Analysis | 37 വർഷത്തിന് ശേഷം ഹരിയാന നിയമസഭയിലേക്ക് സിപിഎം തിരിച്ചുവരുമോ? കോൺഗ്രസ് സഖ്യത്തിൽ ഭിവാനിയിൽ പ്രതീക്ഷ വാനോളം
● സ്ഥാനാർഥി ഓം പ്രകാശ് മുൻ ബാങ്ക് ജീവനക്കാരനാണ്.
● 1987-ൽ സിപിഎം ഹരിയാനയിൽ ഒരു സീറ്റ് നേടിയിരുന്നു.
● ഭിവാനി സീറ്റ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.
ചണ്ഡീഗഡ്: (KVARTHA) 37 വർഷത്തിന് ശേഷം ഹരിയാന നിയമസഭയിലേക്ക് സിപിഎം തിരിച്ചെത്തുമോ എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന്. സിപിഎമ്മിൻ്റെ ഭിവാനി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ഓം പ്രകാശ് ഭിവാനി നിയമസഭാ സീറ്റിൽ കോൺഗ്രസ് സഖ്യത്തിൽ ഇത്തവണ ജനവിധി തേടുകയാണ്.
1987ൽ തോഹാനയിൽ ഹർപാൽ സിങ്ങിലൂടെ നേടിയ വിജയം ആവർത്തിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
ജില്ലാ സെക്രട്ടറിയായ ഓംപ്രകാശിന്റെ സമരചരിത്രം വോട്ടാകുമെന്നാണ് ഇന്ത്യാ കൂട്ടായ്മയുടെ പ്രതീക്ഷ. സിപിഎം മത്സരിക്കുന്ന ഏക സീറ്റാണ് ഭിവാനി. കഴിഞ്ഞ തവണ കോൺഗ്രസിന് 10 ശതമാനം വോട്ടുപോലും ഇവിടെ കിട്ടിയിരുന്നില്ല. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്.
2014-ൽ യൂകോ ബാങ്ക് ചീഫ് മാനേജർ സ്ഥാനം വിട്ടാണ് ഓംപ്രകാശ് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. ജൻ സംഘർഷ് സമിതി എന്ന രാഷ്ട്രീയേതര സംഘടനയെ അദ്ദേഹം നയിക്കുന്നുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും, വ്യാപാരികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ ഏറ്റെടുക്കുന്നതിനും ഈ സംഘടന പ്രവർത്തിക്കുന്നു. പ്രാദേശികമായി ഈ സംഘടനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
1987-ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ദേവി ലാലിന്റെ ലോക്ദളുമായി (ബി) സഖ്യത്തിലായിരുന്നു ഇടതു പാർട്ടികൾ. ഈ സഖ്യത്തിന്റെ ഭാഗമായി തോഹാനയിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി ഹർപാൽ സിംഗ് വിജയിച്ചു. ഇത് ഹരിയാനയിൽ ഇടതുപക്ഷം നേടിയ അപൂർവ വിജയങ്ങളിലൊന്നായിരുന്നു. അന്ന് ജനപ്രീതിയുടെ കൊടുമുടിയിലായിരുന്ന ലോക്ദളുമായുള്ള സഖ്യം സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് നേടിക്കൊടുത്തു.
1991-ൽ മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ ഹരിയാന വികാസ് പാർട്ടിയുമായി (എച്ച്‌വിപി) സഖ്യമുണ്ടാക്കി നാല് നിയമസഭാ സീറ്റുകളിൽ സിപിഎം മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. പിന്നീട് പല തവണ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ചലനമുണ്ടാക്കാനായില്ല. എന്നാൽ ഇത്തവണ കോൺഗ്രസ് സഖ്യത്തിൽ വലിയ പ്രതീക്ഷയിലാണ് സിപിഎം.
#HaryanaElections, #CPM, #LeftPolitics, #IndiaVotes, #Bhiwani