Emergency | സംഘ്പരിവാർ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് കീഴടങ്ങിയോ?
അര്‍ണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) ബിജെപി-ആര്‍എസ്എസ് കാപട്യം വീണ്ടും പുറത്താകുന്നുവെന്ന ആക്ഷേപം ഉയരുന്നു. മൂന്നാം മോദിസര്‍ക്കാര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി മുന്നോട്ട് വരുമ്പോള്‍ അന്ന് ആര്‍എസ്എസും ബിജെപിയുടെ ആദ്യ രൂപമായ ജനസംഘവും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച കറുത്തദിനങ്ങളെ പിന്തുണച്ചിരുന്നതായി സുബ്രഹ്‌മണ്യം സ്വാമിയും ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവിയും. സുബ്രഹ്‌മണന്യന്‍ സ്വാമി ദ ഹിന്ദുവിലെഴുതിയ ലേഖനത്തിലും ഐബി മുന്‍ തലവന്‍ ടിവി രാജേശ്വര്‍ എഴുതിയ ഇന്ത്യ- ദി ക്രൂഷ്യല്‍ ഇയേഴ്‌സ് എന്ന പുസ്തകവുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ പത്ത് കൊല്ലം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയും മൂന്നാമൂഴത്തിലും അത് തുടരുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍, ജനവിധി എതിരാവുകയും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് അടിയന്തരാവസ്ഥ ആയുധമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
2000 ജൂണ്‍ 13ന് ദ ഹിന്ദു പത്രത്തിലെഴുതിയ അടിയന്തരാവസ്ഥയിലെ പഠിക്കാത്ത പാഠങ്ങള്‍ എന്ന ലേഖനത്തിലാണ് സുബ്രഹ്‌മണ്യം സ്വാമി ആര്‍എസ്.എസ്- ജനസംഘത്തിന്റെ അടിയന്തരാവസ്ഥ പ്രേമം വ്യക്തമാക്കുന്നത്.
രണ്ട് സംഘടനകളുടെയും നേതാക്കള്‍ അടിയന്താവസഥയെ പിന്തുണച്ചതു കൊണ്ട് നേട്ടമുണ്ടായെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു. 1976 ഡിസംബറില്‍ ആര്‍എസ്എസ്-ജനസംഘം നേതാക്കള്‍ രേഖാമൂലം കത്ത് നല്‍കിയാണ് അടിയന്തരാവസ്ഥയെ പിന്തുണച്ചത്. ആര്‍.എസ്.എസ് നേതാവായിരുന്ന മാധവറാവു മുലെ സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യവ്യാപകമായി ഏകോപിപ്പിച്ച് ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാതെ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ജയിലിലായ ആര്‍.എസ്എസ് മുന്‍ മേധാവി ബാലാസാഹേബ് ദേവ്‌റസ് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് എന്നിവര്‍ ഇന്ദിരയുടെ നിലപാടിനോട് യോജിച്ചെന്ന് ഐബി മേധാവിയുടെ പുസ്തകം പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് നൂറുകണക്കിന് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, നക്‌സലേറ്റ് നേതാക്കളെയാണ് ഇന്ദിരാഗാന്ധി ജയിലിലടച്ചത്. ക്രൂരമര്‍ദനമേറ്റ് പലരും ജയിലില്‍ മരണപ്പെട്ടു. എന്നാല്‍ ആര്‍എസ്എസ്-ജനസംഘം നേതാക്കളാരും ഇത്തരത്തില്‍ മരണപ്പെടുകയോ, മര്‍ദനമേല്‍ക്കുകയോ ചെയ്തിട്ടില്ല. ആദ്യം ഇന്ദിരാ ഗാന്ധിയെ വിമര്‍ശിച്ച വാജ്‌പേയ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതനായി. അടിയന്തരാവസ്ഥയ്ക്ക് സമ്മതം അറിയിച്ച് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് ഐബി മേധാവിയുടെ പുസ്തകത്തില്‍ പറയുന്നു. ആര്‍എസ്എസ് ജനസംഘം നേതാക്കളുടെ തീരുമാനം ഇന്ദിരാഗാന്ധി അംഗീകരിച്ചപ്പോള്‍ അവരുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ ഉപദേഷ്ടാവായിരുന്ന എച്ച് വൈ ശാരദാ പ്രസാദിന്റെ മകന്‍ രവി വിശ്വേശരയ്യ ഇക്കാര്യം വ്യക്തമാക്കി 2020ല്‍ ദ പ്രിന്റ് എന്ന ഓണ്‍ലൈനില്‍ ലേഖനം എഴുതിയിരുന്നു.
ആര്‍എസ്എസ് മേധാവിയായിരുന്ന ദേവ്‌റസ്, പൂനെ യേര്‍വാഡ ജയിലില്‍ നിന്ന് തന്നെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ച് ഇന്ദിരാഗാന്ധിക്കും വിനോബ ഭാവയ്ക്കും കത്തയച്ചിരുന്നു. വിനോബ ഭാവേയും ഇന്ദിരാഗാന്ധിയും നല്ല ബന്ധമായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് കത്തയച്ചത്. 1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 15ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇന്ദിരാഗാന്ധി ജനാധിപത്യത്തിനെതിരെയാണ് പ്രസംഗിച്ചത്. ഇതിനെ പിന്തുണച്ച് ദേവ്‌റസ് ആഗസ്റ്റ് 22ന് ഇന്ദിരയ്ക്ക് കത്തെഴുതി. ആര്‍എസ്എസ് സര്‍ക്കാരിനെതിരല്ലെന്നും വ്യക്തമാക്കി. കത്തിന്റെ അവസാനം ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് ദേവ്‌റസ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കത്തെഴുതി. ആ കത്തിന്റെ അവസാനവും ആര്‍.എസ്.എസിനുള്ള നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രണ്ട് കത്തുകള്‍ക്കും ഇന്ദിരാഗാന്ധി മറുപടി അയച്ചില്ല എന്നതും ശ്രദ്ധേയമാണ്. നിരോധനം നീക്കിയാല്‍ ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമെന്നും ഉറപ്പുനല്‍കി. ഇന്ദിരാഗാന്ധി വിനോബഭാവയുടെ ആശ്രമം സന്ദര്‍ശിക്കുന്നെന്ന് അറിഞ്ഞ് ദേവ്‌റസ് മൂന്നാമത്തെ കത്തെഴുതി. ആര്‍എസ്എസിന്റെ നിരോധനം എടുത്ത് കളയണമെന്നും പ്രവര്‍ത്തകര്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ഇത്തവണയും ആവര്‍ത്തിച്ചു.
അടിയന്തരാവസഥക്കാലത്ത് ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കശാപ്പ് ചെയ്തപ്പോള്‍ ആര്‍.എസ്എസ്- ജനസംഘം പ്രവര്‍ത്തകര്‍ അതിനെ പിന്തുണച്ച് ജയില്‍ മോചിതരാകാനും സംഘടനയുടെ നിരോധനം മാറ്റിയെടുക്കാനുമുള്ള ശ്രമമാണ് നടത്തിയത്. ഇതിനെല്ലാം പുറമേ ജനസംഘം യുപി ഘടകം 1976 ജൂണ്‍ 25ന്, അതായത് അടിയന്തരാവസ്ഥയുടെ ഒന്നാം വാര്‍ഷികത്തിന് ഇന്ദിരാഗവണ്‍മെന്റിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെയുള്ള പരിപാടികളുടെയൊന്നും ഭാഗമാകില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.
യുപിയിലെയും മധ്യപ്രദേശിലെയും 34 ജനസംഘം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. 1977 ജനുവരി അവസാനം ആര്‍എസ്എസ് സര്‍ക്കാരുമായി ധാരണയിലെത്തുകയും കീഴടങ്ങാന്‍ സമ്മതമാണെന്ന രേഖയില്‍ ഒപ്പിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിനുമുമ്പ് ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശിവകുമാര്‍ ദ വയര്‍ ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുസ്ലിംകളെ ലക്ഷ്യമിട്ട് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി നടപ്പാക്കിയ കൂട്ട വന്ധ്യംകരണത്തെയും തുര്‍ക്ക്മാന്‍ ഗേറ്റ് കൂട്ടക്കൊലയും ഉള്‍പ്പെട്ട അഞ്ചിന പരിപാടിയെ ആര്‍എസ്എസ് പ്രശംസിച്ചിരുന്നുവെന്നും ബിജെപിയും ആര്‍എസ്എസും അടിയന്തരാവസ്ഥയ്‌ക്കെതിരെ യാതൊരു പോരാട്ടവും നടത്തിയിട്ടില്ലെന്നും ഈ രേഖകളെല്ലാം വ്യക്തമാക്കുന്നുവെന്നാണ് ആക്ഷേപം. ഇതെല്ലാം അറിയാവുന്ന ബിജെപി ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്റില്‍ ഉറഞ്ഞുതുള്ളുകയാണെന്നാണ് വിമർശനം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്ന് വിളിച്ചുപറയാന്‍ മുഖ്യധാരാ മാധ്യമങ്ങളടക്കം തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദേവ്‌റസ് ഇന്ദിരാഗാന്ധിക്കെഴുതിയ കത്തുകള്‍ യോഗേന്ദ്രയാദവ് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.