Pinarayi Govt | പിണറായി സർക്കാർ ഇത്രയും നല്ല കാര്യങ്ങൾ ചെയ്തെന്നോ? വെറുതെ മുഖ്യമന്ത്രിയെ ചീത്തവിളിക്കരുത്! 

 
did the pinarayi government do so many good things?
did the pinarayi government do so many good things?


കരുണാകരന് ശേഷം നമ്മുടെ കേരളത്തിൽ ഇത്രയധികം വിമർശനത്തിന് വിധേയനായ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയനാകാം 

കെ ആർ ജോസഫ് 

(KVARTHA) ഇപ്പോൾ ഇവിടുത്തെ ചിലരോട് നമ്മുടെ സർക്കാരിനെപ്പറ്റി ചോദിച്ചാൽ ചീത്ത വിളിയാകും ഉത്തരം. നമ്മുടെ സംസ്ഥാനത്തെ ഇത്രയും കുട്ടിച്ചോറാക്കിയ മറ്റൊരു സർക്കാർ ഇല്ലെന്നായിരിക്കും പലരുടെയും മറുപടി. ഇതിൽ ഏറ്റവും അധികം കുറ്റപ്പെടുത്തുക മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ ആയിരിക്കും. കരുണാകരന് ശേഷം നമ്മുടെ കേരളത്തിൽ ഇത്രയധികം വിമർശനത്തിന് വിധേയനായ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യത്തിലും സംശയമാണ്. 

അദ്ദേഹത്തിൻ്റെ ധൂർത്തും തന്നിഷ്ടവുമൊക്കെയാണ് നമ്മുടെ നാടിനെ കടക്കെണിയിൽ കൊണ്ട് ചെന്നെത്തിച്ചതെന്നൊക്കെ വാദിക്കുന്നവർ ആവും ഏറെ. അദ്ദേഹം സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുവാൻ നോക്കുന്നതല്ലാതെ ജനോപകാരപ്രദമായ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവും ചിലർ ഉയർത്തുന്നു. എന്നാൽ ഈ സർക്കാർ ഒരു മികച്ച സർക്കാർ ആരെന്ന് പറയുന്നവരും ഇവിടെയുണ്ട്. അവരിലേയ്ക്ക് ഒന്ന് ശ്രദ്ധകൊണ്ട് വരികയാണ്. 

അഡ്വ. അസ്‌ലം ആലപ്പി എന്ന സാമൂഹ്യ മാധ്യമ എഴുതിയ കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. അദ്ദേഹം പറയുന്നു ഈ സർക്കാർ വളരെ മികച്ചതാണെന്ന്. ഈ സർക്കാർ ചെയ്യുന്ന മികവുറ്റ കാര്യങ്ങൾ നാം അറിയാതെ പോകുന്നു എന്നാണ് അദേഹം തൻ്റെ കുറിപ്പിലൂടെ സമർത്ഥിക്കുന്നത്. അതിൻ്റെ കാരണങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുകയും ചെയ്യുന്നു. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.

'കൊമേഡിയൻ ലൂയിസ് സി കെ പറയുന്നൊരു സ്റ്റോറിയുണ്ട്. അദ്ദേഹമൊരിക്കൽ വിമാനത്തിൽ യാത്ര ചെയ്യുകയാണ്. ആദ്യമായി സാറ്റലൈറ്റ് വഴി തുടർച്ചയായി ഇൻ്റർനെറ്റ് സർവീസ് യാത്രക്കാർക്ക് പ്രോവൈഡ് ചെയ്യുന്ന സങ്കേതികതയുള്ള വിമാനമായിരുന്നു അത്. ലൂയിസിനെപ്പോലെ വിമാനത്തിലെ യത്രക്കാരെല്ലാവരുംതന്നെ ആദ്യമായിട്ടാണ് അത്തരമൊരു സൗകര്യം ഉപയോഗിക്കുന്നത്. ലൂയിസിൻ്റെ അടുത്തിരുന്ന യാത്രക്കാരൻ തുടർച്ചയായി വീഡിയോസ് കണ്ടുകൊണ്ടിരിക്കുകയാണ്. 

ഇടയ്ക്ക് സാങ്കേതിക  തകരാറുകൾ മൂലമായിരിക്കണം ഇൻ്റർനെറ്റ് കണക്ഷൻ കട്ട് ആയിപ്പോയി. യാത്രക്കാരൻ അപ്പോൾത്തന്നെ എയർലൈൻൻ്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുകളും ജോലിക്കാരുടെ നിലവാരമില്ലായ്മയും പിറുപിറുക്കാൻ തുടങ്ങി. അതായത് അതുവരെ അങ്ങേരുടെ സ്വപ്നത്തിൻ പോലും ചിന്തിക്കാതിരുന്ന സൗകര്യങ്ങൾ നൽകപ്പെടുകയും നിസ്സാര ടെക്നിക്കൽ ഇഷ്യൂ കാരണം നിന്നുപോകുകയും ചെയ്യുമ്പോഴേക്കും 'Suddenly the world owes him something'. അതയാളുടെ അവകാശമായി മാറിപ്പോകുകയാണ്. 

2016നു മുൻപ് എത്രപേർക്ക് കൃത്യമായി പെൻഷൻ ലഭിച്ചു, റോഡുകളുടെയും പാലങ്ങളുടെയും നിലവാരമെന്തായിരുന്നു, എത്രപേർക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു, എത്ര സ്കൂളുകൾ ചോരാതിരുന്നു, എപ്പോഴൊക്കെ ഉച്ചക്കഞ്ഞിയും പാഠപുസ്തകങ്ങളും കൃത്യസമയത്ത് നൽകാൻ കഴിഞ്ഞു, എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായിരുന്നു? ഇതൊന്നും ജനത്തിൻ്റെ അവകാശങ്ങളല്ല എന്നല്ല, വളരെപ്പെട്ടന്ന് ജനാധിപത്യ പ്രക്രിയ കൃത്യമായി ഉപയോഗിച്ചുകൊണ്ട് ഇതുവരെ മറ്റൊരു ഗവൺമെൻ്റുകൾക്കും സാധ്യമല്ലാതിരുന്നത്ര വികസനപ്രവർത്തനങ്ങൾ പിണറായി വിജയൻ്റെ സർക്കാർ ചെയ്തുതീർത്തിട്ടുണ്ട്. 

അതെല്ലാം tangible ആണുതാനും. പത്രങ്ങൾ എഴുതിയിട്ടോ ന്യൂസ് കവർ ചെയ്തിട്ടോ മാപ്രകളുടെ ദാക്ഷണ്യത്തിലോ ജനം അറിയേണ്ട കാര്യമില്ല. കണ്ണുതുറന്നാൽ കാണാവുന്നതേയുള്ളു. ഒരു സിസ്റ്റം മെച്ചപ്പെടുന്നുണ്ടോ എന്നത് അതിനു പുറത്തുനിന്നും ഒബ്‌സർവ് ചെയ്യപ്പെടണം. സർക്കാരുകളുടെ പ്രവർത്തനങ്ങൾ ആ ലെവലിൽ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തി നോക്കേണ്ടതുണ്ട്. വളരെപ്പെട്ടന്ന് പിണറായി വിജയൻ എല്ലാവർക്കും കടക്കാരനാണ്. സമൂഹത്തിൻ്റെ, പ്രത്യേകിച്ചും മൂന്നുനേരം തിന്നാൻ മുട്ടില്ലാത്ത മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് ആളുകൾക്ക് പിണറായി വിജയൻ്റെ കുടുംബവും കുട്ടികളുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങൾ. 

നിങ്ങൾ കണ്ണുകൾ തുറന്നുപിടിച്ച് 10 കിലോമീറ്റർ യാത്ര ചെയ്താൽ കിഫ്ബി വഴി നടപ്പിലാക്കപ്പെട്ട ഏതെങ്കിലുമൊരു പ്രോജക്റ്റ് കാണാതിരിക്കില്ല. സ്കൂൾ, റോഡ്,ആശുപത്രി അങ്ങനെ എന്തെങ്കിലുമൊക്കെ ചുറ്റുവട്ടത്ത് കാണാനുണ്ടാവും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇതിൻ്റെയെല്ലാം ഫലങ്ങൾ അനുഭവിച്ചുകൊണ്ട് മലർന്നുകിടന്ന് തുപ്പുന്ന മനുഷ്യരായി കേരളത്തിലെ മിഡിൽ ക്ലാസ് പൊതുബോധജീവികൾ മാറിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് പഴയൊരു XSFI, XCPIM എന്നൊക്കെ അവകാശപ്പെടുന്ന അടുത്തൊരു റിലേറ്റിവിൻ്റെ കൂടെ ഒരു യാത്ര നടത്തേണ്ടിവന്നു. രണ്ടുദിവസം നീണ്ടുനിന്ന പരിപാടിയിൽ പുള്ളിക്കാരൻ വാ തുറന്നത് മുഴുവനും പിണറായി വിജയനെ ചീത്ത വിളിക്കാനായിട്ടായിരുന്നു. 

കമ്പ്യൂട്ടർ എതിർത്ത പിണറായിയുടെ മകൾ എങ്ങനെ കമ്പ്യൂട്ടർ കമ്പനി നടത്തുന്നു? ഈ ലെവൽ ചോദ്യശരങ്ങളാണ്. സർവത്ര അഴിമതിയാണ്. ഇവർക്ക് കോമൺ ആയിട്ടുള്ള കാര്യമെന്നത് നേതാക്കളുടെ പേഴ്സണൽ ജീവിതത്തിലെ വിഷയങ്ങളിലേക്കുള്ള ഒളിഞ്ഞു നോട്ടവും ഇക്കിളിപ്പെടലുകളുമാണ്. ഏതൊരു ആരോപണത്തിലും പേഴ്സണൽ എലിമെൻ്റ്സ് കൂടിയെ തീരൂ. അടുത്ത വീട്ടിലെ പേഴ്സനാലിറ്റിയുള്ള മനുഷ്യരോട് തോന്നുന്ന കണ്ണുകടിയോളം ചെറുതായ, ഇടുങ്ങിയ ഫീലിങ്ങാണത്. എം എം മണിയെപ്പറ്റിയുള്ള അഭിപ്രായം ഇങ്ങനെയുള്ളവരോട് ചോദിച്ചു നോക്കൂ. അങ്ങേയറ്റം പേഴ്സണൽ സ്പേസിൽ കൈകടത്തിയുള്ള, ശരീരത്തിലേക്ക് ചുരുങ്ങിയ, ചിന്തിക്കാൻ അറപ്പുളവാക്കുന്ന രീതിയിലുള്ള ആരോപണങ്ങൾ കേൾക്കാം. 

അല്ലാതെ മന്ത്രിയെന്നനിലയിൽ കെഎസ്ഇബിയിൽ ചെയ്ത കാര്യങ്ങളെപ്പറ്റി മെറിറ്റിൽ സംസാരിച്ചുകൊണ്ട് DATA DRIVEN ആയിട്ടുള്ള ഒരു സെൻ്റൻസ് പോലും ഇവര് പറയില്ല. ആത്യന്തികമായി പിണറായിയുടെ മുഖവും ജാതിയും എം എം മണിയുടെ തൊലിയുടെ നിറവും റിയാസിൻ്റെ മതവുമൊക്കെത്തന്നെയാണ് പുരോഗമന മിഡിൽ ക്ലാസ് മലയാളിയുടെ ദുഃഖം. 86000കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ സർക്കാർ കിഫ്ബി വഴി നടത്തിക്കൊണ്ടിരിക്കുന്നു എന്നത് നിയമസഭാ രേഖയാണ്. 

പിതൃശൂന്യ മാപ്രകൾ റിപ്പോർട്ട് ചെയ്യാത്തത് അതിനു ക്ലിക്ക് ബൈറ്റ് കുറവായിരിക്കും എന്നതുകൊണ്ടാണ്. എന്നുവെച്ചാൽ മിഡിൽക്ലാസിന് അത്തരം വാർത്തകളിൽ താൽപര്യമില്ല. ആത്യന്തികമായി കേരള മിഡിൽക്ലാസ് എന്നത് പരദൂഷണ ന്യൂസ് മാത്രം എൻ്റർടെയിൻ ചെയ്യുന്ന മനുഷ്യരാണ്. നിലവാരം മാപ്രകളുടേതല്ല, പ്രബുദ്ധ കേരളീയൻ്റെയാണ്. അതുകൊണ്ടുതന്നെ പിണറായി വിജയന് ജീവനുള്ള കാലത്തോളം അങ്ങേരുടെ കൂടെ നിൽക്കുക എന്നതാണ് ഇനിയുള്ള രാഷ്ട്രീയപ്രവർത്തനം. അതിൽ കുറഞ്ഞുള്ള പുരോഗമനം മതിയെന്ന്'. 

ഇതാണ് ആ കുറിപ്പ. ഇനി ഇതിലെ തെറ്റും ശരിയും നിങ്ങൾക്ക് തന്നെ വിലയിരുത്താം. ഇതിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് തോന്നുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും പറയുന്ന വാചകത്തിലും കഴമ്പുണ്ട്. മടിയിൽ കനം ഇല്ലാത്തവന് ആരെയും ഭയക്കേണ്ട കാര്യമില്ല. അതാണോ ഇത്രയും അസ്ത്രങ്ങൾ ഏറ്റിട്ടും മുഖ്യമന്ത്രിക്ക് ഒരു കൂസലുമില്ലാത്തത്. അതിന് മറുപടി പറയേണ്ടത് കാലമാണ്. ഒരിക്കൽ കെ കരുണാകരൻ എല്ലാവർക്കും പിശാച് ആയിരുന്നു. ഇപ്പോൾ അങ്ങനെ പറഞ്ഞവരും അദ്ദേഹത്തെ വാഴ്ത്തുന്നു. നാളെ പിണറായി വിജയനും വാഴ്ത്തപ്പെടുമോ? അത് കാത്തിരുന്ന് കാണേണ്ട കാര്യം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia