Leadership | ജനാധിപത്യമൂല്യങ്ങൾ ജീവശ്വാസമാക്കിയ പ്രധാനമന്ത്രി; മാധ്യമങ്ങളെ ഭയക്കാതിരുന്ന മൻമോഹൻ
● പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളി ലാണ് അദ്ദേഹം പങ്കെടുത്തത്.
● കോൺഗ്രസിൻ്റെ ഏറ്റവും ഒടുവിലത്തെ പ്രധാനമന്ത്രിയായി മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ ജനാധിപത്യത്തിൻ്റെ സുതാര്യതയും അവകാശങ്ങളുമാണ് നഷ്ടമായത്.
നവോദിത്ത് ബാബു
(KVARTHA) അധികാരത്തിൻ്റെ ഇരുമ്പുമറയും ധാർഷ്ട്യവും ഒരിക്കലും ജനാധിപത്യ അവകാശങ്ങൾക്കു മേൽ കടന്നുകയറരുതെന്ന് വിശ്വസിച്ചിരുന്ന കോൺഗ്രസുകാരനായ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻസിങ്. മാധ്യമങ്ങളിൽ ജനാധിപത്യത്തിൻ്റെ നാലാം തൂണാണെന്ന് അദ്ദേഹം വിശ്വസിച്ചു. വിദേശ യാത്രകളിൽ രാജ്യത്തെ പ്രധാന മാധ്യമ പ്രതിനിധികളെയും കൂടെ കൂട്ടുകയെന്ന ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അദാനിയെ യോ അംബാനിയെയോ അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്നില്ല.
ഈ കാര്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശൈലിയാണ് മൻമോഹൻ സിങ്ങും സ്വീകരിച്ചത്. ആവശ്യഘട്ടങ്ങളിൽ പ്രതികരിക്കാത്ത
മൗനി ബാബ യെന്ന് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാധ്യമങ്ങളും നിരന്തരം കളിയാക്കിയ വര്‍ഷങ്ങളില്‍ ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് മാത്രമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി. ഇന്ന് അദ്ദേഹം ലോകത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ദയയോടെയല്ല, തികഞ്ഞ അഭിമാനത്തോടെ ചെറുതല്ലാത്ത നഷ്ടബോധത്തോടെയാണ് ഇന്ത്യൻ സമൂഹം ഡോ.മന്‍മോഹന്‍ സിങിനെ ഓര്‍മിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് മുന്നിലാകട്ടെ, പാര്‍ലമെന്റിനുള്ളിലാകട്ടെ, രാജ്യാന്തരവേദികളിലാകട്ടെ, ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളി ലാണ് അദ്ദേഹം പങ്കെടുത്തത്. അതില്‍ 72 എണ്ണം വിദേശസന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു.
ഈ വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയുണ്ടായിരുന്നില്ലെന്നും ഡൽഹിയിലെപല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇന്ന് ഓര്‍ത്തെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നത് കേട്ടുകേള്‍വി പോലുമില്ലാതായ 2014 മുതലുള്ള കാലഘട്ടങ്ങളില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി തിരിച്ചുവന്നിരുന്നെങ്കിലെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചവരേറെയാണ്.
മറുചോദ്യങ്ങള്‍ ഉയരില്ലെന്ന് ഉറപ്പുള്ള മഹാസമ്മേളനങ്ങളിലോ, നേരത്തെ തയ്യാറാക്കിയ കുറ്റമറ്റ വീഡിയോ മെസേജുകളോ മാത്രമായി സംസാരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമര്‍ശനത്തിനായി ഉപയോഗിച്ചതും മന്‍മോഹന്‍ സിംഗിന്റെ വാര്‍ത്താസമ്മേളനങ്ങളുടെ കണക്കുകളായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്‍മോഹന്‍ സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമപ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താസമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു അന്ന് അതിനെ വിലയിരുത്തിയിരുന്നതെങ്കില്‍, പിന്നീടുള്ള വര്‍ഷങ്ങളിലാണ് അത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനമായിരുന്നു എന്ന നിരാശ നിറഞ്ഞ തിരിച്ചറിവ് മാധ്യമലോകത്തിനും ജനങ്ങള്‍ക്കുമുണ്ടായത്.
കോൺഗ്രസിൻ്റെ ഏറ്റവും ഒടുവിലത്തെ പ്രധാനമന്ത്രിയായി മൻമോഹൻ സിങ് പടിയിറങ്ങുമ്പോൾ ജനാധിപത്യത്തിൻ്റെ സുതാര്യതയും അവകാശങ്ങളുമാണ് നഷ്ടമായത്. താൻ കരുത്തനാണെന്ന് തെളിയിക്കാൻ സാത്വികനും മിതഭാഷിയുമായ മൻമോഹൻ സിങ്ങിനെയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തെ പാടിപുകഴ്ത്തിയവരും എതിർ സ്ഥാനത്ത് നിർത്തിയത്. എന്നാൽ നോട്ടു നിരോധനക്കാലത്ത് നരേന്ദ്ര മോദി ആന്തരികമായി ദുർബലനാണെന്ന് തെളിയിക്കപ്പെട്ടു.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഗിമ്മിക്കുകൾ കളിച്ചും വേഷം കെട്ടിയും അതിൽ നിന്ന് തലയൂരാനാണ് നരേന്ദ്ര മോദി ചെയ്തു വന്നിരുന്നത്. കോൺഗ്രസിനെയും മൻമോഹൻ സിങ്ങിനെയും കുറ്റപ്പെടുത്തി സ്വയം ന്യായികരിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് പലപ്പോഴും മൻമോഹൻ സിങ്ങിനെ പാർലമെൻ്റിൽ ഇകഴ്ത്തി സംസാരിച്ചിരുന്നത്. മഴയിലും കുളിമുറിയിൽ കോട്ടിട്ട് കുളിക്കുന്നയാളെന്നായിരുന്നു മൻ മോഹനെ മോദി ഒരിക്കൽ കളിയാക്കിയത്.
സ്വന്തമായി ഒന്നും കൈയ്യിലില്ലാത്ത ഒരു പ്രചാരകൻ്റെ തനി സ്വരൂപമാണ് അന്നത്തെ അവഹേളനത്തിലൂടെ പുറത്ത് വന്നത്. എന്നാൽ ഏതു പ്രകോപനത്തിലും തൻ്റെ ആഭിജാത്യമായ പ്രതികരണം മൗനത്തിൽ ഒതുക്കുകയായിരുന്നു മൻമോഹൻ. അതു തന്നെയാണ് അദ്ദേഹത്തിൻ്റെ മഹത്വവും.
#ManmohanSingh #Democracy #Leadership #PressFreedom #IndiaPolitics #Congress