Criticism | സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം അറബിക്കടലില്‍; പകരം റാഗിംഗ്, മര്‍ദനം, വ്യാജസര്‍ട്ടിഫിക്കറ്റ്? എസ്എഫ്ഐക്ക് സിപിഎം മൂക്കുകയറിടുന്നില്ലെന്ന് വിമർശനം 

 
demands cpm to control sfi in kerala campuses
demands cpm to control sfi in kerala campuses


എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠന ശേഷം ഡിവൈഎഫ്‌ഐയിലേക്ക് ചേക്കേറുന്നില്ല എന്നതും ശ്രദ്ധേയമാണ്

ദക്ഷാ മനു

(KVARTHA) സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതാണ് എസ്എഫ്‌ഐ മുദ്രാവാക്യം, പക്ഷെ അതൊട്ടും പുലര്‍ത്താത്ത സംഘടനായി മാറിയിരിക്കുന്നു എന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ശക്തമാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്, വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പരീക്ഷയെഴുതാതെ വിജയിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കുക, ക്രൂരമായ റാഗിംഗ്, അധ്യാപകരെ ആക്രമിക്കുക എന്നിവ ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നാണ് ആരോപണം. ഇവര്‍ക്ക് മൂക്കുകയറിടാന്‍ സിപിഎമ്മിന് കഴിയാത്തത് നേതൃത്വത്തിന്റെ വലിയ പരാജയമാണ്. 

സിപിഎം നേതാക്കളുടെ ഗുണ്ടാ-ക്രിമിനല്‍ ബന്ധങ്ങളും മറ്റ് കേസുകളും കുട്ടിസഖാക്കന്‍മാരും മാതൃകയാക്കുന്നു എന്നാണ് ചില ദോഷൈകദൃക്കുകള്‍ പറയുന്നത്. ഏറ്റവും അവസാനം കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണ്. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ക്യാമ്പസുകളില്‍ പ്രവര്‍ത്താക്കാന്‍ എസ്.എഫ്.ഐ അനുവദിക്കാറില്ലെന്ന ആരോപണം കുറേക്കാലമായി ശക്തമാണ്. 

demands cpm to control sfi in kerala campuses

തനി കാടത്തമാണ് പലിടത്തും കാട്ടുന്നതെന്ന് പരാതിയുണ്ട്. സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചുവെന്നാണ് ആരോപണം. പൊലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കയ്യേറ്റം ചെയ്തത് എന്നത് അങ്ങേയറ്റം ലജ്ജാകരമായ കാര്യമാണ്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സിപിഎം നിര്‍ദ്ദേശമില്ലാതെ പൊലീസ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കില്ലെന്നും വിമർശനമുണ്ട്.

ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അദ്ദേഹത്തിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണം. സിപിഎം സര്‍ക്കാരുള്ളപ്പോള്‍ നീതി ഉറപ്പായും ലഭിക്കും. അതിന് പകരം അദ്ദേഹത്തെ കയ്യേറ്റം ചെയ്തത് സാക്ഷരകേരളത്തിന് നാണക്കേടാണ്. 

പാലക്കാട് വിക്ടോറിയ കോളജ് അധ്യാപികയ്ക്ക് റീത്ത് വച്ചവരാണ് എസ്.എഫ്.ഐക്കാര്‍. എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കാഞ്ഞ മറ്റൊരു സര്‍ക്കാര്‍ കോളജ് അധ്യാപകന്‍ വിരമിക്കും മുമ്പ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കോടതി ഇടപെട്ട് അതെല്ലാം റദ്ദാക്കുകയായിരുന്നു. അധ്യാപക സംഘടനകളിലെ വൃത്തികെട്ട രാഷ്ട്രീയവും എസ്എഫ്‌ഐക്ക് വളമാകുന്നുണ്ടെന്ന് പല വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കാരും പ്രതികളാണ് എന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. കേസില്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരെ സിദ്ധാര്‍ത്ഥിന്റെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

കായംകുളം എംഎസ്എം കോളജില്‍ നിന്ന് ഡിഗ്രി ജയിക്കാതെ പിജിക്ക് ചേര്‍ന്ന എസ്എഫ്‌ഐ നേതാവിന് എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയെന്നും ആരോപണമുണ്ട്. ഗസ്റ്റ് അധ്യാപക നിയമനത്തിന്  വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്‌ഐ മുന്‍ നേതാവ് കെ ദിവ്യയെയും സംരക്ഷിച്ചുവെന്നും വിവാദം ഉയർന്നിരുന്നു. രണ്ട് കേസുകളുടെയും നിലവിലെ സ്ഥിതിയെന്താണെന്ന് ഏവര്‍ക്കും അറിയാം. 

ക്വട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും കാണുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അത് ശരിയായ നിരീക്ഷണമാണ്. മേല്‍തട്ടിലുള്ള നേതാക്കള്‍ മാതൃകയായില്ലെങ്കില്‍ താഴെയുള്ളവരെ നിയന്ത്രിക്കാനാകില്ല. ആ സ്ഥിതിയാണ് സിപിഎമ്മിലും അവരുടെ മറ്റ് സംഘടനകളിലും ഉള്ളത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളേജിലും ഹോസ്റ്റലുകളില്‍ എസ്എഫ്‌ഐക്ക് ഇടിമുറികളുണ്ടെന്ന് പൂര്‍വവിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഇടിമുറിയില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കും. എത്രയോ രാത്രികളില്‍ ആളുകളുടെ കരച്ചിലും അലറലുകളും കേട്ട് നിസഹായരായി കഴിഞ്ഞിട്ടുണ്ടെന്ന് മലയാള സിനിമയിലെ ഒരു സംവിധായകന്‍ അടുത്തിടെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

കാസര്‍കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ സിപിഎമ്മുകാരാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പുറത്തുനിന്നുള്ളവരാണ് അതിക്രമം കാട്ടുന്നത്. ഇവരെല്ലാം പൂര്‍വവിദ്യാര്‍ത്ഥികളാണ്. തൊട്ടപ്പന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പൂര്‍വവിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അനധികൃതമായി താമസിച്ച് നടത്തിയ അക്രമങ്ങള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

എകെജിസിടിഎ, എകെപിസിടിഎ എന്നീ അധ്യാപക സംഘടനകളും എസ്എഫ്‌ഐക്ക് വളംവെച്ചു കൊടുക്കുന്നുണ്ടെന്ന് യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. ഇവര്‍ എസ്എഫ്‌ഐക്കാരെ ഉപയോഗിച്ച് യുഡിഎഫ് അധ്യാപകരെ ആക്രമിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. പരീക്ഷകളില്‍ എസ്.എഫ്‌ഐക്കാരെ സഹായിക്കുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണെന്നും യുഡിഎഫ് സംഘടനകള്‍ ആരോപിക്കുന്നു. 

എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠന ശേഷം ഡിവൈഎഫ്‌ഐയിലേക്ക് ചേക്കേറുന്നില്ല എന്നതും ശ്രദ്ധേയമാണ്. പലരും കോളേജില്‍ ഷോ കാണിക്കാനാണ് എസ്എഫ്‌ഐക്കൊപ്പം നില്‍ക്കുന്നതെന്നും ഇവര്‍ക്കൊക്കെ മറ്റ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടെങ്കിലും പേടിച്ചും കാര്യസാധ്യത്തിനും സംഘടനയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും പല അധ്യാപകരും പറയുന്നു. സിപിഎമ്മിലെന്ന പോലെ എസ്എഫ്‌ഐയിലും ശക്തമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. അല്ലെങ്കില്‍ അവിടേക്ക് വര്‍ഗീയ ശക്തികള്‍ കടന്ന് കൂടും. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia