Elon Musk | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്; കാരണമിതാണ്!
ന്യൂഡെൽഹി: (KVARTHA ) സോഷ്യൽ മീഡിയ (Social Media) പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന (Followers) നേതാക്കളിലൊരാളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) അഭിനന്ദിച്ച് കോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക് (Elon Musk).
എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി കവിഞ്ഞു. എക്‌സിൻ്റെ ഉടമ കൂടിയാണ് ഇലോൺ മസ്‌ക്. 'ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവായി മാറിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ', പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക് കുറിച്ചു.
Congratulations PM @NarendraModi on being the most followed world leader!
— Elon Musk (@elonmusk) July 19, 2024
കൂടുതൽ ഫോളോവേഴ്‌സുള്ളവർ
എക്‌സിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ആളുകളുടെ കാര്യത്തിൽ, 2022 ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്‌ക് 190 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ഒന്നാം സ്ഥാനത്താണ്. പിന്നാലെ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രണ്ടാമത്തെ വ്യക്തിയാണ് മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ. എക്‌സിൽ ഒബാമയ്ക്ക് 131 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 112 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി, ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തുണ്ട്..
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എന്നിവരും എക്‌സിൽ ധാരാളം ഫോളോവേഴ്‌സുള്ള ലോകത്തിലെ പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, 2021 മുതൽ 2023 വരെ പ്ലാറ്റ്‌ഫോമിൽ ട്രംപിനെ വിലക്കിയിരുന്നു.
8.77 കോടി ഫോളോവേഴ്‌സാണ് ട്രംപിനുള്ളത്. ജോ ബൈഡന് 3.81 കോടിയും എർദോഗന് 2.15 കോടിയും ഫോളോവേഴ്‌സുണ്ട്. ഇന്ത്യൻ നേതാക്കളിൽ 2.64 കോടി ഫോളോവേഴ്‌സാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുള്ളത്. അരവിന്ദ് കേജ്രിവാളിന് 2.75 കോടി പേർ പിന്തുടരുന്നുണ്ട്.