Allegation | എല്‍ഡിഎഫിലും സിപിഎമ്മിലും ഭിന്നത രൂക്ഷം; പൊലീസിലെ 'ആര്‍എസ്എസ് ഗ്യാംഗിനെ' നിയന്ത്രിക്കാത്തതെന്ത്?
● സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ഇതിന് തെളിവാണ്.
● പൊലീസ് ഉദ്യോഗസ്ഥർ ആർഎസ്എസ് ബന്ധം ഉപയോഗിച്ച് അന്വേഷണം വ്യതിചലിപ്പിക്കുന്നു എന്ന ആരോപണം ഗുരുതരമാണ്.
● സ്പീക്കറും മന്ത്രിമാരും പോലും ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് എടുക്കുന്നത്.
ആദിത്യൻ ആറന്മുള
(KVARTHA) പൊലീസില്‍ ആര്‍എസ്എസ് ഗ്യാംഗ് ഉണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് സിപിഐ ദേശീയ നേതാവ് ആനിരാജയാണ്. അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതിനെ തള്ളിക്കളഞ്ഞു. ദേശീയ നേതാവ് പറയുന്നതൊന്നും വിശ്വസിക്കാനൊക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. വനിതാ അക്രമ കേസുകളില്‍ പൊലീസ് നടപടി അലങ്കോലപ്പെടുന്നതിനെ തുടര്‍ന്നാണ് ആനിരാജ മൂന്ന് കൊല്ലം മുമ്പ് ഇക്കാര്യം പറഞ്ഞത്. അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത് മുന്‍ ഡിവൈഎസ്പി രാജേഷ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ വിരമിച്ച ശേഷം സജീവ ബിജെപി പ്രവര്‍ത്തകനാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബൂത്ത് ഏജന്റായി ജോലി ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പിവി അന്‍വര്‍ പറത്തുവിട്ടു. ഇക്കാര്യങ്ങള്‍ എഡിജിപി എംആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയെ അറിയിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും അന്‍വര്‍ വെളിപ്പെടുത്തി.
ഐ.ബി ബിനു, കാരായി രാജന്‍ തുടങ്ങിയ സിപിഎം നേതാക്കളുടെ ഫോണ്‍ കോളുകള്‍ അന്വേഷണ സംഘമായിരുന്ന ഡിവൈഎസ്പി രാജേഷ് പരിശോധിച്ചു. എന്നാല്‍ പ്രതികളും ആര്‍എസ്എസുകാരുമായ ശബരി നായര്‍ അടക്കമുള്ളവരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചില്ല. ഇത്രയും ഗുരുതരമായ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥനെ എന്തിന് സംരക്ഷിച്ചു, ആര്‍ക്ക് വേണ്ടി. ഇക്കാര്യങ്ങള്‍ പി ശശിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറും വ്യക്തമാക്കേണ്ടതാണ്.
കോടതിയില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പൊലീസിന് തിരികെ നല്‍കിയ തെളിവുകള്‍ ഡിവൈഎസ്പി രാജേഷ് നശിപ്പിച്ചു കളഞ്ഞെന്നും പിവി അന്‍വര്‍ പറയുന്നു. ഇതിനെതിരെ നടപടി എടുക്കണമെന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും നിര്‍ദ്ദേശം നല്‍കേണ്ട പൊളിറ്റിക്കല്‍ സെക്രട്ടറി എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയെ പോലും കാര്യങ്ങള്‍ അറിയിക്കുന്നില്ലേ? ഇത് വളരെ ഗുരുതരമായ ആരോപണമാണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒഴിഞ്ഞുമാറാനൊക്കില്ല. ആഭ്യന്തരവകുപ്പില്‍ ശുദ്ധികലശം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
സസ്‌പെന്‍ഷനിലായ എസ്പി സുജിത് ദാസ് അടക്കമുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ആരോപണമുണ്ട്. അവരെയൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല. ആര്‍എസ്എസ് ബന്ധം സംസ്ഥാനത്തെ ഒരു പൊലീസുകാരനും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉയരുന്ന പ്രതികരണം. കാരണം ഇതൊരു മതേതര സംസ്ഥാനമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും അഭിപ്രായഭിന്നത ശക്തമാണ്. എഡിജിപി ആര്‍എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞതിനെതിരെ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ഗാന്ധി വധത്തെ തുടര്‍ന്ന് പട്ടേല്‍ നിരോധിച്ച സംഘടനയാണെന്നാണ് മന്ത്രി ഓര്‍മിപ്പിച്ചത്.
സ്പീക്കറിന്റെ നിലപാടിനെ ഡെപ്യൂട്ടി സ്പീക്കറും തള്ളി. എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഷംസീറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. അതായത് പാര്‍ട്ടിയെയും മുന്നണിയെയും തകര്‍ക്കാര്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളുടെ തോളില്‍ കയ്യിട്ട് ഉദ്യോഗസ്ഥര്‍ നടക്കുന്നത് ശരിയല്ലെന്ന് പറയാന്‍ സ്പീക്കറിന് പോലും കഴിയുന്നില്ലെന്നാണ് വിമർശനം. മുഖ്യമന്ത്രി ഇതേക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇവരൊക്കെ എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ വ്യഗ്രതകാട്ടുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും മനസിലാകുന്നില്ല.
പച്ചവെളിച്ചം എന്ന പേരില്‍ പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഗ്രൂപ്പുണ്ടായിരുന്നുവെന്നും പരാതിയുണ്ട്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു ഇവരുടെ പ്രധാന ജോലി. അങ്ങനെ ഏതാനും പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ചിലര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നിട്ടും ആര്‍എസ്എസ് ബന്ധമുള്ളവര്‍ക്ക് കുട ചൂടി കൊടുക്കുന്നത് എന്തിനാണ്, എന്നതാണ് പ്രധാന ചോദ്യം. പൊലീസിലുള്ള ആര്‍ക്കൊക്കെ ആര്‍എസ്എസ് ബന്ധമുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗത്തിനറിയാം. അവരെയൊക്കെ നിരീക്ഷണത്തില്‍ വയ്ക്കാനുള്ള സംവിധാനം സര്‍ക്കാരിനുണ്ട്. അത്തരത്തിലുള്ള ഉദ്യോഗസ്ഥരെ പ്രധാന കേസുകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയെങ്കിലും ചെയ്യണ്ടേ.
അത് ചെയ്യാതിരുന്നത് കൊണ്ടാണ് സിപിഎമ്മുകാരെ പോലും സന്ദീപ് ആനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുള്ളത് കൊണ്ടാണ് ആശ്രമം കത്തിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് കണ്ടെത്തിയത്. പക്ഷെ, അത് കിട്ടിയിട്ടും നടപടിയെടുക്കാതിരുന്നത് പി ശശിയും എഡിജിപിയുമാണ് എന്നാണ് പിവി അന്‍വര്‍ ആരോപിക്കുന്നത്. അത് ശരിയാണോ എന്ന് അന്വേഷിച്ച് തീരുമാനം എടുക്കേണ്ടത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദിത്തമാണ്. അത് എത്രയും വേഗം നിറവേറ്റണമെന്നാണ് സിപിഐയുടെയും ആവശ്യം. അതുകൊണ്ട് ഇക്കാര്യം അധികം നീട്ടിക്കൊണ്ട് പോകാതിരിക്കുന്നതാണ് സര്‍ക്കാരിനും സിപിഎമ്മിനും നല്ലത്.
#KeralaPolitics #RSS #LDF #CPI #PinarayiVijayan #Police #Corruption #Investigation