Suresh Gopi | സുരേഷ് ഗോപിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യങ്ങളല്ല; സാധാരണക്കാരൻ്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമോ?

 
Suresh Gopi
Suresh Gopi


മുമ്പ് പറഞ്ഞത് എറണാകുളം മുതൽ തൃശൂർ വരെ വലിയൊരു മെട്രോ ഉണ്ടാക്കുമെന്ന്. ജയിച്ചു കഴിഞ്ഞു ഇപ്പോൾ പറയുന്നു അതിനു വേണ്ടി ശ്രമിക്കാം എന്ന്

സോണി കല്ലറയ്ക്കൽ

(KVARTHA) കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വർത്തമാനം കേട്ടാൽ കേരളം ഇങ്ങനെ ആയത് അദ്ദേഹം മലമറിച്ചിട്ട് ആണെന്ന് തോന്നിപ്പോകുമെന്ന വിമർശനം ഉയരുകയാണ്. ഞാൻ മാത്രം ആണ് ശരി, മറ്റുള്ളവരോടൊക്കെ പുച്ഛം, ഇതിൻ്റെ പേരാണ് അൽപത്തരമെന്നാണ് ആക്ഷേപം. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് കേട്ടിട്ടില്ലെ, അതുപോലെ തോന്നും ഇപ്പോൾ സുരേഷ് ഗോപിയുടെ വാക്കുകളും പ്രവൃത്തികളും കാണുമ്പോഴെന്നാണ് നെറ്റിസൻസ് പ്രതികരിക്കുന്നത്. സുരേഷ് ഗോപി സാറേ അങ്ങു വേറെ ഒന്നും ചെയ്യണ്ടാ, സകല പാവങ്ങളെയും ഒന്നു കെട്ടിപ്പിടിച്ചു ഇതേ ഓഫർ കൊടുക്കുക. എല്ലാവരും രക്ഷപ്പെടട്ടെ. അങ്ങേക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, പാവങ്ങൾ രക്ഷപ്പെടുകയും ചെയ്യും. 

Suresh Gopi

ഇപ്പോൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാലക്കാട് നടത്തിയ പ്രസംഗം ആണ് ശ്രദ്ധയാകർഷിക്കുന്നത്. അദേഹം പറയുന്നു, താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേയ്ക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന്.  പാലക്കാട് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളേജ് ആവശ്യമായ കാര്യങ്ങൾ സംസ്ഥാന  സർക്കാർ ചെയ്തില്ലെങ്കിൽ, അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. പാലക്കാട്  കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയ്ക്കും ബി.ജെ.പി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഇത് കുറച്ചൊക്കെ പച്ചയായ സത്യമാണെന്നത് നിഷേധിക്കുന്നില്ല. പക്ഷേ, കുറച്ച് അഹങ്കാരം കൂടിപ്പോയില്ലെ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ വാക്കുകൾ. മാന്യമായ അഹങ്കാരം ഉള്ളവനാണ് താനെന്ന് സുരേഷ് ഗോപി തന്നെ വിളിച്ചു പറയുന്നു ഇപ്പോൾ. 400 സീറ്റ് പിടിക്കാനിറങ്ങയ താങ്കളുടെ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങൾ തന്നത്. ഇന്ത്യൻ ജനാധിപത്യം കരുത്തു നേടുന്നു. അത് മറക്കാതിരിക്കുക. നെഞ്ചിലേറ്റണം എന്നുപറഞ്ഞ അതേ ഭരണഘടന വെച്ചല്ലേ വെല്ലുവിളിമുഴക്കിയത്. കഴിഞ്ഞ 60 വർഷം ബഹുസ്വരതയുള്ള രാജ്യത്തെ ഒന്നിച്ചു കൊണ്ടുപോയി. അന്നൊന്നും ഇല്ലാത്ത വർഗീയതയും ചേരിതിരിവുകളും ആണ് കഴിഞ്ഞ 10 വർഷമായി ഈ രാജ്യത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ഭരണഘടന തിരുത്തും എന്ന് പറഞ്ഞു ചിലർ ഭീഷണി മുഴക്കി. രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ച പഴയ ഭരണഘടനയിലേക്ക് തല കുമ്പിടീച്ച ഇന്ത്യൻ ജനത എല്ലാം അറിയുന്നുണ്ട്, കാണുന്നുണ്ട്. അതും സുരേഷ് ഗോപിയെപ്പോലുള്ളവർ മനസിലാക്കിയാൽ നന്ന്. അത്രയ്ക്ക് ഈ നാട്ടിലെ ജനങ്ങളോട് കരുതലുള്ള ആളാണ് സുരേഷ് ഗോപിയെങ്കിൽ ചെയ്യേണ്ടത് ഇവിടുത്തെ സാധാരണക്കാരൻ്റെ നീറുന്ന പ്രശ്നങ്ങളിലേയ്ക്കുള്ള കൈകടത്തലുകളാണ്. ഗ്യാസ്, പെട്രോൾ വില കുറക്കാൻ നിങ്ങൾ എന്ത് ചെയ്യും അതാണ് സാധാരണക്കാർക്ക് അറിയണ്ടത്. ഇവയുടെ വില ഒന്ന്  കുറച്ചു കൊണ്ടുവരൂ, എന്നിട്ട് പറയു ഗീർവാണങ്ങൾ. 

ഇലക്ഷന് മുമ്പ് പറഞ്ഞത് എറണാകുളം മുതൽ തൃശൂർ വരെ വലിയൊരു മെട്രോ ഉണ്ടാക്കുമെന്ന്. ജയിച്ചു കഴിഞ്ഞു ഇപ്പോൾ പറയുന്നു അതിനു വേണ്ടി ശ്രമിക്കാം എന്ന്. തൃശൂർ ജനത പ്ലിംഗ് ആയി അത്രേയുള്ളൂ. വിജയത്തിൽ ചിത്തഭ്രമം. പറയുന്നതു എന്താണെന്ന് അറിയില്ല. ജനാധിപത്യ മര്യാദയിൽ സംസാരിക്കാൻ പഠിക്കുക. രാഷ്ട്രീയ നേതാവാണ്, ഓർക്കുക. ഇത്രയും കാലം സുരേഷ് ഗോപി ഉണ്ടാക്കിയതൊന്നും അല്ല ഈ നാട്ടിലുള്ളത്. ഞാൻ തൃശൂർ തമ്പുരാൻ, ഞാൻ വലിയാ ആളാണ്, എനിക്ക് കാൽ പിടിക്കുന്ന പ്രജകളുണ്ട്, ക്യാമറയും പബ്ലിസിറ്റിയും ഉണ്ടെങ്കിൽ ഞാൻ നന്മരം, ഇത് ആർക്കാണ് മനസ്സിലാകാത്തത്. 

വലിയ അഹങ്കാരത്തോടെയായിരുന്നു സുരേഷ് ഗോപിയുടെ നേതാവ് സാക്ഷാൽ നരേന്ദ്രമോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഫലം വന്നപ്പോൾ ആളുടെ  നിരാശയും ദൈന്യത മുറ്റിയ മുഖഭാവവും എല്ലാം നഷ്ടപ്പെട്ടവൻ്റെ ശരീര ഭാഷയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. 400 സീറ്റിൽ വിജയം ഉറപ്പിച്ചവരെ ജനം ചവിട്ടി താഴെയിട്ടു. ഇപ്പോൾ സ്റ്റെപ്പിനി  വെച്ചാണ് ഓടുന്നത്. സുരേഷ് ഗോപിയുടെ  മന്ത്രി സ്ഥാനവും അത്രയൊക്കെയുള്ളൂ എന്ന് മറക്കാതിരിക്കുക. എല്ലാ മേഖലകളിലും സുരേഷ് ഗോപി  അഭിനയിക്കുകയാണ് എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

ഇന്ത്യൻ ഭരണഘടന നശിപ്പിക്കാൻ ഇരിക്കുന്നവരാണ് ഭരണ കക്ഷിയെന്നും അത് സംരക്ഷിക്കും എന്ന് പറയുന്നവരെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിൽ ആണ് ഗോപിയെന്നും പ്രതിപക്ഷം വിമർശനം ഉയർത്തുന്നു. ആ  ഗോപിക്കറിയാമോ ഭരണഘടന നിയമങ്ങൾ? കേന്ദ്രത്തിലിരിക്കുന്ന മച്ചാന്മാരുടെ ഹൃദയത്തിൽ ഭരണഘടനയുണ്ടോ? ഹൃദയത്തിൽ ഉള്ളവർ 10 വർഷം ഭരിച്ചപ്പോൾ ചെയ്തതിന്റെയൊക്കെ ആണോ ജനം അനുഭവിക്കുന്നത്? ഏഴുന്ന കൂത്ത് ഏഴു ദിവസത്തേക്ക് എന്നാ പഴഞ്ചൊല്ല്, ഇതെവിടംവരെ പോകുമെന്ന് കാത്തിരുന്നു കാണാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia