Protection | എസ്എഫ്ഐക്ക് ഡിവൈഎഫ്ഐ സംരക്ഷണം നൽകുമെന്ന് വി കെ സനോജ്; 'കെ എസ് യുവും യൂത്ത് കോൺഗ്രസും കോൺഗ്രസിന്റെ പിന്തുണയോടെ ആക്രമണം അഴിച്ചുവിടുന്നു'

 
 VK Sanoj addressing DYFI protest against KSU-Youth Congress attacks
 VK Sanoj addressing DYFI protest against KSU-Youth Congress attacks

Photo Credit: Screenshot from a Facebook video by DYFI Kerala

● 'അക്രമത്തിന് നേതൃത്വം നൽകിയവർ ആംബുലൻസിൽ കടന്നുകളഞ്ഞു'
● 'കൊലക്കേസ് പ്രതികളെ ഇറക്കി എസ്എഫ്ഐക്കാരെ അടിച്ചൊതുക്കാൻ ശ്രമം'
● 'പാലക്കാട്ടെ ബ്രൂവറി യൂണിറ്റ് വ്യാവസായിക മുന്നേറ്റത്തിന് സംഭാവന നൽകും'

തിരുവനന്തപുരം: (KVARTHA) കോളജുകളിൽ കെ എസ് യുവും യൂത്ത് കോൺഗ്രസും കോൺഗ്രസിന്റെ പിന്തുണയോടെ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ആക്രമം തുടർന്നാൽ സംരക്ഷണമൊരുക്കാൻ യുവജനങ്ങൾ തയ്യാറാകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

തൃശൂർ മാള ഹോളി ഗ്രേസിൽ കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ അക്രമത്തിന് നേതൃത്വം നൽകിയവർ ആംബുലൻസിൽ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഈ യാഥാർത്ഥ്യം ദൃശ്യങ്ങൾ സഹിതം പുറത്തെത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചു. 

ഏകപക്ഷീയമായ ഗുണ്ടാ ആക്രമണത്തെ, എസ്എഫ്ഐ - കെ എസ് യു സംഘർഷമാക്കി മാറ്റുന്നതായിരുന്നു വാർത്തകൾ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ സംരക്ഷണയിൽ അഴിഞ്ഞാടുന്ന ക്രിമിനൽ സംഘങ്ങളെ മാധ്യമങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ തുറന്നുകാണിക്കണമെന്ന് വി കെ സനോജ് കൂട്ടിച്ചേർത്തു.

കൊലക്കേസ് പ്രതികളെയും വാഹനമോഷണക്കേസ് പ്രതികളെയും ഇറക്കി കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകരെ അടിച്ചൊതുക്കാനാണ് തീരുമാനമെങ്കിൽ അതിശക്തമായ ചെറുത്തുനിൽപുണ്ടാകുമെന്ന് വി കെ സനോജ് മുന്നറിയിപ്പ് നൽകി. മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം യുവജനസംഘടന എന്ന നിലയിൽ ഡിവൈഎഫ്ഐ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ടെ ബ്രൂവറി യൂണിറ്റ്, സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് വലിയ സംഭാവന നൽകുമെന്ന് വി കെ സനോജ് പറഞ്ഞു. വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്ന കേരളം വൈവിധ്യമാർന്ന നിരവധി വ്യവസായ മേഖലകൾക്കുള്ള ഇടമായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്പിരിറ്റ് മാഫിയയെ സഹായിക്കാനും, കർണാടകയിലെ സ്പിരിറ്റ് കച്ചവടക്കാരായ കോൺഗ്രസ് നേതാക്കളുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് കേരളത്തിൽ വി.ഡി. സതീശനും സംഘവും.

കുടിവെള്ളപ്രശ്നം ഉണ്ടാകുമെന്ന പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ ആശങ്കയിലാക്കാനുള്ള സതീശന്റെയും കൂട്ടരുടെയും ശ്രമം ഇതിനോടകം പൊളിഞ്ഞു. ചുരുക്കത്തിൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായ ശേഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും കാറ്റുപോയ ബലൂൺ പോലെയായെന്നും വി.കെ. സനോജ് പരിഹസിച്ചു. കുടിവെള്ളവുമായി ബന്ധപ്പെട്ട ഒരുതരം ആശങ്കയും പാലക്കാട്ടെ ബ്രൂവറി യൂണിറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകില്ലെന്ന് സംശയത്തിനിടയില്ലാത്തവിധം മുഖ്യമന്ത്രി കേരളത്തെ അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ പ്രത്യേക താൽപര്യങ്ങൾ മുൻനിർത്തിയുള്ള പ്രചരണങ്ങളെ തള്ളി, യുവാക്കൾക്കും സമൂഹത്തിനും ഗുണകരമാകുന്ന വ്യവസായ സംരംഭങ്ങൾക്ക്, പോസിറ്റീവായ പ്രചാരണമാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകേണ്ടത്. നാടിന് മാറ്റമുണ്ടാക്കുന്ന വികസന പ്രവർത്തനങ്ങളിൽ മാധ്യമ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് തെറ്റിദ്ധാരണകൾ അകറ്റുന്ന സമീപനം ഉണ്ടാകണമെന്ന് വി കെ സനോജ് കൂട്ടിച്ചേർത്തു.

DYFI state secretary VK Sanoj has alleged that KSU and Youth Congress are carrying out planned attacks in colleges with the support of Congress. He said that if the attacks continue, the youth will be ready to provide protection.

#DYFI #SFI #KSU #YouthCongress #CollegeAttack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia