Leadership | വിശ്വപൗരൻ ഇ അഹ്‌മദ് വിട വാങ്ങിയിട്ട് 8 വർഷം; ലോകരാജ്യങ്ങളിൽ മുഴങ്ങിയ ശബ്ദം


● പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സഭാംഗമായ അഹ്‌മദ് ഈ ലോകത്ത് നിന്നും വിട പറയുന്നത്.
● കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും കേരളത്തിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷത്തിന് ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന റെക്കോർഡിന് ഉടമയുമായിരുന്നു ഇ അഹ്‌മദ്.
● രാഹുൽഗാന്ധി ഈ റെക്കോർഡ് ഭേദിക്കുന്നതുവരെ ഏറെ വർഷക്കാലം അഹമ്മദിന്റെ റെക്കോർഡ് നിലനിന്നിരുന്നു.
കണ്ണൂർ: (KVARTHA) നഗരസഭ ചെയർമാൻ പദവിയിൽ നിന്ന് തുടങ്ങി സംസ്ഥാനത്ത് എംഎൽഎ, സംസ്ഥാന മന്ത്രി, എംപി, ഏറെക്കാലം കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച എടപ്പകത്ത് അഹ്‌മദ് എന്ന ഇ അഹ്‌മദ് ഈ ലോകത്തോട് വിടവാങ്ങിയിട്ട് എട്ട് വർഷം തികയുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭാംഗമായ ആദ്യ വ്യക്തിയായ ഇ അഹ്‌മദ് റെയിൽവേ, വിദേശകാര്യ വകുപ്പുകളിൽ സഹമന്ത്രിയും 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും, മരണമടയുമ്പോൾ മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സഭാംഗമായ അഹ്‌മദ് ഈ ലോകത്ത് നിന്നും വിട പറയുന്നത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും കേരളത്തിൽ വച്ചേറ്റവും വലിയ ഭൂരിപക്ഷത്തിന് ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന റെക്കോർഡിന് ഉടമയുമായിരുന്നു ഇ അഹ്‌മദ്. രാഹുൽഗാന്ധി ഈ റെക്കോർഡ് ഭേദിക്കുന്നതുവരെ ഏറെ വർഷക്കാലം അഹമ്മദിന്റെ റെക്കോർഡ് നിലനിന്നിരുന്നു.
1938 ഏപ്രിൽ 29-ന് കണ്ണൂർ സിറ്റിയിൽ ജനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുന്നണി പോരാളി ആവുകയും കണ്ണൂർ നഗരസഭയിലേക്ക് മത്സരിച്ച് തെരഞ്ഞെടുപ്പ് പോരാട്ടം ആരംഭിക്കുകയും ചെയ്തു. കണ്ണൂർ നഗരസഭ ചെയർമാനായി പ്രവർത്തിച്ച ഇഅഹ്‌മദ് മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല എന്ന് അപൂർവ റെക്കോർഡിന് ഉടമയാണ്.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിച്ച ഏക യു.ഡി.എഫ്. അംഗം അഹമ്മദായിരുന്നു. 20 സീറ്റിൽ 19 ഉം നേടി എൽ.ഡി.എഫ്. ചരിത്രവിജയം നേടിയ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം സ്വന്തം കൈപ്പിടിയിലൊതുക്കി അഹമ്മദ് യു.ഡി.എഫിന്റെ മാനം കാക്കുകയാണ് ഉണ്ടായത്. അഞ്ചുതവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ കരുണാകരൻ മന്ത്രിസഭയിൽ കേരള വ്യവസായ മന്ത്രിയായിരുന്നു.1991 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പിന്നീട് മരണം വരെയും ലോക്സഭ അംഗമായിരുന്നു.
ഭരണഘടന അനുവദിച്ച ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിലെന്നും മുന്നിലായിരുന്നു ഇഅഹമ്മദ്. അറബി ഭാഷയിലുള്ള അഗാധമായ അറിവ് കാരണം വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികളുമായി ദ്വിഭാഷികളുടെ സഹായമില്ലാതെ അഹമ്മദിന് നേരിട്ട് സംസാരിക്കാൻ സാധിച്ചത് വിദേശകാര്യ മന്ത്രി എന്നതിനേക്കാൾ രാജ്യത്തിന്റെ ഔദ്യോഗിക അംബാസിഡർ എന്നപോലെ രണ്ട് സർക്കാറുകളും തമ്മിൽ ബന്ധം ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്.
2004 ൽ ഇറാഖിൽ ഇന്ത്യക്കാരെ ബന്ദികൾ ആക്കിയതിന് തുടർന്നുണ്ടായ പ്രശ്നങ്ങളിലും ഗൾഫിൽ തൊഴിൽ വിസ നിയന്ത്രണം ശക്തമാക്കിയതിനെ തുടർന്ന് ഇന്ത്യൻ തൊഴിലാളികൾ യാതന അനുഭവിച്ചപ്പോൾ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തിയത് അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തിന്റെ തിളങ്ങുന്ന അധ്യായമായി വിലയിരുത്തുന്നു. സൗദി ഭരണകൂടത്തിന്റെ അതിഥിയായി ഇന്ത്യയിൽ നിന്ന് പോകുന്ന ഹജ്ജ് സംഘത്തിന്റെ തലവനായും അഹമ്മദ് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്ലാം മത വിശ്വാസികൾ പരിപാവനമായി കരുതുന്ന പ്രാർത്ഥനാലയമായ മക്കയിലെ കഅബ കഴുകുന്നതിന് ക്ഷണം ലഭിച്ച ലോകത്തിലെ തന്നെ അപൂർവ്വം നേതാക്കളിൽ ഒരാളാണ് അഹമ്മദ്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ജനുവരി 31ന് ലോക്സഭയിൽ തളർന്നുവീണ അഹ്‌മദ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ അന്തരിക്കുകയായിരുന്നു. ഭൗതികശരീരം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് ശേഷം കണ്ണൂർ സിറ്റി ഖബർസ്ഥാനിലാണ് ഖബറടക്കിയത്. വി കെ കൃഷ്ണമേനോന് ശേഷം കണ്ണൂരിൻ്റെ പ്രശസ്തി ലോകമാകെ ഉയർത്തിപ്പിടിച്ച മഹാനായ നേതാക്കളിലൊരാളാണ് ഇ അഹ്‌മദ്.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
E Ahmad, a prominent leader of the Indian Union Muslim League, passed away eight years ago. He had a significant impact on national and international relations.
#EAhmad #IndianPolitician #MuslimLeague #Kozhikode #Leadership #IndianHistory