

● എലികൾ മാളത്തിൽ നിന്ന് ഓടുന്നതുപോലെ മന്ത്രിമാർ പരക്കം പാഞ്ഞു.
● കേരളാ മോഡൽ ആരോഗ്യ പദ്ധതി വെറും തള്ളലാണെന്ന് ആരോപണം.
● അത്യാവശ്യ മരുന്നുകളോ ഡോക്ടർമാരോ ലഭ്യമല്ല.
● ശസ്ത്രക്രിയ മാറ്റിവെച്ച സംഭവം വെളിപ്പെടുത്തി.
● സർക്കാർ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
കനവ് കണ്ണൂർ
(KVARTHA) സമൂഹമാധ്യമങ്ങളിലെ പൊങ്ങച്ചം പറയുന്നവരുടെ സ്വർഗ്ഗരാജ്യത്തേക്ക് ഒരു കട്ടുറുമ്പിനെപ്പോലെ ഡോക്ടർ ഹാരിസ് ചിറയ്ക്കൽ കടന്നുവന്നിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും അവർക്കായി നിർഭയം ശബ്ദിക്കുകയും ചെയ്ത ഈ ഡോക്ടർ നമ്മുടെ നിലവിലുള്ള സമ്പ്രദായങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.
അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ വിമർശനങ്ങളേറ്റ്, എലികൾ മാളത്തിൽ നിന്ന് ഓടുന്നതുപോലെ ആരോഗ്യ മന്ത്രിയും കൂട്ടരും പരക്കം പായുകയാണ്. ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിക്ക് പോലും ഹാരിസ് ചിറയ്ക്കലിൻ്റെ വിമർശനങ്ങൾ പ്രതിരോധിക്കേണ്ടി വന്നു. കേരളാ മോഡൽ ആരോഗ്യ പദ്ധതി വെറും തള്ളലാണെന്ന് അദ്ദേഹം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
കുറെ കെട്ടിടങ്ങൾ നിർമ്മിച്ച് ഉപയോഗിക്കാത്ത മരുന്നുകളും യന്ത്രങ്ങളും വാങ്ങി ഭരണക്കാർ കമ്മീഷനടിക്കുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അത്യാവശ്യ മരുന്നുകളോ ഡോക്ടർമാരോ ഇല്ലാതെ ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ട അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ.
‘അള മുട്ടിയാൽ ചേരയും കടിക്കും’ എന്ന ചൊല്ലുപോലെയാണ് ഇതൊന്നും കണ്ടുനിൽക്കാൻ ക്ഷമയില്ലാതെ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടൽ. തികച്ചും നിർഭയമായ ഡോക്ടറുടെ ഇടപെടലുകൾ സാധാരണക്കാരായ രോഗികൾക്ക് ഏറെ ഗുണം ചെയ്തിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഭരിക്കുന്നവരെ വാരിയെലിച്ചതോടെ, തള്ളലുകൾ മാറ്റിവെച്ച് മന്ത്രിയും ഭരണക്കാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്.
ഇതിൻ്റെ ഗുണഫലമായി കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥിയുമായ 23 വയസ്സുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടർനടപടിയുണ്ടായത്.
ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. ഈ യുവാവിൻ്റേതടക്കം നാല് ശസ്ത്രക്രിയകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത്.
കടുത്ത വേദനയെ തുടർന്നായിരുന്നു 23 വയസ്സുകാരനായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
ഉപകരണം തകരാറിലായതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ മാറ്റിയത്. ഈ സംഭവമായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാൻ ഡോ. ഹാരിസ് ചിറയ്ക്കലിനെ പ്രേരിപ്പിച്ചത്.
മകൻ്റെ പ്രായത്തിലുള്ള യുവാവിൻ്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കൽ പറഞ്ഞിരുന്നു. കടുത്ത വേദന കടിച്ചമർത്തിയായിരുന്നു യുവാവ് പരീക്ഷകൾ എഴുതിയിരുന്നതെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കിയിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തൽ നടത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമർശനമായിരുന്നു ഡോക്ടർ ഉന്നയിച്ചത്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കൽ തുറന്നെഴുതിയിരുന്നു.
ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെക്കേണ്ടിവരികയാണെന്നും, മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ടും ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുകയാണെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ കുറ്റപ്പെടുത്തിയിരുന്നു.
സംഭവം ചർച്ചയായതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറയ്ക്കൽ പിൻവലിച്ചു. ഇതിന് പിന്നാലെ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങൾ തള്ളി ഡി.എം.ഇ. (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) രംഗത്തെത്തി.
ഡോക്ടറിൻ്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണംകെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡി.എം.ഇ. പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കിയെന്നും ഡി.എം.ഇ. വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. ഡിപ്പാർട്ട്‌മെൻ്റ് മേധാവി ആയതുമുതൽ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മർദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോർജ് വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ ആരോപണം അന്വേഷിക്കുന്നതിനായി നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി. പത്മകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡോ. എസ്. ഗോമതി, ഡോ. എ. രാജീവൻ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ. വിഷയത്തിൽ വിശദമായി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഏറ്റവും ഒടുവിൽ ഹാരിസ് ചിറയ്ക്കലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി കണ്ണൂരിൽ നടന്ന അവലോകന യോഗത്തിൽ പറഞ്ഞു.
ഡോക്ടർ ഹാരിസ് ചിറയ്ക്കൽ അഴിമതി തീണ്ടാത്ത ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാൾ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇല്ലാത്ത ഉപകരണങ്ങൾ വളരെ വേഗം വാങ്ങി നൽകാറുണ്ട്. കേരളത്തെ താറടിച്ചു കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിയുംവിധം അതൃപ്തി പുറത്തുവിട്ടാൽ നല്ല പ്രവർത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഡോക്ടർ ഹാരിസിൻ്റെ വിമർശനം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ഏറ്റെടുത്തിട്ടുണ്ട്. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതകൾ പുറംലോകമറിയാൻ തുടങ്ങിയതോടെ ഇനി തള്ളു മറിക്കൽ കൊണ്ടുമാത്രം മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാർ മനസ്സിലാക്കണം.
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Dr. Haris Chirakkal's revelations about Kerala's health sector shortcomings spark controversy and government response.
#KeralaHealth #DrHarisChirakkal #MedicalNegligence #GovernmentHospitals #KeralaPolitics #HealthCareCrisis