Criticism | മുസ്ലിംലീഗിനെ പറ്റി വെള്ളാപ്പള്ളിക്ക് അറിയാമോ? ക്രിസ്ത്യാനിയായ എ കെ ആൻ്റണിയെ തിരൂരങ്ങാടിയിൽ ജയിപ്പിച്ച ചരിത്രമാണ് ഈ പാർട്ടിക്കുള്ളത്!
● ശ്രീ നാരായണ ഗുരുവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജാതി സംഘടനയാണ് എസ്എൻഡിപി എന്ന് വിമർശകർ
● 1996-ൽ എ കെ ആന്റണിയെ തിരൂരങ്ങാടിയിൽ വിജയിപ്പിച്ച മുസ്ലിം ലീഗിന്റെ ചരിത്രം.
സോണി കല്ലറയ്ക്കൽ
(KVARTHA) 'ഒരു ജാതി, ഒരു മതം, ഒരു ദൈവം', 'മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത്'. ഇത് രണ്ടും പറഞ്ഞ ശ്രീ നാരായണ ഗുരുവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജാതി സംഘടനയാണ് എസ്എൻഡിപി എന്ന് വിമർശകർ പറയാറുണ്ട്. എസ്എൻഡിപി ജനറൽ സെക്രട്ടറി മുസ്ലിം ലീഗിനെ വെറുതെ അതും മിതും വേണ്ടാത്തത് പറഞ്ഞ് പരിഹസിക്കുകയാണ് ഇപ്പോൾ എന്നാണ് ആരോപണം. മുസ്ലീം ലീഗിനെതിരെ നടത്തിയ അദ്ദേഹത്തിന്റെ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
മുസ്ലിം ലീഗ് മതേതര പാർട്ടിയല്ല, പേര് തന്നെ മുസ്ലിം കൂട്ടായ്മ എന്നാണ്, അതുകൊണ്ട് അവരെ വർഗീയവാദിയെന്ന് വിലയിരുത്താം എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ തോൽക്കും എന്ന് വിധിച്ച 'മജിസ്‌ട്രേറ്റ്' ആണ് ഇതെന്ന് ഓർക്കണം. എന്നിട്ട് രാഹുൽ ജയിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ ലീഗിനെതിരെ സംസാരിക്കുകയാണ്. ശ്രീ നാരായണ പരിപാലന സംഘം, മതേതരമാണോ? എന്നതിനും ഒരു ഉത്തരം കിട്ടിയാൽ കൊള്ളാമെന്നാണ് നെറ്റിസൻസിന്റെ കമന്റ്.
വെള്ളാപ്പള്ളി നടേശൻ്റെ ഈ പ്രസ്താവനയ്ക്കെതിരെ ഒരാൾ സോഷ്യൽ മീഡിയായിൽ ഇട്ട ഒരു കമൻ്റ് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. 'വെള്ളാപ്പള്ളി, താങ്കളോട് എല്ലാ ബഹുമാനം വെച്ച് പറയുകയാണ്. മുസ്ലിം ലീഗ് ഒരു മതേതര പാർട്ടിയാണെന്ന് അറിയണമെങ്കിൽ പ്രവാസ ലോകത്ത് കുറച്ചുകാലം ജോലി ചെയ്താൽ മനസ്സിലാകും. കാരണം, താങ്കൾ കള്ളിനെ ഏറ്റവും കൂടുതൽ എതിർത്ത നേതാവിന്റെ പാർട്ടിക്കാർ ആയി താങ്കൾ തുടരുകയും ഏറ്റവും കൂടുതൽ കള്ള് കച്ചവടം ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. അപ്പോൾ നിങ്ങളുടെ നയം ഒന്നും നിങ്ങൾ ചെയ്യുന്ന പണി വേറെയുമാണ്.
മുസ്ലിം ലീഗ് അതിന്റെ ഒരു പോഷക സംഘടനയുണ്ട്. അതിന്റെ പേര് കെഎംസിസി എന്നാണ്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. അവിടെ നിങ്ങൾ ഈ പറഞ്ഞ മുസ്ലിം പേരുകൾ നോക്കി അവർ ഒന്നും ചെയ്യാറില്ല. അതറിയണമെങ്കിൽ നാട്ടിലുള്ള പ്രവാസികളോട് ചോദിച്ചാൽ താങ്കൾക്ക് ഈ പറഞ്ഞതിനൊക്കെ മറുപടി അവർ പറഞ്ഞുതരും', ഇതാണ് ആ കമന്റ്. മുസ്ലിം പേരുള്ളവന്റെ സഹായം വേണ്ടി വന്നു ഗൾഫിൽ മോനെ രക്ഷിക്കാൻ എന്നും ഇതിനൊപ്പം ചിലർ ഓർമ്മിപ്പിച്ചു.
വേറോരാൾ ഇങ്ങനെ കുറിച്ചു: 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ആയിരുന്നു. ലീഗ് നിർത്തിയതാണ്. അല്ലാതെ താങ്കളുടെ അരമനയിൽ നിന്ന് വന്നത് കൊണ്ട് പ്രസിഡന്റ് ആയതല്ല. മകൻ അറബ് നാട്ടിൽ ജയിലിൽ കിടന്നപ്പോൾ മുസ്ലിം സമുദായതിന്റെ കാലു പിടിക്കാൻ മടിയില്ലായിരുന്നു. അന്നു ലീഗ് നേതാക്കളെ ബന്ധപ്പെട്ടിരുന്നല്ലോ'. ഇതൊക്കെ വെള്ളാപ്പള്ളിയ്ക്ക് എതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വിമർശനങ്ങളാണ്. എന്തായാലും ഒരു കാര്യം സത്യം. തന്റെ സമുദായത്തിന്റെ നേതാവായി കള്ളുകച്ചവടം നടത്തുന്ന ആളുകൾ വരുമെന്നത് ശ്രീ നാരായണഗുരു ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
'ലീഗിന്റെ കാര്യത്തിൽ മാത്രേ മൂപ്പർക്ക് നിലപാടുള്ളു. ബാക്കിയുള്ളതിനെ പറ്റി ചോദിക്കുമ്പോൾ അതവരാണ് പറയേണ്ടത് അത് ഇവരാണ് പറയേണ്ടത് എന്നൊക്കെയാണ് പറഞ്ഞ് തടിയൂരുന്നത്', എന്നും വിമർശനമുണ്ടായി. ക്രിസ്ത്യൻ കുടുംബം അപൂർവമായ മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തിൽ കോൺഗ്രസുകാർ തള്ളി മാറ്റിയ എ കെ. ആന്റണിയെ നിർത്തി വിജയിപ്പിച്ചത് ഈ മുസ്ലിം ലീഗ് ആണ്. അതിന് കാരണം, വർഗീയ മനസ് ഉള്ള ഒരു നേതാവ് ലീഗിൽ ഇല്ലാത്തതുകൊണ്ട് മാത്രം.
1996 ൽ ലീഗിന്റെ സിറ്റിംഗ് സീറ്റ്, മലപ്പുറം ജില്ലയിലെ തിരൂങ്ങാടി മണ്ഡലം മുസ്ലിം അല്ലാത്ത കോൺഗ്രസിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിട്ട് നൽകി. എ കെ ആന്റണി 22,000 ന് മുകളിൽ ഭൂരിപക്ഷം നേടി വിജയിക്കുകയായിരുന്നു. ഇതൊക്കെ മുസ്ലിം ലീഗിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. അതൊക്കെ ഒന്ന് നടേശനെപ്പോലുള്ളവർ ഇനിയെങ്കിലും പഠിക്കുന്നത് നന്നായിരിക്കും.
സമുദായത്തിൽപ്പെട്ട മതേതര വിശ്വാസികളും പുതിയ തലമുറയിൽ ഉള്ള യുവ ജനതയും മതവും വർഗീയതയും വിറ്റു കാശാക്കുന്ന ഏതു സാമുദായിക നേതാക്കന്മാരെയും പോലെ അവജ്ഞതയോടെ നിങ്ങളുടെ നിലപാടുകളെ തള്ളുന്ന കാലം വിദൂരമല്ല എന്ന് വെള്ളാപ്പള്ളി നടേശൻ ഓർത്താൽ നന്ന് നെറ്റിസൻസ് പറയുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയെ ഇടതു സ്ഥാനാർത്ഥി സരിന്‍ കാണാന്‍ പോയിരുന്നു, എന്നാല്‍ കാണാന്‍ പോകാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു, ആ ജയമാണ് വെള്ളാപ്പള്ളിയുടെ പ്രശ്നമെന്നും ചിലർ ചൂണ്ടിക്കാട്ടി.
#Vellapally #MuslimLeague #AKAntony #Thrikkurangadi #KeralaPolitics #Secularism