Suresh Gopi | പ്രിയ സുരേഷ് ഗോപി, മുസ്ലിംകളെയും മറക്കരുത്, ഒരു അലൂമിനിയത്തിൻ്റെ തവിയെങ്കിലും കൊടുക്കാമായിരുന്നു!


സോണി കല്ലറയ്ക്കൽ
(KVARTHA) ഒരാൾ ഇറ്റലിയിൽ മാർപ്പാപ്പയെ കെട്ടിപ്പിടിക്കാൻ ഓടി നടക്കുന്നു, ഇവിടെ ഒരാൾ സ്വർണകിരീടം കൊന്ത എന്നിവയും ആയി ഓടുന്നു. ഈ നാടകം എല്ലാം ആ സമുദായത്തിന്റെ 10 വോട്ടിനു വേണ്ടി, അല്ലാതെ മറ്റെന്തു വിശ്വാസമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുയരുന്ന വിമർശനം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിലെത്തി ഫ്രാൻസിസ് മാർപ്പാപ്പയെ കണ്ടത്. ഇപ്പോൾ സ്വർണക്കൊന്തയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാവിൻ്റെ പള്ളിയിൽ എത്തിയിരിക്കുന്നു. സ്വർണ്ണക്കൊന്തയ്ക്ക് സാധാരണ കൊന്തയെക്കാൾ ശക്തിയുണ്ടോ? കർത്താവ് കാലിത്തൊഴുത്തിൽ വെറും തച്ചൻ്റെ മകനായി ആണ് ജനിച്ചത്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള ക്രൈസ്തവർ കാലിത്തൊഴുത്തിനെ നമിക്കുന്നവരും ആണ്.
ദൈവപുത്രൻ മണിമാളികയിൽ അല്ല ജനിച്ചത്. സാധാരണക്കാരിൽ ഏറ്റവും എളിയവനായി നടന്നു. അങ്ങനെയൊരാളെ പിന്തുടരുന്ന ക്രൈസ്തവ സമൂഹത്തിന് എങ്ങനെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വർണ്ണക്കൊന്ത സ്വീകാര്യമാകുമെന്ന് വൈദീകർ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. ഭക്തി പ്രതിമയോടോ മാതാവിനോടോ? ക്രൈസ്തവ വിശ്വാസത്തിന് ഇത് നിരക്കുന്നതാണോ എന്ന് ക്രിസ്ത്യാനികൾ ചിന്തിക്കണം. ദുരാചാരങ്ങളും കാപട്യങ്ങളും ക്രിസ്ത്യാനികൾ പ്രചരിപ്പിക്കണോ. ഇപ്പോൾ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലെത്തി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചത് ആണ് ചർച്ചയായിരിക്കുന്നത്.
മാതാവിന് പൂമാലയും സമര്‍പ്പിച്ച സുരേഷ് ഗോപി നന്ദിയാല്‍ പാടുന്നു ദൈവമേ എന്ന പാട്ട് പാടി കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിര്‍വഹണത്തിന്‍റെ മുദ്രകള്‍ മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപി കുടുംബസമേതം പള്ളിയിലെത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. എന്നാൽ സ്വര്‍ണ കിരീടത്തിന്‍റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയര്‍ന്നതോടെ ഇത് വിവാദമായിരുന്നു.
ഇപ്പോൾ സ്വർണക്കൊന്ത ലൂർദ് മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച നടപടിയും വലിയ ചർച്ചയായിരിക്കുകയാണ്. തൃശൂരിൽ മാത്രമാണോ ലൂർദ് മാതാവും പള്ളിയും എന്ന് ചോദിക്കുന്നവരാണ് ഏറെ. തൃശൂർ ഉള്ള പള്ളിയിൽ മാത്രം ഇങ്ങനെ സമർപ്പണം നടത്തുമ്പോൾ, അത് തൃശ്ശൂർക്കാരെ 'സോപ്പിടൽ' മാത്രമായി വ്യാഖ്യാനിക്കും. കാരണം, ലൂർദ് മാതാവിന്റെ പള്ളികൾ പലയിടത്തും ഉണ്ട്. അതുകൊണ്ടു ലൂർദ് മാതാവിനോടുള്ള ഭക്തിയെന്നതിനേക്കാളേറെ, 'തൃശ്ശൂർക്കാരോടുള്ള ഭക്തിയായി മാറരുത്' എന്ന മുന്നറിയിപ്പാണ് ജനം ഇപ്പോൾ സുരേഷ് ഗോപിയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
'സ്വർണക്കൊന്ത കൊടുക്കുന്നത് നല്ലത്, വടക്കേ ഇന്ത്യയിലുള്ള പ്രത്യേകിച്ച് മധ്യപ്രദേശ്, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും തച്ചുതകർത്ത സുരേഷ് ഗോപിയുടെ പാർട്ടി ഇവിടെ മാതാവിനു സ്വർണക്കൊന്ത ഇടുന്നുവെന്നാണ് പ്രതിപക്ഷ വിമർശനം. ഇതിൽ ഗോപി സാറിൻ്റെ അഭിപ്രായം ഇതുവരെ കണ്ടില്ലല്ലോ. 'ഈ കാര്യത്തിലെങ്കിലും ബി.ജെ.പിയെയും ആർ.എസ്.എസ് പരിവാരങ്ങളെയും ഗോപിസാർ തള്ളിപ്പറയുമോ?' ഈ നാടകങ്ങൾ എല്ലാം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ ഇടയിൽ നൂഴ്ന്നു കയറി ഭിന്നത ഉണ്ടാക്കാനുമുള്ള കുടില തന്ത്രത്തിൻ്റെ ഭാഗം മാത്രമോ?
ഒരു 10 വർഷത്തിനുള്ളിൽ കേരളം ഒരു മണിപ്പൂരാക്കും, അപ്പോൾ കിടന്ന് മേങ്ങല്ലേ കുഞ്ഞാടേ എന്ന് വിലപിക്കുന്നവരും കുറവല്ല. ഇങ്ങനെ പറയുന്നവരിൽ ഭൂരിഭാഗവും ക്രൈസ്തവർ തന്നെ എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. കൊന്തയ്ക്ക് ഒരർത്ഥമേ ഉള്ളൂ. അത് സ്വർണ്ണം ആയാലും പ്ലാസ്റ്റിക് ആയാലും തടി കൊണ്ടായാലും. ഭക്തിയുടെ പേരിലാണെങ്കിൽ സാധാരണ കൊന്തമാല ധരിപ്പിച്ചാൽ മതി. ഇത് ആർഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും അഹങ്കാരമാണ്. ദൈവത്തിന് ആവശ്യം മനുഷ്യരെയാണ്. ഇനിയത് മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കാൻ കൂടുതൽ സുരക്ഷ ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.
മുൻപ് ഒരു പള്ളിയിലും സ്വർണം അലങ്കരമായിരുന്നില്ല. ഹൈന്ദവ ആചാരപ്രകാരം ക്ഷേത്രങ്ങളിൽ സ്വർണം ധാരാളമായി കാണാം. ഉദാഹരണം ഗുരുവായൂർ കൊടിമരം. ഈ കീഴ്‌വഴക്കം ക്രിസ്ത്യൻ പള്ളികളിൽ കണ്ടിട്ടില്ല. അതിനുള്ള തുടക്കമിടാൻ അനുവദിക്കരുത്. ഇനി സ്വർണ മോഷണം പള്ളികളിൽ എന്ന വാർത്ത കേൾക്കാം. അതൊക്കെയാണ് ഇവിടെ ഇനി കേൾക്കാൻ പോകുന്നത്. ജനപ്രതിനിധി എന്ന നിലയിൽ സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ചതിന് പകരം ഇതിന് സമാനമായ തുക വീടില്ലാത്തവർക്ക് വീട് വെയ്ക്കാനോ നിർധനരായ കുട്ടികളുടെ വിവാഹത്തിനോ സമ്മാനിച്ചിരുന്നെങ്കിൽ ഇതിലും എത്രയോ ഭേദമായിരുന്നു. അമ്പലം, പള്ളി, പ്രതിമ ഇതൊക്കെ ഉണ്ടാക്കുന്നതല്ല വികസന പ്രവർത്തനം എന്ന് ഇനിയെങ്കിലും സുരേഷ് ഗോപി മനസ്സിലാക്കുക.
ഒരു ക്രിസ്ത്യൻ എം.പിയും ഇതുവരെ സ്വർണമാലയോ സ്വർണക്കൊന്തയോ ആരാധനാലങ്ങൾക്ക് സമർപ്പിച്ച് കണ്ടിട്ടുണ്ടോയെന്നും സുരേഷ് ഗോപി പരിശോധിക്കേണ്ടതാണ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചതിന് നന്ദി സൂചകമായി തൃശൂർ ലൂർദ് മാതാവിൻ്റെ പള്ളിയിൽ എത്തി സ്വർണക്കൊന്ത സമർപ്പിച്ചപ്പോൾ ഒരു കാര്യം മറന്നുപോയി. സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിച്ചത് ക്രിസ്ത്യാനികൾ മാത്രമല്ലെന്ന്. എല്ലാ മതത്തിൽപ്പെട്ടവരും രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തതിൻ്റെ ഫലമാണ് യു.ഡി.എഫ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ജയിച്ചത്. നോമ്പ് കാലത്ത് മുസ്ലിം പള്ളികളിൽ കയറി കുറേ കഞ്ഞി വടിച്ച് കുടിച്ചതല്ലേ, അവർക്ക് ഒരു ചെറിയ അലുമിനിയത്തിൻ്റെ തവിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് പറയുന്നവരും ഇവിടെയുണ്ടെന്ന് ഓർക്കുക.