RTI Act | വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ അനുവദിക്കരുത്: കമ്മീഷണർ ഡോ. എ. അബ്ദുൾ ഹക്കിം


● അഴിമതിക്കാർക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആർ.ടി.ഐ. നിയമത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ട്.
● ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണാണ് പൗരൻ.ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണാണ് പൗരൻ.
● ഈ നിയമം ജനാധിപത്യത്തിലെ കാര്യനിർവഹണ വിഭാഗത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.
കൽപറ്റ: (KVARTHA) വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൾ ഹക്കിം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൽപറ്റ താലൂക്കിലെ അപ്‌ലറ്റ് അതോറിറ്റി, എസ്.പി.ഐ.ഒ. ഉദ്യോഗസ്ഥർക്ക് പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുംതൂണുമായി വളർന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ജാഗ്രത പുലർത്തണം.
അഴിമതിക്കാർക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആർ.ടി.ഐ. നിയമത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും മായവും ചതിയുമെല്ലാം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഈ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളോട് സത്യം വിളിച്ചുപറയണം. ഔദ്യോഗിക രഹസ്യ നിയമത്തിനുമേൽ വിവരാവകാശ നിയമം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതിനാൽ സത്യപ്രതിജ്ഞകൾ പോലും സുതാര്യതാ സംരക്ഷണ പ്രതിജ്ഞകളാകണം. ജനാധിപത്യത്തിലെ ദുർബലന്റെ നീതിയുടെ പടവാളാണ് ആർ.ടി.ഐ. നിയമമെന്നും അതിന്റെ കാവൽക്കാരായി ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും ഹക്കിം അഭ്യർഥിച്ചു. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങി വിവരം നിഷേധിക്കുന്നവരും ഫയൽ കാണുന്നില്ല, വിവരം ലഭ്യമല്ല എന്ന് മറുപടി നൽകുന്നവരും വിവരാവകാശ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ആരംഭിച്ച അതിശക്തമായ തൊഴിലാളിവർഗ സമരത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ ആർ.ടി.ഐ. നിയമം രൂപപ്പെട്ടത്. വിവരം ലഭിക്കൽ പൗരന്റെ അവകാശമായി മാറിയതോടെ നിയമനിർമ്മാണ സഭയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഭരണ സംവിധാനം സമയബന്ധിതമായി മറുപടി നൽകി വരികയാണ്. ഡിപ്പാർട്ടുമെന്റൽ ഓഡിറ്റിന്റെയും ജുഡീഷ്യൽ സ്ക്രൂട്ടിണിയുടെയും എ.ജി. ഓഡിറ്റിന്റെയും ലെജിസ്ലേച്ചറിന്റെയും പരിശോധനയ്ക്ക് അപ്പുറത്ത് പൗരന് സർക്കാരിന്റെ ഫയലുകൾ പരിശോധിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമം നൽകുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണാണ് പൗരൻ. ആ പൗരനെ നെടുംതൂണാക്കി വളർത്തിയ നിയമമാണ് വിവരാവകാശ നിയമം. ഈ നിയമം ജനാധിപത്യത്തിലെ കാര്യനിർവഹണ വിഭാഗത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. ഭരണത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നു. സർക്കാർ എന്റെ നികുതിപ്പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാൻ പൗരന് അവസരം നൽകുന്നു. പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെയും വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും കടന്നുചെന്ന് കാര്യങ്ങൾ അന്വേഷിക്കാൻ ഈ നിയമം പൗരന് അധികാരം നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
വിവരാവകാശ നിയമം സംരക്ഷിക്കപ്പെടണം
ധാർമികമായ കടമകൾ നിറവേറ്റാതെ വരുമ്പോഴാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇന്ന് വിവരാവകാശം മൗലികാവകാശമാണ്. അത് സംരക്ഷിക്കപ്പെടണമെന്നും വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ പറഞ്ഞു. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം. കെ. ദേവകി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു എന്നിവർ പ്രസംഗിച്ചു.
#RTIAct, #KeralaNews, #Transparency, #PublicInformation, #Democracy, #Governance