവധിയുള്ള കോഴിക്കോട് ജില്ലക്കാരനാണ് അദ്ദേഹം. ഇതുവരെ ആരും യാതൊരു ആക്ഷേപവും ഉന്നയിക്കാത്തയാള്‍.
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവധിയെടുത്ത് പോയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കുന്ന യാതൊരു നിലപാടും സ്വീകരിച്ചില്ല. അടുത്ത കൊല്ലം നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്ന സന്ദേശം കൂടിയാണിത്. ബിജെപി പ്രധാന രാഷ്ട്രീയ ശത്രുവായി മാറിയതിനാല്‍ അവരെ നേരിടുന്നതിന് ടിപി രാമകൃഷ്ണനെ പോലുള്ളവരെയാണ് ആവശ്യം. അല്ലാതെ വിവാദങ്ങളുടെ തോഴനായ ഇപിയെ പോലുള്ളവരെയല്ല എന്ന് സിപിഎം അടിവരയിടുന്നു.
പണ്ട് മെഷീന്‍ കല്ലുവെട്ടിനെതിരെ സിപിഎം കണ്ണൂരില്‍ സമരം നടത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകുമെന്ന് കണ്ടായിരുന്നു അത്തരത്തിലുള്ള സമരം നടത്തിയത്. എന്നാല്‍ ആ സമയത്ത് ഇ.പി ജയരാജന്‍ മെഷീന്‍ വെട്ടിയ കല്ലുപയോഗിച്ച് വീട് പണിതു. അത് വലിയ വിവാദമായിരുന്നു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് പോയി മടങ്ങിവരും വഴി ഇ.പിക്ക് വെടിയേറ്റതോടെയാണ് അത് കെട്ടടങ്ങിയത്. പലപ്പോഴും പക്വതയില്ലാത്ത സമീപനമാണ് ഇപി സ്വീകരിച്ചിട്ടുള്ളത്.
പാലക്കാട് പാര്‍ട്ടി പ്ലീനം നടന്നപ്പോള്‍ പ്രധാന വിഷയം, ചങ്ങാത്തമുതലാളിത്തം അവസാനിപ്പിക്കുക എന്നതായിരുന്നു. പ്ലീനത്തോട് അനുബന്ധിച്ച് ആശംസയുമായി, വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ വന്നു. അന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ക്ഷുഭിതനായി.
പിന്നീട് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസും സ്ഥലവും ഇതേ ചാക്ക് രാധാകൃഷ്ണന് വിറ്റതിലെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. വിവാദ ലോട്ടറി മുതലാളി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് രണ്ട് കോടി രൂപ ഇപി ബോണ്ട് വാങ്ങിയത് വലിയ വിവാദമായിരുന്നു. അവസാനം ആ പണം തിരികെ കൊടുക്കേണ്ടിവന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കായിക വകുപ്പ് മന്ത്രിയായിരുന്ന ഇപി, ബന്ധുവും സിപിഎം നേതാവുമായ പികെ ശ്രീമതി ടീച്ചറുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയതും പ്രശ്‌നമായി. പിണറായി ക്യാബിനെറ്റില്‍ നിന്ന് തെറിപ്പിച്ചു. പിന്നീട് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് തിരിച്ചുവന്നത്. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ശേഷം തനിക്ക് പകരം ജൂനിയറായ ഗോവിന്ദന്‍ മാഷെ സംസ്ഥാന സെക്രട്ടറിയാക്കിയതും ഇപിയെ ചൊടിപ്പിച്ചു. അതോടെ അദ്ദേഹം പിണറായിയുമായി ഇടഞ്ഞു, കണ്ണൂരിലേക്ക് മടങ്ങി.
അതിനും മുമ്പ് ലീഗിനെ ഇടത് മുന്നണിയിലെടുക്കണമെന്ന് പറഞ്ഞതും വിവാദമായിരുന്നു. എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ പ്രസിദ്ധമായ ക്ഷേത്രത്തില്‍ പോയതും വിവാദമായി. ദല്ലാളും ഇപിയും തമ്മില്‍ വളരെ അടുത്തബന്ധമായിരുന്നു. അതിലൂടെ അദ്ദേഹം ബിജെപി പ്രവേശനത്തിന് ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സിപിഎമ്മിനത് ഏറെ ക്ഷീണമായി. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേദ്കറെ മകന്റെ ഫ്‌ളാറ്റില്‍ വെച്ച് കണ്ടെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
ഇതിനെതിരെ മുഖ്യമന്ത്രി അന്നേ രംഗത്തെത്തിയിരുന്നു. ഇപിയുടെ കാര്യത്തില്‍ സിപിഎം നടപടി എടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ആവശ്യപ്പെട്ടു. മുന്നണിക്ക് ചേരാത്ത കാര്യങ്ങള്‍ കണ്‍വീനര്‍ സ്വീകരിച്ചെന്നായിരുന്നു ആരോപണം. അത് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ശിക്ഷാനടപടിയായല്ല മാറ്റിനിര്‍ത്തിയത് എന്നതും ശ്രദ്ധേയം. 75 വയസായ ഇ.പിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റ് പാര്‍ട്ടികളിലേക്കും അദ്ദേഹം പോകില്ല. പകരം സിപിഎമ്മുകാരനായി തന്നെ ശിഷ്ടകാലം ചെലവഴിക്കും അല്ലാതെ മറ്റ് മാര്‍ഗമില്ല.
പാര്‍ട്ടി അച്ചടക്കം പാലിച്ച് മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷെ, സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവും ആകേണ്ടയാളായിരുന്നു ഇ.പി. അദ്ദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നപ്പോള്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ആളാണ് എം.വി ഗോവിന്ദന്‍. അതായത് എംവി ഗോവിന്ദനേക്കാള്‍ എത്രയോ മുന്നിലാണ് ഇപി സഞ്ചരിച്ചിരുന്നത് എന്ന് വ്യക്തം. ആ ഇ.പിയെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയ കാര്യം എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ സങ്കടകരമായ കാര്യമാണ്. അതിനുള്ള വഴിയൊരുക്കിയതും ഇപി തന്നെയാണ്.
#EPJayarajan #CPIM #LDF #KeralaPolitics #Controversy #Removal #IndianPolitics