ഡോ. മുഹമ്മദ് അഷീലിനെതിരായ അഴിമതിയാരോപണ അന്വേഷണം: ലക്ഷ്യം കെ കെ ശൈലജയോ? വിവാദം പുകയുമ്പോൾ പ്രതികരണമില്ലാതെ സിപിഎം നേതൃത്വം

 
 Image representation of Dr. Mohammed Asheel

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● കോവിഡ് പ്രതിരോധ കാലത്തെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി
● ധനകാര്യ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ചട്ടവിരുദ്ധമായ പണവിനിയോഗം വ്യക്തം
● സി പി എമ്മിലെ വിഭാഗീയത ചർച്ചയാകുന്നു

കണ്ണൂർ: (KVARTHA) കോവിഡ് കാലത്തെ പ്രതിരോധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടിൽ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് ധനകാര്യ വകുപ്പിലെ ഓഡിറ്റ് വിഭാഗം രംഗത്തെത്തിയതോടെ പ്രതിരോധത്തിലായത് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു ഡോ. മുഹമ്മദ് അഷീൽ. 

Aster mims 04/11/2022

കോവിഡ്, നിപ്പ കാലങ്ങളിൽ അഷീൽ നേതൃത്വം നൽകുന്ന മെഡിക്കൽ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. ലോക രാഷ്ട്രങ്ങളിൽ നിന്നു വരെ സംസ്ഥാന സർക്കാരിനും ആരോഗ്യ മന്ത്രിക്കും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും ഇതിന് ലഭിച്ചിരുന്നു. അഷീലിനെ പുകഴ്ത്തിക്കൊണ്ട് അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പിപിഇ കിറ്റ് വാങ്ങിയതിൽ ഉൾപ്പെടെ അഴിമതിയാരോപണം അന്ന് ഉയർന്നിരുന്നുവെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ ടെൻഡർ വിളിക്കാനോ വിലപേശാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞിരുന്നു. സിഎജി റിപ്പോർട്ടിലും പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സർക്കാർ കാഞ്ഞങ്ങാട്ടേക്ക് മാറ്റിയ അഷീലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്. പരോക്ഷമായി കെ കെ ശൈലജയെ ടാർഗറ്റ് ചെയ്താണ് കാര്യങ്ങളുടെ പോക്കെന്നാണ് വിലയിരുത്തൽ.

സിപിഎമ്മിലെ വിഭാഗീയത

സിപിഎമ്മിലെ വിഭാഗീയതയാണ് ഇപ്പോഴുണ്ടായ നടപടിക്ക് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കെ കെ ശൈലജ ഉൾപ്പെടെ കണ്ണൂരിലെ മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിഴിഞ്ഞം ഓഹരി വിൽപ്പന വിവാദത്തിൽ അഭിപ്രായ ഭിന്നതയിലാണ്. പിണറായിയുടെ വിശ്വസ്തനായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിഴിഞ്ഞം പദ്ധതിയിൽ അദാനി-വി ഡി സതീശൻ ഡീൽ ആരോപിച്ചിരുന്നു. 

വിഴിഞ്ഞം പോർട്ട് എംഡിയായിരുന്ന ദിവ്യ എസ് അയ്യരെ സർക്കാർ നീക്കിയത് അഴിമതി നടത്താനാണെന്നായിരുന്നു കെ കെ രാഗേഷിന്റെ വിമർശനം. എന്നാൽ ഇതിനെ പിന്തുണയ്ക്കാൻ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവർ തയ്യാറായില്ല. ആരോപണം ഉന്നയിച്ച കെ കെ രാഗേഷ് തന്നെ ഈ കാര്യം വ്യക്തമാക്കണമെന്നായിരുന്നു മാധ്യമങ്ങളോട് ഇവരുടെ പ്രതികരണം.

ആരോപണങ്ങൾ ഇങ്ങനെ

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും ടെൻഡർ നടപടി പാലിക്കാതെയും ഡോ. മുഹമ്മദ് അഷീൽ പണം ചെലവാക്കിയെന്ന ആരോപണം കെ കെ ശൈലജയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. 

മൂന്ന് മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ ക്രമപ്പെടുത്തുകയോ ബില്ലുകളോ വൗച്ചറുകളോ രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ. 44.63 ലക്ഷം രൂപ വിവിധ ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് മുൻകൂറായി നൽകി. പിന്നീട് അനുമതി വാങ്ങുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ല. കൂടാതെ കെഎസ്എസ്എം ഹാളിന്റെ നവീകരണത്തിലും 19 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ.

ചട്ടവിരുദ്ധമായും ക്രമവിരുദ്ധമായും ഡോ. മുഹമ്മദ് അഷീൽ കാര്യങ്ങൾ ചെയ്തെന്നാണ് ധനകാര്യ വകുപ്പിലെ പരിശോധന വിഭാഗം കണ്ടെത്തിയത്. ഇക്കാര്യത്തിൽ മുഹമ്മദ് അഷീലിൽ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാത്തതിനാൽ അത് തള്ളിക്കൊണ്ടാണ് വകുപ്പുതല നടപടിക്ക് ആരോഗ്യ വകുപ്പിനോട് ശിപാർശ ചെയ്തിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഡോ. മുഹമ്മദ് അഷീൽ വഹിച്ചിരുന്നത്. അതേസമയം, വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെയാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും തനിക്കെതിരെയുള്ള തെളിവുകൾ അപൂർണമാണെന്നുമാണ് അഷീലിന്റെ നിലപാട്.

ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Allegations of financial irregularities against Dr. Mohammed Asheel have emerged, with reports suggesting the move may target former health minister K.K. Shailaja.

#DrMohammedAsheel #KKShaileja #CPM #CorruptionAllegation #KeralaPolitics #CovidControversy #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia