Controversy | മൗനം തുടര്‍ന്ന് ഇ പി; തനിക്കെതിരെ നടന്നത് അനീതിയെന്ന് പരാതി; കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാക്കും
പാർട്ടി നേതൃത്വം വിശദീകരണം നൽകാൻ പാടുപെടുന്നു.
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കണ്ണൂരിലെ നേതൃത്വം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിയര്‍ക്കുന്നുവെന്ന് റിപ്പോർട്ട്. മുട്ടാപ്പോക്കു ന്യായങ്ങളും വിശദീകരണങ്ങളും നല്‍കി നേതാക്കള്‍ തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇ.പിക്കെതിരായി എന്തുകൊണ്ടു നടപടിയെടുത്തുവെന്നു വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് ജില്ലയിലെ നേതാക്കള്‍.
നടപടിയുണ്ടായ കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു പിറ്റേദിവസം നടന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയ വിഷയത്തില്‍ സമ്മേളനത്തില്‍ ചോദ്യങ്ങളുണ്ടായാല്‍ പാര്‍ട്ടി അണികളോട് എന്തുമറുപടി പറയണമെന്നു ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയില്ലെന്നാണ് വിവരം.
ഇതോടെയാണ് ഇ.പി വിഷയത്തില്‍ കണ്ണൂരിലെ പാര്‍ട്ടിയിലും ആശങ്കയുണ്ടായത്. പാര്‍ട്ടി നടപടിക്കു ശേഷം ഇ.പി ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വീട്ടില്‍ തന്നെ കഴിയുകയാണ് അദ്ദേഹം. അടുപ്പമുളളവരുമായി മാത്രമേ കൂടിക്കാഴ്ച നടത്തുന്നുളളൂ. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വെറുതെ വിവാദങ്ങളില്‍ ചെന്നുചാടേണ്ടെന്ന നിലപാടിലാണ് ഇ.പി. എന്നാല്‍ കേന്ദ്രകമ്മിറ്റിയംഗമായി തുടരുന്ന അദ്ദേഹം ചില കേന്ദ്ര നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. പാര്‍ട്ടി ചെയ്തുവിട്ട കാര്യങ്ങളില്‍ വീണ്ടും നടപടിയുണ്ടായത് തനിക്കെതിരെ നടന്ന അനീതിയാണെന്ന് ഇ.പി കരുതുന്നുണ്ട്.
ബി.ജെ.പി നേതാവ് പ്രകാശ് ജാവേദക്കറുമായ തിരുവനന്തപുരം ആക്കുളത്തെ മകന്റെ വീട്ടില്‍ നിന്നും കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുളളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതാണ് നടപടിക്ക് അടിസ്ഥാനമായി എം.വി ഗോവിന്ദന്‍ സ്വീകരിച്ചതെന്നാണ് പരാതി. പാര്‍ട്ടി തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ഏതെങ്കിലും ഘടകത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ഇതില്‍ അനീതിയുടെ വശമുണ്ടെന്നാണ് ജയരാജന്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളന നടപടികളിലേക്ക് കടക്കുന്നതിന്റെ തലേ ദിവസം തനിക്കെതിരെ നടപടിയുണ്ടായത് ആസൂത്രിതമാണെന്നാണ് ഇ.പി ജയരാജന്‍ കരുതുന്നത്.
#EPJayarajan #LDF #KeralaPolitics #Controversy #IndianPolitics