Political Shift | ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു
● 2020ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്
● അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ല്
കൊളംബോ: (KVARTHA) ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. എന്‍പിപി എംപിയായ ഹരിണി ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2020ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ചുമതലയേറ്റതിനെ തുടര്‍ന്ന് ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
ശ്രീലങ്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ മിന്നും വിജയവുമായാണ് 55 കാരനായ അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടി ആയിരുന്നു വിജയം. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്.
#SriLanka #HariniAmarasuriya #WomenLeaders #SriLankaPolitics #NPP #NewPrimeMinister