Policy | 'മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം, ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തുക', നയം പ്രഖ്യാപിച്ച് പി വി അന്‍വറിന്റെ ഡിഎംകെ


● ജാതി സെൻസസ്, പ്രവാസികൾക്ക് വോടവകാശം തുടങ്ങിയ വിഷയങ്ങൾ.
● കാർഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ് അനുവദിക്കണമെന്ന് ആവശ്യം.
● 'വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കുക'.
മലപ്പുറം: (KVARTHA) മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പി വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള നയങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട നിർദേശങ്ങൾ നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിഎംകെയുടെ പ്രധാന നയങ്ങളിൽ ജാതി സെൻസസ്, പ്രവാസികൾക്ക് വോടവകാശം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കൽ, വിദ്യാഭ്യാസ വായ്പ ബാധ്യതകൾ എഴുതിത്തള്ളൽ തുടങ്ങിയവയും ഉൾപ്പെടുന്നു. തിരിച്ചെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ ആരംഭിക്കുക, വിദ്യാഭ്യാസം സൗജന്യമാക്കുക, വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുക, റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളും നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തുക, വന്യമൃഗ ആക്രമണത്തിന്റെ നഷ്ടപരിഹാരം വർധിപ്പിക്കുക, സഹകരണ സംഘങ്ങളിൽ പാർടി നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ശ്രദ്ധേയമാണ്.
ശബരിമലയുടെയും വഖഫ് ബോർഡിന്റെയും ഭരണം അതാത് മതവിശ്വാസികൾ അല്ലാത്തവർ നിയന്ത്രിക്കുന്നതിൽ മാറ്റം വരുത്തണമെന്ന ആവശ്യവും നയ പ്രഖ്യാപനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
#DemocraticMovement #KeralaPolitics #PVAnwar #CasteCensus #VotingRights #Agriculture