മുൻ എസിപി രത്നകുമാർ മത്സരിക്കുന്നതിലെ വിവാദം: യുഡിഎഫ് നിലപാട് പരിഹാസ്യമെന്ന് ഇ പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സർവീസിൽ നിന്ന് വിരമിച്ചവർ മത്സരിക്കുന്നത് ഇതാദ്യമായല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
● രത്നകുമാർ പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു ആരോപണം പോലും ഉണ്ടായിട്ടില്ല.
● യുഡിഎഫ് ആരോപണം പരാജയഭീതിയിൽ ഉന്നയിക്കുന്ന നുണപ്രചാരണമായി കാണാമെന്നും ഇ പി ജയരാജൻ.
കണ്ണൂർ: (KVARTHA) സർവീസിൽ നിന്നും വിരമിച്ച മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി കെ രത്നകുമാർ കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ മത്സരിക്കുന്നതിനെതിരെ വിവാദങ്ങൾ ശക്തമാകുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യ പ്രതിയായ കേസ് അന്വേഷിച്ചത് ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വിരമിച്ചത്. ഇതേ ഉദ്യോഗസ്ഥൻ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ യു ഡി എഫ് വിവാദമാക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന വാദവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ രംഗത്തുവന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇ പി ഈ നിലപാട് വ്യക്തമാക്കിയത്.
ഇതാദ്യമായല്ല സർവീസിൽ നിന്ന് വിരമിച്ചവർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാർ തൊട്ട് സാധാരണ സർക്കാർ ജീവനക്കാർ വരെ പല പദവികളും പിന്നീട് വഹിച്ചിട്ടുണ്ട്. രത്നകുമാറിന്റെ സ്ഥാനാർഥിത്വവും അതുപോലൊന്ന് മാത്രമാണ്.
സർവീസിലിരുന്ന കാലയളവിൽ ഇദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു കേസിൽ പോലും ആരും ആരോപണം ഉന്നയിച്ചിട്ടില്ല. നീതി നിർവഹണത്തിൽ സത്യസന്ധത കാട്ടിയ ഒരു ഉദ്യോഗസ്ഥനെ വിരമിച്ച ശേഷം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നത് മാതൃകാപരമായ നടപടിയാണ്. അതിനെ ഏതെങ്കിലും കേസന്വേഷണവുമായി ഇപ്പോൾ കൂട്ടിക്കുഴക്കുന്നത് പരാജയഭീതിയിൽ ഉന്നയിക്കുന്ന നുണപ്രചാരണമായി മാത്രമേ കാണാൻ കഴിയൂ.
യു ഡി എഫ് ആരോപിക്കുന്ന എ ഡി എം മരിച്ച കേസിൽ ഹൈക്കോടതി പോലും കേസന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടന്നതെന്ന് വിലയിരുത്തിയതാണ്. മാത്രമല്ല, യു ഡി എഫ് ഈ ഉദ്യോഗസ്ഥനെതിരെ അന്ന് ഒരു പരാതിയും ഉന്നയിച്ചിട്ടുമില്ല.
വിരമിച്ച ഉദ്യോഗസ്ഥരെ രംഗത്തിറക്കുന്നതിൽ കോൺഗ്രസ് എന്നും മുന്നിലായിരുന്നല്ലോ? കോൺഗ്രസ് പ്രവർത്തക സമിതി അംഗം വരെയായ അജോയ് കുമാർ തൊട്ട് സജയ് പാണ്ഡെ, കണ്ണൻ ഗോപിനാഥൻ, അരുൺ ഒറോയ് തുടങ്ങി എത്രയെത്ര പേർ. കേരളത്തിൽ തന്നെ കെ കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി പേർ
എൽ ഡി എഫിനെതിരെ കുതിരകയറുന്ന യു ഡി എഫിന് ബി ജെ പി സ്ഥാനാർഥികളുടെ കാര്യത്തിൽ മൗനമാണ്. മുൻ ഡി ജി പി ശ്രീലേഖ ബി ജെ പി സ്ഥാനാർഥിയായതിൽ യു ഡി എഫിന് പ്രശ്നമില്ല. ടി പി സെൻകുമാറിനെ കൊണ്ടു നടന്നവരാണ് കോൺഗ്രസ്. ആ സെൻകുമാർ ബി ജെ പിയായി. കോൺഗ്രസ് വൈസ് ചാൻസലറും പി എസ് സി ചെയർമാനും വരെയാക്കിയ കെ എസ് രാധാകൃഷ്ണൻ ബി ജെ പി സ്ഥാനാർഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
അപ്പോഴൊക്കെ മൗന പിന്തുണ നൽകിയവർ ഇപ്പോൾ ബഹളം വെക്കുന്നത് എൽ ഡി എഫിനെതിരായ എല്ലാ നുണപ്രചാരണങ്ങളും തകർന്നടിയുന്നതിന്റെ വേവലാതിയാലാണ്. ഈ നുണയും കേരള ജനത തിരിച്ചറിയുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.
ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത ഷെയർ ചെയ്യുക.
Article Summary: EP Jayarajan called the controversy over former ACP Ratnakumar's LDF candidacy ridiculous, citing precedents and political hypocrisy.
#EPRatnakumar #EPJayarajan #LDF #UDF #KeralaPolitics #KasaragodElection
