Dispute | ചർച്ചയിലെ ധാരണ ലംഘിച്ചെന്ന് ലീഗ്; മാപ്പ് അല്ലാഹുവിനോട് മാത്രമെന്ന് ഉമർ ഫൈസി; സമസ്ത-ലീഗ് തർക്കത്തിൽ അനുരഞ്ജന ശ്രമങ്ങൾ പാളി 

 
 Leaders from Muslim League and Samastha meeting to resolve dispute.
 Leaders from Muslim League and Samastha meeting to resolve dispute.

Photo Credit: Website/ SKSSF Photostock, Facebook/ Sayyid Sadik Ali Shihab Thangal

● കേക്ക് വിവാദമാണ് പുതിയ തർക്കത്തിന് കാരണം.
● പാണക്കാട് സാദിഖലി തങ്ങളുമായി തിങ്കളാഴ്ച ചർച്ച നടന്നിരുന്നു 
●  ജിഫ്രി തങ്ങൾ മുൻകൈ എടുത്തായിരുന്നു ചർച്ച

മലപ്പുറം: (KVARTHA) മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വഴിമുട്ടി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രടറി ഉമർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം 24 മണിക്കൂറിനകം ഇരു വിഭാഗം നേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ പരസ്പരം തള്ളിപ്പറഞ്ഞ് രംഗത്തെത്തി. 

കേക് വിവാദവുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനമാണ് സമസ്ത-ലീഗ് ബന്ധം വീണ്ടും വഷളാക്കിയത്. സമസ്തയിലെ ലീഗ് അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് തിങ്കളാഴ്ച ലീഗ് വിരുദ്ധ പക്ഷത്തുള്ളവർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ മുൻകൈ എടുത്തായിരുന്നു ചർച്ച. 

ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമർ ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പാണക്കാട്ടെത്തി മാപ്പ് പറഞ്ഞുവെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന റിപോർടുകൾ. എന്നാൽ ഇതിന് വിരുദ്ധമായ പ്രതികരണങ്ങളാണ് ഇപ്പോൾ ഇരു വിഭാഗത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടായത്. ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സൂചന നൽകിയെങ്കിലും ഇരുവിഭാഗവും ഭിന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. 

ഉമർ ഫൈസിയുടെ നേതൃത്വത്തിലെത്തിയ നേതാക്കൾ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചെങ്കിലും പൊതുസമൂഹത്തോട് ഇക്കാര്യം പറഞ്ഞില്ലെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. തെറ്റ് പൊതുസമൂഹത്തിൽ തിരുത്തി പറയേണ്ടതായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചർച്ചയിൽ സംസാരിച്ച വിഷയവുമായി നീതി പുലർത്തുന്ന പ്രതികരണമല്ല നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്ന് സാദിഖലി തങ്ങളും കുറ്റപ്പെടുത്തി. 

എന്നാൽ, ഉമർ ഫൈസി മുക്കം ആരോടും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അല്ലാഹുവിനോട് മാത്രമേ മാപ്പ് പറയുകയുള്ളൂവെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. സാദിഖലി തങ്ങളുമായി ഉണ്ടായ പ്രശ്‌നമാണ് ചർച്ച ചെയ്തതെന്നും തെറ്റിദ്ധാരണകൾ ചർച്ചചെയ്‌ത്‌ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത - ലീഗ് തർക്കത്തിൽ ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെങ്കിലും പൂർണമായി പരിഹരിച്ചിട്ടില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി. ഇതോടെ അനുരഞ്ജനത്തിനുള്ള സാധ്യതകൾ തൽക്കാലത്തേക്ക് അടഞ്ഞ മട്ടാണ്.

#MuslimLeague #Samastha #KeralaPolitics #ReligiousDispute #UmerFaizi #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia