Politics | ഭരണഘടനയെ വെല്ലുവിളിക്കുന്ന സുരേഷ് ഗോപി വിളമ്പുന്നത് മനുവാദമോ? ഒളിപ്പിച്ചു വെച്ച ജാതിരാഷ്ട്രീയം താര രാജാവ് പുറത്തെടുക്കുമ്പോൾ

 
Suresh Gopi in a political event, addressing caste-based issues.
Suresh Gopi in a political event, addressing caste-based issues.

Photo Credit: Facebook/ Suressh Gopi

● ഉന്നതകുലജാതർ ആദിവാസി വകുപ്പ് ഭരിക്കണമെന്ന പരാമർശം വിവാദമായി.
● ഇന്ത്യയിലെ ജാതിവ്യവസ്ഥയും അസമത്വവും വിമർശനത്തിന് ഇടയാക്കുന്നു.
● ഭരണഘടനാപരമായ തുല്യതയെ ഉയർത്തിപ്പിടിക്കണമെന്ന് വിമർശകർ. 

ഭാമനാവത്ത് 

(KVARTHA) ചലചിത്ര രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് വരികയും തൃശൂരിൽ നിന്നും ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്ത ബിജെപി എം.പിയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ കേന്ദ്ര സഹമന്ത്രിസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്രത്തിൻ്റെ മായികലോകത്തു നിന്നും രാഷ്ട്രീയത്തിൻ്റെ യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി ഭരണ ഘടനാ പദവി വഹിക്കുമ്പോഴുണ്ടാകുന്ന താളം തെറ്റലുകളാണ് സുരേഷ് ഗോപിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

പാർട്ടിയെയും സർക്കാരിനെയും നിരന്തരം വിവാദത്തിൽ ചാടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് സുരേഷ് ഗോപിയുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഞാനെന്ന ഭാവം പുലർത്തി വൈകാരികതയോടെ ഇടപെടുന്ന ശൈലി അദ്ദേഹത്തിൻ്റെ പ്രതികരണങ്ങളിൽ വിവാദമുണ്ടാക്കുകയാണ്. വാതുറന്നാൽ വിവാദമുണ്ടാക്കുന്ന സുരേഷ് ഗോപിക്ക് പൊതുമണ്ഡലത്തിൽ എന്തു പറയണം, എന്തു പറയരുതെന്ന വിവേകം ഇനിയുമുണ്ടായിട്ടില്ല. ബോബി ചെമ്മണ്ണൂർ മോഡൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത്. 

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സ്ഥിതിഗതികൾ മനസിലാക്കാൻ പാർലമെൻ്റ് അംഗമായിട്ടും ഇനിയും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇതിൻ്റെ പ്രതിഫലനമാണ് ഉന്നതകുലജാതരെന്നുള്ള  ജനാധിപത്യവിരുദ്ധമായ അദ്ദേഹത്തിൻ്റെ പ്രയോഗം. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ പൗരര്‍ക്ക് ഉറപ്പുനല്‍കുന്ന പ്രധാനപ്പെട്ട സംഗതി പൗരര്‍ തുല്യരാണെന്ന സങ്കല്പമാണ്. പൗരന്മാര്‍ തുല്യരാണെന്ന് ഉറപ്പുവരുത്തുന്നു. അവര്‍ തമ്മില്‍ ഏറ്റിറക്കക്രമങ്ങളോ, ശ്രേണീകൃതത്വമോ ഇല്ല. ശ്രേണീകൃത അസമത്വം ഇന്ത്യയുടെ പൊതുസ്വഭാവമാണ്. ശ്രേണീകൃത അസമത്വത്തെ സമ്പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ടാണ് ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി തുല്യപൗരത്വമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചത്. 

അതിന്റെ ഏറ്റവും വലിയ പ്രത്യേകത ആത്മാഭിമാനമുള്ള പൗരത്വസങ്കൽപമാണ്. ഇന്ത്യയിലെ ശ്രേണീകൃത അസമത്വം മനുഷ്യര്‍ക്കിടയില്‍ തുല്യത എന്ന സങ്കൽപം അനുവദിക്കുന്നില്ല. മനുഷ്യര്‍ വേര്‍തിരിക്കപ്പെട്ട ശരീരങ്ങളാണെന്ന സങ്കല്പമാണ് ബ്രാഹ്‌മണ്യത്തിന്റെ ശ്രേണീകൃത അസമത്വം പറയുന്നത്. കേന്ദ്രമന്ത്രിയായ സുരേഷ്‌ഗോപി ഉന്നതകുലജാതര്‍ ആദിവാസിവകുപ്പ് ഭരിക്കണമെന്ന് പറയുമ്പോള്‍ അത് ജനാധിപത്യ വിരുദ്ധമാണ്, അത് ആഴത്തില്‍ പരിശോധിക്കേണ്ടതുമാണ്. ജാതിവംശീയതയാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വംശീയത എന്നുപറയുന്നത് മതാത്മക വംശീയതയാണ്. ഒരു പ്രത്യേക ജാതിയില്‍, പ്രത്യേകരീതിയില്‍ ജനിക്കുന്നവരെല്ലാം ഉന്നതകുലത്തില്‍ പെട്ടവരും ബാക്കിയുള്ളവരെല്ലാം നികൃഷ്ടരാണെന്നുമാണ് അത്. 

അതായത് ഉന്നതകുലജാതര്‍ക്കൊപ്പം നികൃഷ്ടര്‍ എന്ന സങ്കല്പവും നിലനില്‍ക്കുന്നുണ്ട്. ആ ചരിത്ര യാഥാര്‍ഥ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ ചില പ്രത്യേക ആളുകള്‍ മാത്രം മാന്‍ഹോളുകളില്‍ കുടുങ്ങി മരിച്ചുപോകുന്നത്. ഇന്ത്യയിലെ ഐഐടികളിലെ അധ്യാപക തസ്തികകളില്‍ 96 ശതമാനം സവര്‍ണരാണ്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ 96 ശതമാനം അധ്യാപകരും സവര്‍ണവിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് അങ്കുര്‍ പരിവാളിന്റെ പഠനം പറയുന്നത്. പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞത് 90 സെക്രട്ടറി തസ്തികയില്‍ 3 പേര്‍ മാത്രമാണ് ഒബിസിഎന്നാണ്. 

കേരളത്തിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളജുകളില്‍ അധ്യാപക തസ്തികയില്‍ 97 ശതമാനവും സവര്‍ണരാണ്. സവര്‍ണ ഒളിഗാര്‍ക്കിക്കല്‍ ഭരണമാണ് ഇന്ത്യയിലേത്. ആ യാഥാര്‍ഥ്യമിരിക്കെയാണ് ഉന്നതകുലജാതരായവര്‍ ട്രൈബല്‍ വകുപ്പ് ഭരിക്കണമെന്ന് പറയുന്നത്. അത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്. ബ്രാഹ്‌മണ്യ ദേശീയത ഉറപ്പിക്കാനുളള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാർ സമൂഹ സമത്വമെന്ന ആശയത്തെ
ആദരിക്കുന്നില്ല.  ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന സമയത്ത് ദ്രൗപതി മുര്‍മു അകറ്റി നിര്‍ത്തപ്പെട്ടത്? 

അയിത്തം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്തിനാണ് ഒരു ചെങ്കോല്‍ സ്ഥാപിക്കപ്പെട്ടത് അത് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരല്ലേ? ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ ക്ഷേത്ര ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നു, നേതൃത്വം വഹിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ നടത്തുന്നു. ഇങ്ങനെ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ അതിക്രമമാണ് ഇത്. ഇന്ത്യയിലെ പൗരന്മാര്‍ക്കെതിരായ അതിക്രമം എന്നുപറയുന്നത് ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ തകര്‍ക്കാനുള്ള ശ്രമമായാണ് കാണേണ്ടത്. 

75 വര്‍ഷം എത്തിനില്‍ക്കുമമ്പോള്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്നു. അത് മുന്നോട്ടുവയ്ക്കുന്ന സമത്വവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുന്നു. സാഹോദര്യമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. മണിപ്പൂരിൽ ക്രിസ്ത്യൻ ദേവലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നോക്കൂ. ഭരണഘടനാപരമായ നിയമങ്ങള്‍ക്കനുസരിച്ചല്ല അവിടെ അന്വേഷണങ്ങള്‍ നടക്കുന്നത്. ജഡ്ജിമാര്‍ തന്നെ അവരുടെ ഭരണഘടനാപദവിയെ ആദരിക്കാതെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നു. വര്‍ണാശ്രമധര്‍മത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് ഒരു ഹൈക്കോടതി ജഡ്ജി പ്രസംഗിച്ചത് കേരളത്തിലാണ്. 

ഒരു ചാനല്‍ ബാന്‍ ചെയ്തതു പരിശോധിക്കവേ ഉയര്‍ത്തിപ്പിടിച്ചത് ഭരണഘടനയുടെ മൂല്യമല്ല മനുസ്മൃതിയാണ് ഉദ്ധരിച്ചത്. സുപ്രീംകോടതിയുടെ വ്യത്യസ്ത വിധികള്‍ പരിശോധിച്ചാല്‍ ഭരണഘടനയ്ക്കുപരി മനുസ്മൃതിയെയും ആചാരഗ്രന്ഥങ്ങളെയും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത് എന്നാണ് ആക്ഷേപം. ഭരണഘടനാനുസൃതമായ ജഡ്ജ്‌മെന്‌റല്ല മറിച്ച് തിയോക്രാറ്റിക് ജഡ്ജ്‌മെന്റാണ് ഉണ്ടാകുന്നത്. ആചാരപരതയെ വീണ്ടെടുക്കുന്ന രീതിയില്‍ ഉറപ്പിക്കുന്ന രീതിയില്‍ യാഥാസ്ഥിതികത്തെ സ്ഥാപിക്കുന്ന പ്രമാണ വചനങ്ങള്‍ കോടതിയില്‍ നിന്ന് വരുന്നു. ഇത് ഭരണഘടന തകര്‍ക്കപ്പെടുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്. 

നീതി തേടി അലഹാബാദ് കോടതിയില്‍ ചെന്ന യുവതിയോട് കോടതി പറഞ്ഞത് അവരുടെ ജാതകം പരിശോധിക്കാന്‍ വേണ്ടി അലഹാബാദ് സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന സാംസ്ഥാനങ്ങൾ ബുൾഡോസർ രാജു പോലെ ഭരണഘടനയെ അട്ടിമറിക്കുന്ന പലതരത്തിലുള്ള കാര്യങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണ്. അങ്ങനെയുള്ള ഒരു രാജ്യത്ത് പാര്‍ലമെന്റേറിയന്‍ ഇങ്ങനെയൊരു അവകാശവാദമുന്നയിക്കുമ്പോള്‍ രാജ്യം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നാണ് യാഥാർത്ഥ്യം. 

താൻ പറഞ്ഞതിൻ്റെ ആഴവും പരപ്പും പ്രത്യാഘാതവും വൈകിയെങ്കിലും തിരിച്ചറിഞ്ഞ സുരേഷ് ഗോപി പ്രതിഷേധത്തെ തുടർന്ന് അതു തിരുത്തിയെങ്കിലും അക്ഷന്തവ്യമായ വാക്കുകളുടെ മുറിവ് ഉണങ്ങാതെ തന്നെ കിടക്കും. എംപിയെന്ന നിലയും കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ അധികാര സോപാനങ്ങളിലെത്തുമ്പോൾ അതു എല്ലാവരുടെയും വോട്ടുകൾ കൊണ്ടാണെന്ന് സുരേഷ് ഗോപി ഓർക്കണം. ഭരണഘടനാ പദവിയിലിരുന്നു കൊണ്ടു ജാതി സമത്വമെന്ന ഉദാത്ത ആശയങ്ങളെ വെല്ലുവിളിക്കരുത്. ജയരാജിൻ്റെ പൈതൃകം പോലുള്ള സവർണ സിനിമകളിൽ നായക കഥാപാത്രങ്ങളാടിയ സുരേഷ് ഗോപിക്ക് ഇത്തരം രാഷ്ട്രീയ ബോധ്യങ്ങൾ അറിവുള്ളവർ പറഞ്ഞു കൊടുക്കണം. ദളിത് വനിതയായ ദ്രൗപദി മുർമുവാണ് നമ്മുടെ രാഷ്ട്രപതിയെന്ന് ഓർക്കുന്നത് നല്ലതാണ്.

ഈ ലേഖനം പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Suresh Gopi's comments challenge the Indian Constitution's principles of equality, promoting caste-based ideologies in politics, which has sparked significant controversy.

#SureshGopi, #CastePolitics, #IndianConstitution, #Equality, #Democracy, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia