ഇന്ത്യയ്ക്ക് ഇപ്പോൾ വേണ്ടത് ടിഎൻ ശേഷനെ പോലൊരു തിരഞ്ഞെടുപ്പ് കമ്മീഷണർ! ​നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ആര് രക്ഷിക്കും?

 
Representational image reflecting Election Commission credibility crisis and voter list concerns in India

Representational Image Generated by GPT

ADVERTISEMENT

● സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് പ്രധാനമായും അമർഷം പ്രകടിപ്പിച്ചത്
● പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെട്ടതായി ആരോപണം
● മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി എൻ ശേഷന്റെ മാതൃക പിന്തുടർന്ന് നിഷ്പക്ഷത വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം
● വോട്ടർ പട്ടികയിലെ സുതാര്യതയില്ലായ്മയും ഏകപക്ഷീയമായ തീരുമാനങ്ങളും ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നു

 അഞ്ജലി കൃഷ്ണ

(KVARTHA) ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം മുൻപെങ്ങുമില്ലാത്തവിധം വലിയൊരു വിശ്വസനീയതാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തേണ്ട ഒരു സ്ഥാപനം, സ്വന്തം തീരുമാനങ്ങളുടെയും സുതാര്യതയില്ലായ്മയുടെയും പേരിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ, രാജ്യത്തെ ഓരോ പൗരനും ഓർത്തുപോകുന്നത് തൊണ്ണൂറുകളിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങിയ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി എൻ ശേഷന്റെ ഭരണകാലഘട്ടമാണ്. 

Aster_MIMS

രാഷ്ട്രീയ സമ്മർദങ്ങൾക്കും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥയ്ക്കും വഴങ്ങാതെ ഭരണഘടന നിർദ്ദേശിക്കുന്ന തത്ത്വങ്ങൾ മാത്രം മുറുകെപ്പിടിച്ച ഒരു നിഷ്പക്ഷ ഭരണാധികാരിക്ക് മാത്രമേ ജനാധിപത്യത്തിന്റെ പവിത്രത സംരക്ഷിക്കാൻ സാധിക്കൂ എന്ന സത്യം വർത്തമാനകാല സംഭവങ്ങൾ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തിനുള്ളിൽ തന്നെ കടുത്ത ഭിന്നതകളും എതിർപ്പുകളും നിലനിൽക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌ ആണ് കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനിലെ മറ്റു രണ്ടു കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14-ഓളം വിഷയങ്ങളിൽ തങ്ങളുടെ ഔദ്യോഗികമായ വിയോജിപ്പും എതിർപ്പും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

വിവാദപരമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രക്രിയയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളിലാണ് ഇരുവരും കടുത്ത അമർഷം രേഖപ്പെടുത്തിയത്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ ഭരണപരമായ തീരുമാനങ്ങളിലെ നിയമവിരുദ്ധതയും സുതാര്യതയില്ലായ്മയും ചോദ്യം ചെയ്യേണ്ടി വരുന്നത് ഇതാദ്യമാണ്.

പ്രതിപക്ഷ പാർട്ടികളും വിവിധ പൗരാവകാശ പ്രസ്ഥാനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേകിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണങ്ങളാണ് മാസങ്ങളായി ഉന്നയിക്കുന്നത്. 

രാഹുൽ ഗാന്ധി അടക്കമുള്ള  പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും കൂട്ടുകെട്ടിനെ 'വോട്ട് മോഷണം'  എന്ന് വിശേഷിപ്പിക്കുകയും ഇത് ഭരണഘടനയ്ക്ക് നേരെയുള്ള തുറന്ന ആക്രമണമാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് സാധാരണക്കാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടുകൾ മനഃപൂർവ്വം വെട്ടിമാറ്റി ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിക്കൊടുക്കാൻ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കിയെന്നാണ് കടുത്ത വിമർശനം. 

കമ്മീഷനുള്ളിലെ ഭൂരിപക്ഷ തീരുമാനങ്ങളുടെ മറവിൽ മറ്റു രണ്ട് കമ്മീഷണർമാരുടെ വിയോജിപ്പുകൾ അവഗണിച്ച് ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതി ഗ്യാനേഷ് കുമാറിന്റെ വൺ-മാൻ ഭരണമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

രേഖകളിലെ അട്ടിമറി

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏറ്റവും പ്രാഥമികവും സുപ്രധാനവുമായ ഘടകമാണ് സുതാര്യമായ വോട്ടർ പട്ടിക. എന്നാൽ, പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫ്രോം 6-ൽ വരുത്തിയ മാറ്റങ്ങൾ സർക്കാരിന്റെ ചട്ട ഭേദഗതികളില്ലാതെ നടപ്പിലാക്കിയത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ ഫയലുകളിൽ കുറിച്ചിരിക്കുന്നുവെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുൻപത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിർബന്ധമായും കാണിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയത് ചട്ടലംഘനമാണെന്നും, ഇത് ഉടനടി പിൻവലിക്കണമെന്നും സന്ധുവും ജോഷിയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് തുടരുകയാണെന്ന വിവരങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ഗുരുതരമായ അപാകതകളിലേക്ക് വിരൽ ചൂണ്ടുന്നു.

വോട്ടിംഗ് വിവര ശേഖരണവും ഡിജിറ്റൽ സംവിധാനങ്ങളും കേന്ദ്രീകരിക്കപ്പെടുന്നതിനെതിരെയും കമ്മീഷണർമാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്‌ പറയുന്നത്. വോട്ടർ പട്ടിക പുതുക്കുന്ന ഇആർഒ നെറ്റ് പോർട്ടലിന്റെ പൂർണമായ നിയന്ത്രണം പ്രാദേശിക സ്റ്റാറ്റ്യൂട്ടറി അധികാരികൾക്ക് ലഭ്യമാകുന്നില്ലെന്നും, വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം ആർക്കൊക്കെ ഉണ്ടെന്ന് വ്യക്തമാക്കുന്ന വിധത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കമ്മീഷണർമാർ ആവശ്യപ്പെട്ടു. 

ഐടി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം ഭരണഘടനാപരമായ പരിധികൾ ലംഘിക്കാനും വിവരങ്ങളിലേക്ക് ആക്സസ് തടയാനും നിയമാനുസൃതമായ അവകാശമില്ലെന്ന് ചുണ്ടിക്കാണിക്കപ്പെട്ടിട്ടും അത്തരം ആശങ്കകൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് ആശങ്കാജനകമാണ്.

സ്ഥാപനങ്ങളുടെ തകർച്ച

പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കമ്മീഷനിലെ ഈ ആഭ്യന്തര തർക്കങ്ങളുടെയും ഏകപക്ഷീയമായ തീരുമാനങ്ങളുടെയും നേരിട്ടുള്ള ഇരകൾ ലക്ഷക്കണക്കിന് സാധാരണ പൗരന്മാരാണ്. പശ്ചിമ ബംഗാളിൽ നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ  പ്രക്രിയയിലൂടെ ഏകദേശം 22 ലക്ഷത്തിലധികം വോട്ടർമാർക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടത്. ജുഡീഷ്യൽ ഓഫീസർമാർ വഴി പട്ടികയിൽ ഉൾപ്പെടുത്തിയ വോട്ടർമാർക്കെതിരെ ലക്ഷക്കണക്കിന് അപ്പീലുകൾ സമർപ്പിക്കപ്പെട്ടപ്പോൾ, ഈ അപ്പീലുകൾ ആരുടെ നിർദ്ദേശപ്രകാരമാണ് സമർപ്പിക്കപ്പെട്ടതെന്ന് സ്വന്തം കമ്മീഷനിലെ അംഗങ്ങൾക്ക് പോലും അറിവുണ്ടായിരുന്നില്ല. 

വോട്ടവകാശം നിഷേധിക്കപ്പെട്ട 22.21 ലക്ഷം ആളുകൾ തങ്ങളുടെ പേര് വീണ്ടും ഉൾപ്പെടുത്താൻ അപ്പീലുകളുമായി പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്ന കാഴ്ച ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

തങ്ങൾ ഉന്നയിച്ച ഗുരുതരമായ ക്രമക്കേടുകളും ആശങ്കകളും കമ്മീഷനിൽ ചർച്ച ചെയ്യാതിരിക്കുകയും ആഭ്യന്തര നിർദ്ദേശങ്ങൾ വകവെയ്ക്കാതിരിക്കുകയും ചെയ്തതോടെ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കാബിനറ്റ് സെക്രട്ടറിക്ക് വരെ കത്തെഴുതേണ്ടി വന്നു എന്നത് ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇലക്ട്രൽ റോളിന്റെ ഭരണപരമായ മേൽനോട്ട ചുമതലകളിൽ മാറ്റം വരുത്തിയതിനെതിരെയണ് ഇരുവരും കേന്ദ്ര ഭരണസിരാകേന്ദ്രത്തെ സമീപിച്ചത്. 

ഭരണഘടനയുടെ 324-ാം അനുച്ഛേദ പ്രകാരവും 2023-ലെ നിയമപ്രകാരവും 'കമ്മീഷന്റെ' കൂട്ടായ അംഗീകാരമില്ലാതെ ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയങ്ങളിൽ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.

ശേഷൻ നയിച്ച യുഗം

ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്താണ് ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ കരുത്ത് എന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു പത്താമത് ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ (1990-1996). 1955 ബാച്ച് തമിഴ്‌നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്ന ശേഷൻ ചുമതലയേറ്റെടുക്കുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന്റെ വെറുമൊരു നിഷ്ക്രിയ വകുപ്പ് പോലെ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. 

എന്നാൽ ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന സർവവ്യാപിയായ അധികാരങ്ങൾ തിരിച്ചറിഞ്ഞ ശേഷൻ, അതിനെ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥിതിയിൽ അഴിച്ചുപണി നടത്താനുള്ള മൂർച്ചയേറിയ ആയുധമാക്കി മാറ്റി. രാഷ്ട്രീയക്കാരുടെയും സർക്കാരുകളുടെയും അനാവശ്യ ഇടപെടലുകളെ അദ്ദേഹം നിർദാക്ഷിണ്യം തള്ളിക്കളയുകയും ഇലക്ഷൻ കമ്മീഷൻ എന്നാൽ എന്താണെന്ന് രാജ്യത്തെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ബോധ്യപ്പെടുത്തുകയും ചെയ്തു.

തന്റെ ആറുവർഷത്തെ ഭരണകാലത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ നൂറിലധികം  ക്രമക്കേടുകളും മറ്റും കണ്ടെത്തി നിരോധിക്കാൻ ടി എൻ ശേഷന് സാധിച്ചു. ഇലക്ഷൻ പെരുമാറ്റച്ചട്ടം  കർശനമായി നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. രാഷ്ട്രീയക്കാരുടെ ഭീഷണികൾ, വോട്ടർമാർക്ക് പണമോ മദ്യമോ നൽകൽ, വോട്ടെടുപ്പ് ദിനത്തിലെ ബൂത്ത് പിടുത്തം, ജാതി-മത വികാരങ്ങൾ ഇളക്കിവിട്ടുള്ള പ്രചാരണങ്ങൾ, ലൗഡ് സ്പീക്കറുകളുടെ പരിധിയില്ലാത്ത ഉപയോഗം, വോട്ടെടുപ്പിനായി സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയ്ക്ക് അദ്ദേഹം കടുത്ത വിലക്കുകൾ ഏർപ്പെടുത്തി. 

എല്ലാ അർഹരായ പൗരന്മാർക്കും ഫോട്ടോ പതിച്ച വോട്ടർ ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള ആശയമായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുകൾക്ക് കൃത്യമായ പരിധി നിശ്ചയിക്കുകയും വ്യാജ കണക്കുകൾ സമർപ്പിച്ച ആയിരക്കണക്കിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുകയും ചെയ്തു. തടസ്സമില്ലാത്ത സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ കേന്ദ്ര സേനകളെ വിന്യസിച്ചും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരീക്ഷകരെ നിയോഗിച്ചും അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഏഷ്യയിലെ പ്രശസ്തമായ രമൺ മഗ്സസെ അവാർഡിന് അദ്ദേഹത്തെ അർഹനാക്കി.

നീതിപീഠത്തിന്റെ ഇടപെടൽ

കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത നഷ്ടപ്പെടുന്നുവെന്ന പരാതി ശക്തമാകുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് നീതിപീഠത്തെയാണ്. ഭൂരിപക്ഷ തീരുമാനങ്ങളുടെ മറവിൽ എതിർപ്പുകളെയും ഭരണഘടനാ തത്ത്വങ്ങളെയും അടിച്ചമർത്തുന്നത് അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണെന്ന് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാർ അടക്കമുള്ള പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. 

സുതാര്യതയില്ലാത്ത വോട്ടർ പട്ടിക ശുദ്ധീകരണവും ഏകാധിപത്യപരമായ തീരുമാനങ്ങളും രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശത്തെ നേരിട്ട് ബാധിക്കുന്നതിനാൽ സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് ജനാധിപത്യ സംവിധാനത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കും. സർക്കാരുകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ അജണ്ടകൾക്ക് വഴങ്ങാതെ, പൗരന്റെ പ്രാഥമിക അവകാശമായ വോട്ടവകാശം സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്ന, ഭയരഹിതമായി തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഒരു നേതൃത്വം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അത്യന്താപേക്ഷിതമാണ്. 

ഭരണഘടനാ പദവികളുടെ മര്യാദ കാത്തുസൂക്ഷിക്കാനും, സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം വീണ്ടെടുക്കാനും ടി എൻ ശേഷനെപ്പോലുള്ള ധീരരായ ഭരണാധികാരികളുടെ വഴിയേ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Reports highlight internal rifts within the Election Commission of India, with Commissioners Sukhbir Singh Sandhu and Vivek Joshi dissenting on 14 issues, particularly regarding unilateral changes to voter registration (Form 6) led by CEC Gyanesh Kumar, sparking opposition claims of democratic suppression and a need for strong leadership reminiscent of T.N. Seshan.

#Kvartha #ElectionCommissionOfIndia #GyaneshKumar #TNSeshan #VoterListControversy #IndianDemocracy #DemocracyInDanger #PoliticalNews #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia