Controversy | ബര്‍ലിന് ശേഷം ആത്മകഥയുമായി ഇ പിയും; രാഷ്ട്രീയവിവാദങ്ങളുടെ സുനാമിയുണ്ടാകുമോ, കഥാപാത്രങ്ങളാരൊക്കെ? വിവാദങ്ങളില്‍ മൗനം പാലിച്ച് കണ്ണൂരിലെ നേതൃത്വം
2025-ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങുകയുളളൂവെന്നാണ് സൂചന.
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) എല്‍.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യപ്പെട്ട ഇ പി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നത് കണ്ണൂര്‍ സി.പി.എമ്മില്‍ ആശങ്ക സൃഷ്ടിക്കുന്നു. പാര്‍ട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന നേതാവിന്റെ ആത്മകഥ തിരിച്ചടിയാകുമോ ആശങ്കയിലാണ് കണ്ണൂരിലെ നേതൃത്വം. ഇ പിയെ പുറത്താക്കുന്നതിന് അണിയറ നീക്കങ്ങള്‍ നടത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കുറിച്ചുളള പ്രതികൂല പരാമര്‍ശങ്ങള്‍ ആത്മകഥയിലുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇ.പിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ എസ് വൈ എഫ് മുതല്‍ ഏറ്റവും ഒടുവില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി വരെയുളള രാഷ്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളുമാണ് ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുകയെന്നാണ് സൂചന. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു ശേഷം കണ്ണൂര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ആത്മകഥ പിന്നീട് മറ്റൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ 2025-ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങുകയുളളൂവെന്നാണ് സൂചന.
കേന്ദ്രകമ്മിറ്റി അംഗമാണ് നിലവിൽ ഇപി. പാര്‍ട്ടിയില്‍ നിന്നും ഒഴിവായതിനു ശേഷം മാത്രമേ ആത്മകഥയുമായി അദ്ദേഹം രംഗത്തുവരികയുളളൂ. ഇ.പി ജയരാജന്‍ പടിയിറങ്ങുന്നതോടെ കണ്ണൂരിലെ അതികായകനായ നേതാവിന്റെ പിന്‍മടക്കമാണ് രാഷ്ട്രീയ കേരളം കാണുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തെങ്കിലും സംസ്ഥാനസമിതി ബഹിഷ്‌കരിച്ചാണ് ഇ.പി കണ്ണൂരിലേക്കു മടങ്ങിയത്. സെക്രട്ടേറിയറ്റില്‍ തനിക്കെതിരേ നടപടി ഉറപ്പായതതോടെയായിരുന്നു ക്ഷുഭിതനും അതിലേറെ നിരാശനുമായി ഇ.പി തലസ്ഥാനം വിട്ടത്.
കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യം അറിയില്ലെന്നാണ് വാര്‍ത്തകള്‍ തള്ളിക്കൊണ്ട് തിരുവനന്തപുരത്ത് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നായിരുന്നു തിരുവനന്തപുരം വിടുമ്പോള്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ പാപ്പിനിശേരി അരോളിലെ വീട്ടിലെത്തിയ അദ്ദേഹം പുറത്തിറങ്ങിയതേ ഇല്ല. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് ഇ.പിയുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറം ലോകമറിഞ്ഞത്.
ജാവ്‌ദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ.പിയുടെ വിശദീകരണം. കുറച്ചുകാലമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ജയരാജന്‍ അത്ര രസത്തിലല്ല. എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ നംസ്ഥാന ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനിന്നിരുന്നു. വഴിവിട്ട ഇടപാടുകളിലും ഭാര്യയുടെ പേരിലുള്ള വൈദേകം റിസോര്‍ട്ടിന്റെ പേരിലും സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജനും ഇ.പിക്കെതിരേ പാര്‍ട്ടി വേദികളില്‍ പ്രതികരിച്ചിരുന്നു.
രാഷ്ട്രീയജീവിതത്തില്‍ വ്യക്തിവിശുദ്ധി സൂക്ഷിക്കുന്നില്ലെന്നായിരുന്നു ഇ.പിക്കെതിരേ പി.ജയരാജന്റെ ആരോപണം. അണികള്‍ക്കിടയിലും ഇ.പിയോട് പഴയ മതിപ്പും പ്രീതിയും കുറഞ്ഞുതുടങ്ങിയിരുന്നു. അടുത്തകാലത്ത് പല കാരണങ്ങളാലും ഒറ്റപ്പെട്ടപ്പോഴും ഭാര്യാസഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി ഒഴികെ ഒരാളും ഇ.പിയുടെ രക്ഷയ്‌ക്കെത്തിയിരുന്നല്ലെന്നതും ശ്രദ്ധേയം. ഒരുകാലത്ത് കണ്ണൂര്‍ സി.പി.എമ്മില്‍ ഏറെ കരുത്തരായ മൂന്നു ജയരാജന്‍മാരില്‍ പ്രബലന്‍ ഇ.പി തന്നെയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായെങ്കിലും ബന്ധുനിയമന ആരോപണം നേരിട്ടതോടെ ഇ.പി ജയരാജയന്‍ രാജിവച്ചു.
പി. കെ ശ്രീമതിയുടെ മകന്‍ സുധീറിനെ കെ.എസ്.ഐ.ഡി.സി എം.ഡിയായി നിയമിച്ചതാണ് മന്ത്രിസഭയില്‍നിന്നു പുറത്തേക്ക് വഴിയൊരുക്കിയത്. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇ.പി മന്ത്രിസഭയില്‍ തിരിച്ചുവന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും ഇ.പിയുടെ പേര് ഉയര്‍ന്നുകേട്ടു. മുഖ്യപ്രതി പി സതീഷ് കുമാറുമായുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. മട്ടന്നൂര്‍ സ്വദേശിയായ സതീഷ് കുമാര്‍ തൃശൂരില്‍ താവളമുറപ്പിക്കുന്നത് ഇ.പി ജയരാജന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കവേയാണ്. മന്ത്രിയായിരിക്കുമ്പോഴടക്കം, സതീഷ് കുമാറിനെ ഇ.പി വഴിവിട്ട സഹായിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.
2007ല്‍ ഇ.പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും അദ്ദേഹത്തിന്റെ മക്കളില്‍നിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചതും വന്‍ വിവാദമായിരുന്നു. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ പണം തിരിച്ചുനല്‍കി പാര്‍ട്ടി തലയൂരി. ഇതിനിടയില്‍ തന്നെ ഇ.പി വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്ബോള്‍ സംഘാടകസമിതി വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നു. വെറുക്കപ്പെട്ടയാളില്‍നിന്ന് പാര്‍ട്ടി സംഭാവന വാങ്ങുമെന്ന് കരുതുന്നില്ലെന്ന വി.എസ് അച്യുതാനന്ദന്റെ ശക്തമായ പ്രതികരണവും രാഷ്ട്രീയ കേരളത്തിന്റെ മനസിലുണ്ട്.
#EPJayarajan #KeralaPolitics #CPIM #Autobiography #Controversy #IndianPolitics