Request Accepted | പ്രിയങ്ക ഗാന്ധിയുടെ അഭ്യര്‍ഥന മാനിക്കും; രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഡികെ ശിവകുമാര്‍
● പ്രിയങ്കയുടെ വിജയം വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റേത് കൂടി
● ആ വിജയം നല്‍കുന്ന വയനാട്ടുകാര്‍ ഏറെ ഭാഗ്യം ചെയ്തവര്‍
● ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ഒപ്പം നിന്ന വയനാട്ടുകാരെ മറക്കാന്‍ രാഹുല്‍ ഗാന്ധി തയാറായിരുന്നില്ല
● രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിനോട് ജനങ്ങള്‍ വിയോജിക്കുമ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത് സമാനരീതിയിലുള്ള ഭരണം
വയനാട്: (KVARTHA) രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യുഡിഎഫ് പൊതുയോഗം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധി ഫോണില്‍ വിളിച്ചിരുന്നുവെന്നും രാത്രിയാത്ര നിരോധനത്തെ സംബന്ധിച്ച് സംസാരിക്കാന്‍ കര്‍ണാടകയില്‍ വരുമെന്നും പറഞ്ഞിരുന്നതായി ശിവകുമാര്‍ അറിയിച്ചു.
കര്‍ണാടകയില്‍ വന്ന് നേരില്‍ കണ്ട് സംസാരിക്കുന്നതിന് പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാരും കര്‍ണാടകയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രിയങ്കയുടെ അഭ്യര്‍ഥന.
പ്രിയങ്കയുടെ വിജയം വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റേത് കൂടിയാണ്. ആ വിജയം നല്‍കുന്ന വയനാട്ടുകാര്‍ ഏറെ ഭാഗ്യം ചെയ്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ഒപ്പം നിന്ന വയനാട്ടുകാരെ മറക്കാന്‍ രാഹുല്‍ ഗാന്ധി തയാറായിരുന്നില്ല. അതിനാലാണ് വയനാട്ടുകാര്‍ക്ക് രണ്ട് എംപിമാരുണ്ടെന്ന് രാഹുല്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പുറത്താക്കുന്നതിന് വേണ്ടി ഏറെ ശ്രമങ്ങള്‍ നടത്തിയപ്പോഴും രാഷ്ട്രീയത്തിന് അധീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും രാഹുലിനൊപ്പം നിന്നത് ഏറെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത് എന്നും ശിവകുമാര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിനോട് ജനങ്ങള്‍ വിയോജിക്കുമ്പോള്‍ സമാനരീതിയിലുള്ള ഭരണമാണ് കേരളത്തില്‍ എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത്. ഇതിനുള്ള മറുപടിയായിരിക്കും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത് എന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.
ഉരുള്‍പൊട്ടലുണ്ടായതിന് ശേഷം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കേന്ദ്രവും കേരളവും പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒന്നും നടപ്പിലാക്കിയില്ല. കോണ്‍ഗ്രസും മുസ്ലിംലീഗും കര്‍ണാടകയും പ്രഖ്യാപിച്ച നൂറുവീതം വീടുകളുടെ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴും കേരളം നല്‍കാമെന്ന് പറഞ്ഞ വീടിനുള്ള സ്ഥലം കണ്ടെത്താന്‍ പോലും കഴിയാത്തത് ഭരണത്തിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം ആരോപിച്ചു.
#Karnataka, #PriyankaGandhi, #NightTravelBan, #Wayanad, #DKShivakumar, #PoliticalNews