Controversy | മാർകറ്റിംഗ് തന്ത്രമോ ഗൂഡാലോചനയോ! തിരഞ്ഞെടുപ്പ് ദിനത്തിൽ ഇ പിയുടെ 'ആത്മകഥ ബോംബ്' വന്നതിന് പിന്നിലെ കളികളെന്ത്?
● ഡി സി ബുക്സ് പ്രസിദ്ധീകരണം നീട്ടിവച്ചു.
● ഇ പി ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചു.
● വിവാദം ഇടതുമുന്നണിയെ വെട്ടിലാക്കി.
തിരുവനന്തപുരം: (KVARTHA) കേരളത്തിലെ രാഷ്ട്രീയ രംഗം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. മുൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിക്കുയാണെന്നും അതിൽ വൻ പരാമർശങ്ങൾ ഉണ്ടെന്നുമാണ് വയനാടും ചേലക്കരയും പോളിംഗ് ബൂതിലേക്ക് പോകുന്ന ദിനത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വാർത്ത.
ഇത് രാഷ്ട്രീയ കളത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് ദിവസം, ഇ പി ജയരാജൻ ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ പുറത്തുവന്നത് പാർടിയെ വെട്ടിലാക്കിയിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തന്റെ സ്വകാര്യ വസതിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു അന്നത്തെ 'ബോംബ്'.
വിവാദത്തിൽ ഇ പി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് പാർടി ചെയ്തത്. ഇതിന് പിന്നാലെ നടന്ന പാർടി സംസ്ഥാന സെക്രടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം ഏറെനാൾ മൗനത്തിലായിരുന്നു. പാർടിയിലും അത്ര സജീവമല്ല ഇപ്പോൾ. അതിനിടയിലാണ് ഇ പിയുടെ പേരിൽ പാർടി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ഈ വിവാദം ഗൂഢാലോചനയാണെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.
പിന്നിലെ കളികളെന്ത്?
പുസ്തകത്തിലേതെന്ന പേരിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ ഉള്ളടക്കം പുറത്തുവന്നതോടെയാണ് വിവാദം സൃഷ്ടിച്ചത്. ഡി സി ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രസിദ്ധീകരണം നീട്ടിവച്ചു. 'കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്', എന്നാണ് ഡി സി ബുക്സ് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് ദിനം തന്നെ പുസ്തകത്തിലേതെന്ന പേരിൽ ചില ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരാണെന്നാണ് ഉയരുന്ന ചോദ്യം. ഇതിന് പിന്നിൽ പ്രസാധകരാണോ, എഴുത്തുകാരനോ അല്ലെങ്കിൽ മറ്റാരെങ്കിലുമാണോ എന്നതൊക്കെയാണ് ചർച്ചയാകുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവം പുസ്തകത്തിന്റെ പ്രചാരണത്തിനായി ആരെങ്കിലും നടത്തുന്ന ഒരു തന്ത്രമായിരിക്കാം അല്ലെങ്കിൽ പുസ്തകത്തിന്റെ ഉള്ളടക്കം വച്ച് എഴുത്തുകാരനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായിരിക്കാമെന്നും കരുതുന്നവരുണ്ട്.
ഇ പി ജയരാജൻ 75 വയസ് എന്ന പ്രായപരിധിയിലേക്ക് അടുക്കുകയാണ്. അധികാരത്തിലും പാർടി നേതൃത്വത്തിലും തുടരാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. പാർടിക്കുള്ളിൽ തന്റെ സ്വാധീനം കുറയുന്നതിലും ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്ക ഉണ്ടോയെന്നും സംശയിക്കുന്നവരുണ്ട്.
വിവാദ വിഷയങ്ങൾ:
പുറത്തുവന്ന റിപോർടുകൾ പ്രകാരം, ആത്മകഥയിൽ പാർടിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പാർടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ഇ പി ജയരാജൻ ആരോപിച്ചതായി പറയുന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമർശനമുണ്ട്. സ്വതന്ത്രർ വയ്യാവേലികളാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും എന്നും ഇ പി ജയരാജൻ എഴുതിയതായി റിപോർടുകൾ സൂചിപ്പിക്കുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെക്കുറിച്ചുള്ള വിമർശനങ്ങളും ആത്മകഥയിൽ ഉണ്ടെന്നാണ് വിവരം. കണ്ണൂരിൽ 100 കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനൽ സംഘത്തിൻ്റെ നേതാവാണ് കെ. സുധാകരൻ എന്നാണ് കെപിസിസി അധ്യക്ഷനെക്കുറിച്ച് പുസ്‌തകത്തിൽ പറയുന്നത് എന്നാണ് പുറത്തുവരുന്ന റിപോർടുകൾ.
ഇ പി ജയരാജന്റെ പ്രതികരണം:
ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ഇ പി ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൂർത്തീകരിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പുസ്‌തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്നും ഈ വിവരങ്ങൾ എങ്ങിനെ പുറത്തുവന്നു എന്നും ഇ പി ചോദിക്കുന്നു.
തൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്ത് വരുന്ന പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇപി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത് എന്നും വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡിസിയുമായി ഒരു കരാറും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തിന്റെ പ്രത്യാഘാതങ്ങൾ:
ഈ വിവാദം ഇടതുമുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. പാർടിയിലെ അതൃപ്തികളെയാണ് ഈ വിവാദം പുറത്തുകൊണ്ടുവന്നതെന്നും പലരും അഭിപ്രായപ്പെട്ടു. ഈ വിവാദം തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് പ്രതികൂലമായി ഭവിക്കുമോ എന്ന ആശങ്കയും ഉയർന്നു. ഇ പി വിവാദം വരും കാലങ്ങളിൽ കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണണം.
#EPJayarajan #autobiography #controversy #KeralaPolitics #CPIM #DCBooks #election2023