Politics | പിണക്കം മറന്ന് ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല
● പാർട്ടിയിലെ പ്രധാന പരിപാടികളിൽ നിന്ന് അദ്ദേഹം മാറി നിൽക്കുന്നു.
● പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്
● 75 കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു
കണ്ണൂർ: (KVARTHA) സംസ്ഥാന നേതൃത്വവുമായി ഇടത്തു നിൽക്കുന്ന മുതിർന്ന നേതാവ് ഇ പി ജയരാജൻ കേന്ദ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൻ്റെ കരട് അവലോകനങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുത്തിരുന്നില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുക്കാറില്ല.
കണ്ണൂർ പയ്യാമ്പലത്ത് നടന്ന കോടിയേരി, അനുസ്മരണ പരിപാടിയിലും മറ്റു ചില പ്രാദേശിക പരിപാടികളിലും മാത്രമേ ഇപി ജയരാജൻ പങ്കെടുത്തിരുന്നുള്ളു. പാപ്പിനിശേരി അരോളിയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയാണ് ഇപി ജയരാജൻ. ഇതിനിടെയിൽ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും വയനാട് പാർലമെൻ്റ് മണ്ഡലത്തിലും പ്രചാരണം നടത്തുന്ന നേതാക്കളുടെ പേരിൽ ഇ പി ജയരാജനില്ല. പാർട്ടി ഏരിയാ സമ്മേളനങ്ങളിലും ഇപി ജയരാജൻ ഉദ്ഘാടകനായി ക്ഷണിക്കപ്പെട്ടിട്ടില്ല.
എന്നാൽ മറ്റു കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ ശൈലജയും പി.കെ ശ്രീമതിയും പാർട്ടി ഏരിയാ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇതൊക്കെ പാർട്ടി നേതൃത്വം കൂട്ടായി തീരുമാനിക്കുന്നതാണെന്നും ചുമതല ഏൽപ്പിക്കുന്നവർ അതു നന്നായി നിർവഹിക്കുന്നുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ ഇ.പി ജയരാജൻ്റെ പ്രതികരണം. സി.പി.എമ്മിൽ കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി ജയരാജൻ പൂർണമായും ഒറ്റപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പാർട്ടി സമ്മേളനങ്ങളിൽ മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഇ.പിമാറി നിൽകുകയാണെന്നാണ് വിവരം.
75 വയസു കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയിലോ കീഴ്ഘടകങ്ങളിലോ ഉൾപ്പെടുത്തേണ്ടന്ന് കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിരുന്നു. ഈ വരുന്ന പാർട്ടി കോൺഗ്രസോടെ ഇപിയെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുള്ള മറ്റു രണ്ട് മുതിർന്ന നേതാക്കൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഈ കാര്യത്തിൽ പ്രത്യേക ഇളവ് നൽകിയേക്കും കേരളത്തിൽ ഭരണ കാലാവധി അവസാനിക്കാൻ ഇനി രണ്ടു വർഷം കൂടിയുള്ള സാഹചര്യത്തിലാണത്.
#EPJayarajan #CPIM #KeralaPolitics #CentralCommittee #PartyIsolation