Controversy | 'എല്ലാം സമയമാകുമ്പോൾ പ്രതികരിക്കും', കണ്ണൂരിൽ മാധ്യമപ്രവർത്തകർക്ക് മുഖം കൊടുക്കാതെ ഇ പി ജയരാജൻ
* സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് നടപടി
കണ്ണുർ: (KVARTHA) എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവായതിൽ പ്രതികരിക്കാതെ സി.പിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പാപ്പിനിശേരിയിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ 'ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല എന്നും സമയമാകുമ്പോൾ പറയാമെന്നുമുള്ള പ്രതികരണമാണ്' അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് നടത്തിയത്. ശനിയാഴ്ച തിരുവനന്തപുരം എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി ആക്കുളത്തെ മകൻ്റെ ഫ്‌ലാറ്റിൽ ഇ പി ജയരാജൻ നടത്തിയ കൂടിക്കാഴ്ച വൻവിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എൽ.ഡി.എഫ് കൺവീനറെ പ്രതിക്കൂട്ടിൽ നിർത്തി ബി.ജെ.പി ബന്ധമാരോപിച്ചു പ്രചരണമഴിച്ചുവിട്ടത് വമ്പൻ തോൽവിക്കിടയാക്കിയെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ ഇ.പി ബി.ജെ.പിയിലേക്ക് ചേരാൻ ശോഭാ സുരേന്ദ്രനുമായി മൂന്ന് വട്ടം ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിലാണ് ഇപി ജയരാജനെ തൽസ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് പാർട്ടി നടപടി സ്വീകരിച്ചതെന്നാണ് വിവരം.
#CPMKerala #KeralaPolitics #IndianPolitics #LeftFront #EPJayarajan #BJP #PoliticalControversy