History | ഡൽഹിയിൽ 1952ന് ശേഷം 1993 വരെ 4 പതിറ്റാണ്ടിലേറെ തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു; കാരണമറിയാം 

 
Delhi Legislative Assembly building in Delhi, India
Delhi Legislative Assembly building in Delhi, India

Photo Credit: Facebook/ TripsCart Holidays

● 1956-ൽ ഡൽഹി കേന്ദ്രഭരണ പ്രദേശമായി.
● 1966-ൽ ഡൽഹി അഡ്മിനിസ്ട്രേഷൻ ആക്ട് നിലവിൽ വന്നു.
● 1992-ൽ ഡൽഹിക്ക് സ്വന്തമായി നിയമസഭയും മുഖ്യമന്ത്രിയും ഉണ്ടായി.
● 1993-ൽ മദൻലാൽ ഖുരാന ഡൽഹിയിലെ ആദ്യ മുഖ്യമന്ത്രിയായി.
● 1998-ൽ സുഷമ സ്വരാജ് ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി

സോണി കല്ലറയ്ക്കൽ 

(KVARTHA) ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പും അതിൻ്റെ ഫലവുമൊക്കെ ദിവസങ്ങളായി രാജ്യമെങ്ങും ചർച്ചയായിരിക്കുകയാണല്ലോ. അരവിന്ദ് കേജരിവാളിൻ്റെ ആം ആദ്മി പാർട്ടിയെ പിന്തള്ളി 27 വർഷങ്ങൾക്ക് ശേഷം ബി.ജെ.പി ഡൽഹി നിയമസഭാ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. വളരെക്കാലം ഡൽഹി ഭരിച്ച കോൺഗ്രസിന് കടുകുമണിക്ക് പോലും ഒരു സീറ്റ് കിട്ടിയില്ലാ എന്നതും ശ്രദ്ധിക്കപ്പെടുന്നു. ഡൽഹിയും അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പും ഇത്രയധികം ശ്രദ്ധിക്കപ്പെടാനുള്ള മറ്റൊന്നുമല്ല, ഇന്ത്യയുടെ രാജ്യതലസ്ഥാനമാണ് ഡൽഹി എന്നുള്ളതുകൊണ്ടു തന്നെ. 

അതിനാൽ ഇവിടുത്തെ ഒരോ വാർത്തകളും രാജ്യമെങ്ങും ഉറ്റുനോക്കുകയും ചെയ്യുന്നു. ഡൽഹിയിൽ 1952-ല്‍ നടന്ന തിരഞ്ഞെടുപ്പിനു ശേഷം പിന്നീട് 1993-ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.  നാല് പതിറ്റാണ്ടിലേറെ കാലം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഇല്ലാതിരുന്നു എന്നതാണ് സത്യം. അതിനെക്കുറിച്ചും അതിൻ്റെ രാഷ്ട്രിയ വശങ്ങളെക്കുറിച്ചുമാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം ഡല്‍ഹിയെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനാലാണ് നാല് പതിറ്റാണ്ടിലേറെ കാലം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഇല്ലാതിരുന്നത്. 

അന്ന് നിയമസഭ പിരിച്ചുവിട്ടശേഷം പിന്നീട് 1993 വരെ രാഷ്ട്ര പതിഭരണമായിരുന്നു ഡല്‍ഹിയില്‍. ഇംപീരിയല്‍ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരായ ചീഫ് കമ്മീഷണര്‍മാര്‍ക്കായിരുന്നു ആദ്യകാലത്ത് ഡല്‍ഹിയുടെ ഭരണച്ചുമതല. പിന്നീട് 1966ല്‍ ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ ആക്റ്റ് നിലവില്‍ വന്നതോടെ ഡല്‍ഹി മെട്രോ പൊളിറ്റന്‍ കൗണ്‍സില്‍ രൂപവത്കരിക്കപ്പെടുകയും ഭരണാധികാരി ലെഫ്റ്റനന്റ് ഗവര്‍ണറാകുകയും ചെയ്തു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം 1992ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ നടത്തിയ 69-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഡല്‍ഹിക്ക് സ്വന്തമായി നിയമസഭയും, മുഖ്യമന്ത്രിയും ഉണ്ടാകുന്നത്. 

പ്രത്യേക പദവിയുള്ള കേന്ദ്രഭരണപ്രദേശമായതിനാല്‍ ഒരേസമയം മുഖ്യമന്ത്രിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുമാണ് രാജ്യതലസ്ഥാനത്തിന്റെ ഭരണനിര്‍വ്വഹണ ചുമതല. പ്രത്യേക പദവി ലഭിച്ചശേഷം 1993-ലാണ് ആദ്യമായി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി. നേതാവായിരുന്ന മദന്‍ലാല്‍ ഖുരാന സ്വതന്ത്ര ഇന്ത്യയില്‍ ഡല്‍ഹിയുടെ മൂന്നാം മുഖ്യമന്ത്രിയായി 1993 ഡിസംബര്‍ രണ്ടിന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷവും 86 ദിവസവും മാത്രമേ അദ്ദേഹത്തിന് ഡല്‍ഹി മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞുള്ളൂ. ജെയിന്‍ ഹവാല കേസില്‍ ഖുരാനയുടെ പേര് വന്നതോടെ 1996 ഫെബ്രുവരി 26-ന് അദ്ദേഹം രാജിവെച്ചു.

മന്ത്രിസഭയില്‍ അംഗമായിരുന്ന സാഹിബ് സിങ് വര്‍മ്മയാണ് ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായത്. ഖുരാനയുടെ രാജിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത സാഹിബ് സിങ്ങിന് രണ്ട് വര്‍ഷവും 228 ദിവസവുമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. കാലാവധി പൂര്‍ത്തിയാകാന്‍ 52 ദിവസം ബാക്കിനില്‍ക്കെ  സാഹിബ് സിങ് രാജിവെച്ചു. തുടര്‍ന്നാണ് ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി, അന്ന് എം.എല്‍.എ. അല്ലാതിരുന്ന സുഷമ സ്വരാജ് എത്തുന്നത്. ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ലോക്സഭാംഗമായ സുഷമ സ്വരാജ് 1998 ഒക്ടോബര്‍ 13-ന് സത്യപ്രതിജ്ഞ ചെയ്തു. കേവലം 52 ദിവസം മാത്രമാണ് അവര്‍ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്.

നവംബര്‍ 28-ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് യുഗത്തിന്റെ പിറവിയായി അത്. ഡിസംബര്‍ മൂന്നിന് ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷീല ദീക്ഷിത് തുടര്‍ച്ചയായ 15 വര്‍ഷമാണ് രാജ്യതലസ്ഥാനത്തെ നയിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വനിത മുഖ്യമന്ത്രി കൂടിയാണ് ഷീല ദീക്ഷിത്. ഷീല ദീക്ഷിതിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതിയത് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംകൊണ്ട ആം ആദ്മി പാര്‍ട്ടിയുമാണ്. എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെ 49 ദിവസത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 

തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഒരുവര്‍ഷ ത്തോളമാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നീണ്ടത്. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ രാജ്യ തലസ്ഥാനം വീണ്ടും പോളിങ് ബൂത്തിലെത്തി. വന്‍ഭൂരിപക്ഷത്തോടെ കെജ്രിവാള്‍ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി. 2020-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തി. ഇതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഡൽഹിയുടെ രാഷ്ട്രീയ ചരിത്രം. 

ഇതിനിടയ്ക്കാണ് ആം ആദ്മി എന്ന പാർട്ടി രൂപം കൊള്ളുന്നതും 10 വർഷക്കാലം അവർ അപ്പോഴത്തെ അവിടുത്തെ മേജർ പാർട്ടികളായ കോൺഗ്രസിനെയും ബിജെപി യെയും പിന്തള്ളി ഡൽഹി ഭരിക്കുന്നതും. ഡൽഹിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതും ഏറ്റവും അധികം ചർച്ചയാക്കപ്പെട്ടതും ഈ ഭരണത്തിൻ കാലയളവിലാണ്. ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആം ആദ്മി പാർട്ടി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമോ. അതോ രാഷ്ട്രിയ ചരിത്രത്തിൽ നിന്ന് തീർത്തും മാറ്റപ്പെടുമോ. ഇതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

Delhi did not have elections for more than 4 decades between 1952 and 1993. This was due to the 1956 State Reorganization Act, which made Delhi a Union Territory. It was only in 1993 that Delhi had its next legislative assembly election.

#DelhiElections #DelhiHistory #IndianPolitics #AAP #BJP #Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia