സമരയൗവനമേ വിട: വി എസിന് ശേഷം ശൂന്യമാകുമോ രാഷ്ട്രീയ കേരളം?

 
V.S. Achuthanandan leading a protest.
V.S. Achuthanandan leading a protest.

Image Credit: Facebook/ VS Achuthanandan

● വി.എസ്സിന്റെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കി.
● 2006-ലും 2011-ലും വി.എസ്. തരംഗം പ്രകടമായിരുന്നു.
● നെൽവയൽ സംരക്ഷണ നിയമത്തിലൂടെ പരിസ്ഥിതി രാഷ്ട്രീയത്തിന് ഊന്നൽ നൽകി.
● പ്രതിപക്ഷ നേതാവായിരിക്കെ ജനങ്ങളുടെ ശബ്ദമായി അദ്ദേഹം മാറി.

നവോദിത്ത് ബാബു

(KVARTHA) വി.എസ്. അച്യുതാനന്ദൻ മലയാളികളുടെ മനസ്സിനെ എത്രമാത്രം ആഴത്തിൽ സ്വാധീനിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്ന ജനക്കൂട്ടം തന്നെ സാക്ഷ്യപ്പെടുത്തും. ‘ഇല്ല, ഇല്ല, മരിക്കുന്നില്ല, ഞങ്ങളിലൂടെ ജീവിക്കുന്നു! കണ്ണേ, കരളേ വി.എസ്സേ, ജീവൻ വേണമെങ്കിൽ ജീവനിതാ! രക്തം വേണമെങ്കിൽ രക്തമിതാ!’ എന്ന് തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് പുതുതലമുറയിൽപ്പെട്ടവരാണ്. 

അതെ, കേരളത്തിന്റെ സമരയൗവനമായിരുന്നു വി.എസ്. പ്രായം വെറും അക്കമാക്കി, നെറികേടിനെതിരെ നടത്തിയ പടയോട്ടമായിരുന്നു അദ്ദേഹത്തിന്റെ എട്ടു പതിറ്റാണ്ട് ദീർഘമായ രാഷ്ട്രീയ പോരാട്ടജീവിതം. അതിൽ തോൽവിയും വിജയങ്ങളുമുണ്ട്. വരുംവരായ്കകൾ ഒരിക്കലും വി.എസ്. ഗൗനിച്ചിരുന്നില്ല.

‘പരാജയം ഭക്ഷിച്ച് ജീവിക്കുന്നയാൾ’ എന്നായിരുന്നു എം.എൻ. വിജയൻ മാഷ് വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചത്. ജീവിതത്തിൽ ഉടനീളം വി.എസ്. എടുത്ത നിലപാടുകളുടെ ആകെത്തുകയായി ഈ വിശേഷണം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും.

പാർട്ടിക്കുള്ളിലായാലും പുറത്തായാലും വി.എസ്. ഏറ്റെടുത്ത വിഷയങ്ങളിൽ ഭൂരിപക്ഷത്തിന്റെയും അവസാനം കേവലമായ അർത്ഥത്തിൽ പരാജയങ്ങളായി തന്നെയാവും വിലയിരുത്തപ്പെടുക. എന്നാൽ ഈ വിഷയങ്ങളിലെല്ലാം വി.എസ്. എടുത്ത നിലപാടുകളും കാർക്കശ്യബുദ്ധിയും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-പാരിസ്ഥിതിക മണ്ഡലങ്ങളിൽ ഉണ്ടാക്കിയ തുടർചലനങ്ങളും ഇന്നും ബാക്കിയാണ്.

'വി.എസ്. ആണ് ശരി' എന്ന നിലയിലേക്ക് കേരളം വായിച്ചുതുടങ്ങിയ കാലം മുതൽ കേരളത്തിലെ എല്ലാ ജനകീയ വിഷയങ്ങളുടെയും ഹൃദയസ്പന്ദനമായി വി.എസ്. മാറുകയായിരുന്നു. ആ സ്പന്ദനങ്ങളിലൊന്നും ഒരു രാഷ്ട്രീയ പക്ഷമുണ്ടായിരുന്നില്ല, മറിച്ച് ഏറ്റവും ജൈവികമായ ഒരു ജനപക്ഷമുണ്ടായിരുന്നു. 

ആ ജനപക്ഷ നിലപാടിലൂടെ തന്റെ രാഷ്ട്രീയ പക്ഷത്തെ ജനകീയമാക്കാൻ വി.എസ്സിന് സാധിച്ചിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് 2011-ൽ സീറ്റ് നിഷേധിച്ചപ്പോഴും ആഞ്ഞടിച്ച വി.എസ്. തരംഗം എന്ന പ്രതിഭാസത്തിന്റെ കരുത്തും ഇതുതന്നെയായിരുന്നു. 'നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്'; അനുശോചിച്ച് കെ.കെ. രമ.

നെൽവയൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന, 'വെട്ടിനിരത്തൽ' എന്ന പേരിൽ എതിരാളികൾ പരിഹാസ്യപൂർവ്വം വിശേഷിപ്പിച്ച സമരത്തിലൂടെ 1996-ലാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ ഇടങ്ങളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തെ കണ്ണിചേർക്കാനുള്ള വി.എസ്സിന്റെ ആദ്യനീക്കം ഉണ്ടാകുന്നത്. 

സി.പി.എമ്മിന്റെ പാർട്ടി വിഭാഗീയതയുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ ഏറ്റവും ​ഗൗരവമുള്ള ഒരു പാരിസ്ഥിതിക വിഷയത്തെ 'വെട്ടിനിരത്തൽ' എന്ന പേരിൽ പരിഹസിച്ചപ്പോഴും വി.എസ്. കുലുങ്ങിയില്ല. ഒരു ദശാബ്ദത്തിനപ്പുറം മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയപ്പോൾ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലൂടെ വി.എസ്. പരിസ്ഥിതി രാഷ്ട്രീയത്തോടുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടു.

പിന്നീട് പ്ലാച്ചിമട സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വി.എസ്. രം​ഗത്തെത്തുമ്പോൾ വി.എസ്സിന്റെ പക്ഷം ജനപക്ഷമായിരുന്നു. വിഷയത്തിൽ ഇടതുപക്ഷത്തിന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ ജനപക്ഷത്തിനൊപ്പം അണിനിരന്ന് അത് തിരുത്തേണ്ടതുണ്ട് എന്ന് കൂടി വി.എസ്. പറയാതെ പറഞ്ഞു. 

2001-ൽ പ്രതിപക്ഷ നേതാവായിരിക്കെ കേരളത്തിന്റെ സമരയൗവനത്തിന്റെ പ്രതീകമായി വി.എസ്. മാറി. പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ശബ്ദമായി മാറണമെന്നും ഭരണകൂടത്തിനെ ചൂണ്ടുവിരലിൽ നിർത്തുന്ന തിരുത്തൽ ശക്തിയായി മാറണമെന്നും വി.എസ്. രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. കേരളത്തെ സംബന്ധിച്ച് ഭരണപക്ഷത്തെ ജനപക്ഷത്ത് നിന്ന് ചൂണ്ടുവിരലിൽ നിർത്തുകയും തിരുത്തൽ ശക്തിയാകുകയും ചെയ്ത മറ്റൊരു പ്രതിപക്ഷ നേതാവില്ല, വി.എസ്. അല്ലാതെ. അതുപോലെ മറ്റൊരാൾ ഇനി ഉണ്ടായേക്കാനും ഇടയില്ല.

2001-2006 കാലയളവിൽ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. ഏറ്റെടുത്ത വിഷയങ്ങൾ അതിന്റെ സ്വീകാര്യത കൊണ്ടും ​ഗൗരവം കൊണ്ടും വളരെയേറെ പ്രധാനമായിരുന്നു. വൻകിടക്കാരുടെ ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വ്യത്യസ്തങ്ങളായ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ജനപക്ഷം മാത്രം നോക്കി വി.എസ്. ഇടപെട്ടു. 

ഏലമലയിലെ മതികെട്ടാൻ മേഖലയിലെ സംഘടിതമായ കയ്യേറ്റ വിഷയങ്ങൾ ഉയർന്നു വന്നപ്പോൾ വി.എസ്. 78-ാം വയസ്സിൽ മതികെട്ടാൻ മലകയറി. വി.എസ്സിനൊപ്പം കേരളവും മതികെട്ടാനിലെ ജനപക്ഷമായി അണിചേർന്നു. മതികെട്ടാനിലെ 12.82 ചതുരശ്ര കിലോമീറ്റർ വനം ഒരു നാഷണൽ പാർക്കായി സംരക്ഷിക്കാൻ 2003-ൽ ആന്റണി സർക്കാരിന് തീരുമാനിക്കേണ്ടി വന്നു.

പൂയംകുട്ടി മേഖലയിലെ കയ്യേറ്റങ്ങളും കമ്പക്കല്ല് മലയിലെ കഞ്ചാവ് തോട്ടങ്ങളും വി.എസ്. നേരിട്ടെത്തി കണ്ടു. കോഴിക്കോട്ടെ കാവിലുംപാറയിലും മണ്ണാർക്കാട്ടെ കാക്കിവാണി വനത്തിലും മന്ദൻപൊട്ടിയിലുമെല്ലാം കേസുകൾ നടത്തുന്നതിൽ വീഴ്ച വരുത്തി ഏക്കർ കണക്കിന് നിക്ഷിപ്ത വനഭൂമി നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ ആ വിഷയം ഏറ്റെടുക്കാനും വി.എസ്. ഉണ്ടായിരുന്നു. 

പൊന്മുടിയിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ഭൂമി വിൽപ്പന അടക്കം അന്യായങ്ങളെയെല്ലാം വി.എസ്. ചോദ്യം ചെയ്തു. എൻഡോസൾഫാൻ വിഷയത്തിൽ വി.എസ്. നടത്തിയ ഇടപെടൽ വിഷയത്തെ മുഖ്യധാരാ ഇടങ്ങളിലെ പ്രധാന ചർച്ചാ വിഷയമാക്കി.

ജനകീയ പ്രശ്നങ്ങളിൽ എ.കെ.ജി.യെപ്പോലെ മുൻപിൻ നോക്കാതെ എടുത്തു ചാടുന്ന വി.എസ്. മനുഷ്യത്വമെന്ന കൊടിയാണ് ഉയർത്തിപ്പിടിച്ചത്. കേരളത്തിന്റെ സമരയൗവനമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഒട്ടും അതിശയോക്തിയല്ല, യാഥാർത്ഥ്യമാണ്.

 

വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 
 

Article Summary: Reflecting on V.S. Achuthanandan's legacy and his impact on Kerala politics.
 

#VSachuthanandan #KeralaPolitics #PoliticalLegacy #IndianPolitics #CPM #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia