Organization | ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള: മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ പുതിയ സംഘടന പ്രഖ്യാപിച്ച് പി വി അൻവർ


● തൃശൂർ പൂരം കലക്കൽ വിഷയത്തിൽ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
● രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ഉറപ്പാക്കുക ലക്ഷ്യം.
● അന്‍വറിനെ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് ആനയിച്ചത്.
മലപ്പുറം: (KVARTHA) മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പി വി അൻവർ എംഎൽഎ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പുതിയ സാമൂഹ്യ സംഘടന പ്രഖ്യാപിച്ചു. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാട്ടിയത്.
പ്രസംഗത്തിൽ അൻവർ സർകാരിനെതിരെ വിവിധ വിഷയങ്ങളിൽ വിമർശനം ഉന്നയിച്ചു. തൃശൂർ പൂരം കലക്കിച്ച് ബിജെപിക്ക് ലോകസഭാ സീറ്റ് നേടിക്കൊടുക്കാൻ ഗൂഢാലോചന നടന്നുവെന്നും അൻവർ ആരോപിച്ചു. ഈ വിഷയങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ മടിച്ചുനിൽക്കുന്നതായി അദ്ദേഹം ആരോപിച്ചു.
പരാതി അന്വേഷിച്ച് 30 ദിവസത്തിനുള്ളില്‍ റിപോർട് നല്‍കും അതിനു ശേഷം നടപടി എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇപ്പോൾ 32 ദിവസമായി. പൂരം കലക്കലില്‍ എ ഡി ജി പി അജിത് കുമാറിന് വീഴ്ച സംഭവിച്ചു എന്നു റിപോർട് വന്നു. ആ നിമിഷം സസ്‍പെൻഡ് ചെയ്തു മാറ്റി നിര്‍ത്തണമായിരുന്നു. എ ഡി ജി പി സ്വത്തുവാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. കള്ളപ്പണ ഇടപാട് വ്യക്തമാക്കി. ഈ രണ്ടു കാര്യങ്ങള്‍ മാത്രം മതി എ ഡി ജി പിയെ സ്‌പോടിൽ മാറ്റാനെന്നും അൻവർ കൂട്ടിച്ചേർത്തു.
സര്‍കാര്‍ മുഴുവന്‍ ജനങ്ങളുടേതുമാണ്. സര്‍കാരിന്റെ മോശപ്പെട്ട കാര്യങ്ങള്‍ എനിക്കു വിളിച്ചു പറയേണ്ടിവന്നു. ഭരണഘടന എംഎല്‍എമാര്‍ക്കു നല്‍കിയ ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിച്ചത്. സര്‍കാറിന് മുന്നില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ ഇപ്പോഴും ചോദ്യ ചിഹ്നമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്. സി പി എം മുന്‍ ലോകല്‍ സെക്രടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ കെ സുകുവാണ് യോഗത്തില്‍ അധ്യക്ഷന്‍.
#Pvanwar #DemocraticMovement #KeralaPolitics #SocialJustice #PoliticalReform #PublicMeeting