Allegation | ജനം ടിവിയുടെ പോസ്റ്റർ രാജ്യദ്രോഹപരമാണെന്ന് ഡിവൈഎഫ്ഐ; 'രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ചു'


ADVERTISEMENT
ജനം ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു
കോഴിക്കോട്: (KVARTHA) സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തിൽ പോസ്റ്റർ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ഡിവൈഎഫ്ഐ. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനം ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വാതന്ത്ര്യ ദിനാശംസകളായി ആദ്യം പങ്കുവെച്ച പോസ്റ്ററിൽ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവയ്ക്കുന്ന തോക്കോട് കൂടിയ ചിത്രമാണ് ഉണ്ടായിരുന്നതെന്നും പിന്നീട് ആ ചിത്രം അവർ പിൻവലിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.
പോസ്റ്ററിൽ ഗാന്ധിയെക്കാൾ പ്രാധാന്യം ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കർക്ക് നൽകിയത് രാജ്യത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തെ പോലും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടിവി രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.