Factionalism | പയ്യന്നൂരിലെ പ്രാദേശിക വിഭാഗീയത പരിഹരിക്കാനായില്ല; ബ്രാഞ്ച് സമ്മേളനങ്ങൾ നടത്താനാവാത്തത് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു
● വഴിവെച്ചത് അക്രമ സംഭവങ്ങൾ.
● പാർട്ടി നേതൃത്വം ശാസന നൽകിയെങ്കിലും വിമതർ തൃപ്തിപ്പെട്ടില്ല.
● ബ്രാഞ്ച് സമ്മേളനങ്ങൾ അനിശ്ചിതത്വത്തിലായി.
● സംസ്ഥാന നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നു.
കാർത്തിക് കൃഷ്ണ
കണ്ണൂർ: (KVARTHA) പയ്യന്നൂർ സി.പി.എമ്മിലെ ബ്രാഞ്ച് തലത്തിലെ വിഭാഗീയത പരിഹരിക്കാനാവാതെ ജില്ലാ നേതൃത്വം കുഴങ്ങുന്നു. സി.പി.എം പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കാര ഭാഗത്തെ മൂന്നു ബ്രാഞ്ചുകളില്‍ ഉടലെടുത്ത പ്രശ്‌നം ശാസനയിലൂടെ പരിഹരിക്കാനുള്ള സി.പി.എം നേതൃത്വത്തിൻ്റെ ശ്രമമാണ് പരാജയപ്പെട്ടത്. സി.പി.എം പ്രവർത്തകരെ അക്രമിച്ചുവെന്ന ആരോപണവിധേയനായ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ കടുത്തനടപടി വേണ്ടെന്നും ശാസന മതിയെന്നുമാണ് കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം പ്രകാശൻ്റെ സാന്നിധ്യത്തില്‍ നടന്ന ഏരിയാകമ്മിറ്റി യോഗം തീരുമാനിച്ചത്.
എന്നാല്‍ ശാസനയില്‍ പ്രശ്‌നമൊതുക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് കാര നോര്‍ത്ത്, സൗത്ത്, വെസ്റ്റ് ബ്രാഞ്ചുകളിലെ സി.പി.എം അംഗങ്ങളും അണികളും. കഴിഞ്ഞ പുതുവല്‍സരാഘോഷവേളയില്‍ മാരകായുധങ്ങളുമായി കാരയില്‍ അക്രമം അഴിച്ചുവിട്ട ഡി.വൈ.എഫ്.ഐ മേഖലാ ജോയിൻ്റ് സെക്രട്ടറിയെ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍നിന്നു നീക്കണമെന്നാണ് വിമതരുടെ ആവശ്യം. അക്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേയും നടപടി വേണമെന്നും കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പയ്യന്നൂർ കാര നോര്‍ത്ത് ബ്രാഞ്ചില്‍ 22 പേരും സൗത്തില്‍ 14 പേരും വെസ്റ്റില്‍ 16 പേരുമാണ് പാര്‍ട്ടി അംഗങ്ങള്‍. ഇവര്‍ക്കുപുറമേ പാര്‍ട്ടി അനുഭാവികളും അന്നത്തെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാട്ടുകാരുമടക്കം അക്രമികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ്. അക്രമത്തിനു നേതൃത്വം കൊടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി അംഗമെന്ന നിലയില്‍ സി.പി.എം ശാസിച്ചിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ നേതൃത്വം ഇയാള്‍ക്കെതിരേ അച്ചടക്കനടപടിയെടുത്തില്ലെന്നും കാരയിലെ പാർട്ടി അംഗങ്ങൾ ആരോപിച്ചു. പയ്യന്നൂരിലെ സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന ഇയാള്‍ക്കെതിരേ കടുത്ത നടപടിയെടുത്താല്‍ ജോലി നഷ്ടമാകുമെന്ന കാരണത്താലാണ് നടപടി ശാസനയിലൊതുക്കിയത്.
സംസ്ഥാനത്ത് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനിക്കാന്‍ ഒൻപതു ദിവസം മാത്രം ശേഷിക്കേ കാര നോര്‍ത്ത്, സൗത്ത്, വെസ്റ്റ് ബ്രാഞ്ചുകളിലെ സമ്മേളനം അനന്തമായി നീളുകയാണ്. പലതവണ മാറ്റി വച്ചശേഷം ഈ മാസം 21, 22 തിയതികളിലേക്കാണ് ഒടുവില്‍ സമ്മേളനം നിശ്ചയിച്ചത്. പേരിന് സമ്മേളനം നടന്നാല്‍ തന്നെ വിട്ടുനില്‍ക്കുന്നവര്‍ പങ്കെടുക്കുമോയെന്ന് കാര്യം അനിശ്ചിതത്വത്തിലാണ്.
പങ്കെടുക്കുന്നവര്‍ തങ്ങളുടെ ആവശ്യം സമ്മേളനത്തിലും ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടി ഗ്രാമമായ കാരയിൽ ഏതുവിധേനെയും ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്താനായി നേതൃത്വത്തിലെ ഉന്നതരെ തന്നെ പങ്കെടുപ്പിക്കാനാണ് സി.പി.എം തീരുമാനം. എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ പല ഘട്ടങ്ങളിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചയിലും പ്രശ്നപരിഹാരത്തിന് വഴി തെളിയാത്തത് പാർട്ടി ജില്ലാ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
#CPM #Kerala #Payyannur #Factionalism #DYFI #PoliticalCrisis #India